തിരുവനന്തപുരം: തീരദേശം, വിമാനത്താവളങ്ങള്‍ എന്നിവ മുഖേനയുള്ള മനുഷ്യക്കടത്ത് തടയുന്നതിന് കേന്ദ്ര സര്‍ക്കാറുമായി സഹകരിച്ച് കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തിൽ നിരീക്ഷണ സംവിധാനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് നിയമസഭയില്‍ അദ്ദേഹം പറഞ്ഞു.
അനൂപ് ജേക്കബിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാര്‍ അതീവ ഗൗരവമായി കാണുന്ന വിഷയമാണിത്. കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തീരദേശം, വിമാനത്താവളങ്ങള്‍ എന്നിവ മുഖേനയുള്ള മനുഷ്യക്കടത്ത് സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ക്കനുസൃതമായി നടപടികള്‍ സ്വീകരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴിയുള്ള റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍ തടയുന്നതിന് പോലീസിന്റെ സൈബര്‍ വിഭാഗത്തിന്റെ സേവനവും പ്രയോജനപ്പെടുത്തിവരുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വ്യാജ റിക്രൂട്ട്‌മെന്റ്, മനുഷ്യക്കടത്ത് എന്നിവയിലൂടെ വിദേശത്ത് കുടുങ്ങിപ്പോകുന്നവരെ ഇന്ത്യന്‍ എംബസി, പ്രവാസി സംഘടനകള്‍ എന്നിവരുടെ സഹായത്തോടെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിന് നോര്‍ക്ക വകുപ്പ് നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
നിയമാനുസൃതമല്ലാത്ത റിക്രൂട്ട്‌മെന്റ്, വിസ തട്ടിപ്പ് എന്നിവയ്‌ക്കെതിരെ വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ നോര്‍ക്ക വകുപ്പ് സംഘടിപ്പിച്ചുവരുന്നുണ്ട്. ഇത്തരം പരാതികളില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി 'ഓപ്പറേഷന്‍ ശുഭയാത്ര' എന്ന ദൗത്യം ആരംഭിക്കുന്നതിന് തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ക്രൈംബ്രാഞ്ച് ഐ.ജി നോഡല്‍ ഓഫീസറായി ഇതിനായി സ്റ്റേറ്റ് സെല്‍ പ്രവര്‍ത്തിച്ചു വരുന്നു. നോഡല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ എല്ലാ ജില്ലകളിലും ആന്‍റി ഹ്യൂമന്‍ ട്രാഫിക്കിംഗ് യൂണിറ്റുകളും രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.