തിരുവനന്തപുരം: എം.എം മണിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ആനി രാജ രംഗത്ത്. ഇടത് സ്ത്രീപക്ഷ രാഷ്ട്രീയമാണ് ഡല്‍ഹിയില്‍ പ്രയോഗിക്കുന്നതെന്നും എം.എം മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും അവര്‍ പറഞ്ഞു.
കേരളമാണ് തന്റെ തട്ടകം. എട്ടാം വയസില്‍ തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. മോഡിയും അമിത് ഷായും ഭീഷണിപ്പെടുത്താന്‍ നോക്കിയിട്ട് കഴിഞ്ഞിട്ടില്ല. സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നത് കൊണ്ട് തന്നെയാണ് മണിക്കെതിരെ പ്രതികരിച്ചത്. വെല്ലുവിളികള്‍ അതിജീവിച്ചു കൊണ്ടാണ് ഇപ്പോഴും നില്‍ക്കുന്നത്. വനിതാ രാഷ്ട്രീയ നേതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റും. ആരുടെയും ഭീഷണിക്ക് വഴങ്ങുന്ന ആളല്ല താനെന്നും അവര്‍ പറഞ്ഞു.
അവഹേളനം ശരിയാണോ എന്ന് എംഎം മണിയെ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയം ആലോചിക്കേണ്ടതാണ്. കേരളത്തില്‍ നിന്ന് വന്ന് ഉത്തരേന്ത്യയില്‍ നിലനില്‍ക്കുന്നത് നിരവധി വെല്ലുവിളികളും ഭീഷണികളും മറികടന്നാണെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം എത്ര കിട്ടിയാലും പഠിക്കില്ലെന്ന തരത്തിലാണ് എം.എം മണിയെപ്പോലെയുള്ള നേതാക്കളെന്ന് കെ.കെ രമ പ്രതികരിച്ചു. മോശം പ്രസ്താവനകള്‍ പാര്‍ട്ടിയെയാണ് അസ്ഥിരപ്പെടുത്തുന്നതെന്ന് എം.എം മണി മനസിലാക്കുന്നില്ല. ഇതിനെ ന്യായീകരിക്കുകയാണ് കുറേ ആളുകള്‍. ആനി രാജയുടേത് ഒരു കമ്മ്യൂണിസ്റ്റുകാരിയുടെ വാക്കുകളാണ്. അത് ആര്‍ജവത്തോടൂ കൂടി ആനി രാജ പറഞ്ഞതാണ് എം.എം മണിയെ പൊള്ളിച്ചത്. അതിനാലാണ് അവരെ മോശക്കാരിയാക്കിയത്.
സി.പി.ഐ.എമ്മിനെതിരെ പറയുന്നവരെയെല്ലാം മോശക്കാരാക്കുന്ന പ്രവണതയാണ് കണ്ടു വരുന്നത്. എം.എം മണി എത്ര കാലമായി സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുന്നു. പാര്‍ട്ടി നേതൃത്വം എന്നോട് ഒന്നും പറഞ്ഞില്ലല്ലോ എന്നാണ് മണി ചോദിക്കുന്നത്. നാടന്‍ ഭാഷ എന്ന് പറഞ്ഞ് ഇതിനെയെല്ലാം കുറച്ചു കാണുകയാണ് പാര്‍ട്ടി നേതൃത്വം.
എത്ര ക്ലാരിറ്റിയോടെയുള്ള പ്രസ്താവനയാണ് ആനി രാജ നടത്തിയത്. അതിനെതിരെ ഇത്തരം വാക്കുകള്‍ പ്രയോഗിക്കുന്നത് ശരിയാണോ എന്നും കെ.കെ രമ ചോദിച്ചു. ഇവരെ നിയന്ത്രിക്കാന്‍ സിപിഐഎം തയ്യാറായില്ലെങ്കില്‍ അവര്‍ക്ക് വലിയ അധപ്പതനമാകും ഉണ്ടാവുകയെന്നും രമ വ്യക്തമാക്കി.
സിപിഐ പറഞ്ഞത് ഞാന്‍ കാര്യമാക്കുന്നില്ല. ആനി രാജ ഡല്‍ഹിയിലല്ലേ കേരള നിയമ സഭയിലല്ലലോ ഉണ്ടാക്കല്‍. നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നം നമുക്കല്ലേ അറിയാവൂ. ആനി രാജയ്ക്കെങ്ങനെ അറിയാന്‍ സാധിക്കും. ഇനി അവര്‍ പറഞ്ഞാലും എനിക്ക് അതൊരു വിഷയമല്ല. കെ കെ രമയ്ക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നു. സമയം കിട്ടിയാല്‍ കൂടുതല്‍ ഭംഗിയായി പറഞ്ഞേനെയെന്നുമായിരുന്നു എം.എം മണിയുടെ നിലപാട്.
തൊടുപുഴയില്‍ സിപിഐഎം സംഘടിപ്പിച്ച പരിപാടിയില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു മണിയുടെ പരാമര്‍ശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.