പാരീസ്: ഫ്രാന്‍സ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ നിയന്ത്രണാധീതമായി വ്യാപിക്കുന്ന കാട്ടുതീ മൂലം പടിഞ്ഞാറന്‍ യൂറോപ്പ് ചുട്ടുപൊള്ളുന്നു. ഇത്തവണ റെക്കോഡ് ഉഷ്ണ തരംഗമാണ് യൂറോപ്യന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ രേഖപ്പെടുത്തിയത്. പടര്‍ന്നു വ്യാപിക്കുന്ന കാട്ടുതീ അണയ്ക്കാന്‍ ആയിരക്കണക്കിന് അഗ്നിശമന സേന രാവും പകലും ആക്ഷീണം പരിശ്രമിക്കുന്നുണ്ടെങ്കിലും തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിയുന്നില്ല.
തെക്കന്‍ ഫ്രാന്‍സില്‍ 27,180 ഏക്കറിലധികം സ്ഥലത്ത് തീ പടര്‍ന്നതിനെത്തുടര്‍ന്ന് 14,000 ത്തിലധികം ആളുകള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. രാജ്യത്തിന്റെ ആഭ്യന്തര മന്ത്രാലയം 15 ജില്ലകളില്‍ റെഡ് അലര്‍ട്ടുകളും 51 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുകളും പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച 40.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു ചൂട്. ഇത് രാജ്യത്ത് ഇരുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയാണിതെന്ന് ഫ്രാന്‍സിലെ ബിഎഫ്എം ടിവി റിപ്പോര്‍ട്ട് ചെയ്തു.
സ്‌പെയ്‌നില്‍ ജൂലൈ 10 നും 17 നും ഇടയില്‍ 360 ലധികം പേര്‍ ചൂടു മൂലം മരിച്ചു. ഇതില്‍ 84 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചവരാണ്. ഞായറാഴ്ച്ച താപനില 42 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നു. സ്‌പെയ്‌നിലെയും റെക്കോഡ് താപനിലയാണിത്. രാജ്യത്ത് 30 ഇടങ്ങളില്‍ ഇപ്പഴും തീ ആളിപ്പടരുകയാണെന്ന് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീപിടുത്തത്തെത്തുടര്‍ന്ന് സ്‌പെയിനിലെ മിജാസില്‍, മലാഗ മുനിസിപ്പാലിറ്റി അതിര്‍ത്തിയില്‍ നിന്ന് 3,000 ആളുകള്‍ പലായനം ചെയ്തു. തീ നിയന്ത്രണ വിധേയമാക്കാനായില്ലെങ്കില്‍ മിജാസ് പ്രവിശ്യയില്‍ 22,000 ഏക്കറിലധികം ഭൂമി കത്തിനശിക്കും.
പോര്‍ച്ചുഗലിലെ മധ്യ, വടക്കന്‍ മേഖലകളിലുടനീളം കാട്ടുതീ അതിവേഗം പടരുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ജൂലൈ ഏഴിനും 13 നും ഇടയില്‍ 238 ആളുകളും ജൂലൈ 14 നും 17 നും ഇടയില്‍ 421 ലധികം ആളുകളും ചൂടു മൂലം മരിച്ചു. സ്‌പെയ്‌നിലും പോര്‍ച്ചുഗലിലും മാത്രം ജൂലൈ ഇതുവരെ ആയിരത്തിലേറെ ആളുകള്‍ ചൂടുമൂലം മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഈ സ്ഥിതി തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലും ചൂട് പിടിമുറുക്കും. ഇംഗ്ലണ്ടിലെ താപനില ഈ ദിവസങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. ഈ സാഹചര്യത്തെ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. കഴിവതും ആളുകള്‍ വീട് വിട്ട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്താദ്യമായി വേനല്‍ക്കാലത്ത് കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.