ജോഹനാസ്ബര്‍ഗ്: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ മാരകമായ മാര്‍ബര്‍ഗ് വൈറസ് രണ്ട് പേരില്‍ കണ്ടെത്തിയതായി സ്ഥിരീകരണം. എബോളയ്ക്ക് സമാനമായ പകര്‍ച്ച വ്യാധിയാണ് മാര്‍ബര്‍ഗ്. ഈ മാസം മരിച്ച രണ്ട് രോഗികളിലാണ് അതിവ്യാപന ശേഷിയുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് ഘാന ആരോഗ്യ വിഭാഗം വ്യക്തമാക്കി. ഇരുവരുടേയും സാമ്പിളുകള്‍ പോസിറ്റീവായിരുന്നു.
സാമ്പിളുകള്‍ ആദ്യം ഘാനയില്‍ തന്നെയായിരുന്നു പരിശോധിച്ചത്. ജൂലൈ പത്തിനായിരുന്നു പരിശോധന. ഇതിന്റെ ഫലം പോസിറ്റീവായിരുന്നു. എന്നാല്‍ ഇത് മാര്‍ബര്‍ഗ് വൈറസ് തന്നെയാണോ എന്ന് ഉറപ്പിക്കാന്‍ സെനഗലിലെ ലബോറട്ടറിയില്‍ കൂടി പരിശോധിക്കണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
പിന്നാലെ സെനഗലിലെ ഡാക്കറിലുള്ള പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ട് സാമ്പിളുകള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കി. ഇതിലും ഫലം പോസിറ്റീവായതോടെയാണ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. രോഗികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരേയും നിലവില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ഇതുവരെ വേറെ ആര്‍ക്കും രോഗ ലക്ഷണങ്ങള്‍ കണ്ടിട്ടില്ല.
എബോളയെ പോലെ തന്നെ ബാധിക്കപ്പെടുന്നവരില്‍ വലിയൊരു ശതമാനം പേരുടെയും ജീവനെടുക്കാന്‍ കഴിവുള്ള വൈറസാണിത്. രണ്ട് കേസുകള്‍ക്ക് പുറമെ 98 പേരോളം ഘാനയില്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.
പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ മാര്‍ബര്‍ഗ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്ന രണ്ടാമത്തെ രാജ്യമാണ് ഘാന. നേരത്തെ ഗിനിയയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഗിനിയയില്‍ ഒരു രോഗിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് കേസുകള്‍ കണ്ടെത്തിയില്ല.
കടുത്ത പനി, ഡയറിയ, ഛര്‍ദ്ദി, നെഞ്ചുവേദന, തൊണ്ടവേദന, വയറുവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. വൈറസ് ബാധിച്ചവര്‍ക്ക് അതീവശ്രദ്ധയോടെ പരിചരണം നല്‍കിയില്ലെങ്കില്‍ സ്ഥിതി വഷളാകുമെന്ന് മാത്രമല്ല മരണനിരക്ക് 24 മുതല്‍ 88 ശതമാനം വരെയാകാം.
മൃഗങ്ങളില്‍ നിന്നും മറ്റ് ജീവികളില്‍ നിന്നുമാണ് മാര്‍ബര്‍ഗ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. പ്രത്യേകിച്ച് വവ്വാലുകളില്‍ നിന്നാണ് ഇത് പകരുന്നത്. പിന്നീട് അണുബാധയേറ്റ മനുഷ്യരുടെ സ്രവങ്ങളിലൂടെ മറ്റുള്ളവരിലേക്കും എത്തുന്നു.
1967-ല്‍ ജര്‍മ്മനിയിലെ മാര്‍ബര്‍ഗ് നഗരത്തിലാണ് ആദ്യമായി ഈ വൈറസ് കണ്ടെത്തുന്നത്. ഇങ്ങനെയാണ് വൈറസിന് മാര്‍ബര്‍ഗ് എന്ന് പേര് വീണത്. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് അന്ന് രോഗം ബാധിച്ചത്. ആഫ്രിക്കയില്‍ നിന്ന് പരീക്ഷണങ്ങള്‍ക്കായി എത്തിയ കുരങ്ങുകളില്‍ നിന്ന് ലബോറട്ടറിയില്‍ ജോലി ചെയ്യുന്നവരിലേക്ക് വൈറസ് പകരുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.