തെറ്റിനെ തെറ്റായി കാണുന്നു; എം.എം മണിക്കെതിരായ വാക്കുകളില്‍ ഖേദം പ്രകടിപ്പിച്ച് കെ. സുധാകരന്‍

തെറ്റിനെ തെറ്റായി കാണുന്നു; എം.എം മണിക്കെതിരായ വാക്കുകളില്‍ ഖേദം പ്രകടിപ്പിച്ച് കെ. സുധാകരന്‍

കൊച്ചി: ചിമ്പാന്‍സിയെ പോലയല്ലേ എം.എം മണിയുടെ മുഖം, ഞങ്ങള്‍ എന്ത് പിഴച്ചു, ഇനി സൃഷ്ടാവിനോട് പറയാനല്ലേ പറ്റൂ.... മാധ്യമങ്ങളോട് പറഞ്ഞ ഈ വിവാദ വാക്കുകളില്‍ ഖേദം പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. കെപിസിസി അധ്യക്ഷന്‍ ഫേസ്ബുക്ക് കുറിപ്പിലാണ് ഖേദപ്രകടനുമായി രംഗത്തുവന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ..

ഇന്നത്തെ പത്രസമ്മേളനത്തില്‍ നടത്തിയൊരു പരാമര്‍ശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോള്‍ തോന്നി. ഒരുപാട് മനുഷ്യരെ അകാരണമായി ആക്ഷേപിച്ചൊരു ആളെക്കുറിച്ച് ചോദ്യം വന്നപ്പോള്‍, പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സില്‍ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും. തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

കെ.കെ രമ എംഎല്‍എക്കെതിരെ നിയമസഭയില്‍ എംഎം മണി നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. മണി മാപ്പ് പറയണമെന്നും നിയമസഭാ രേഖകളില്‍ നിന്ന് ഈ വാക്കുകള്‍ നീക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മാത്രമല്ല, സഭയ്ക്ക് പുറത്ത് വലിയ പ്രതിഷേധത്തിന് തുടക്കമിടുകയും ചെയ്തു. മഹിളാ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ എംഎം മണിയെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു ബാനര്‍.

ചിമ്പാന്‍സിയുടെ ഉടലും മണിയുടെ തലയും വച്ചുള്ള ബാനര്‍ വിവാദമായി. തുടര്‍ന്ന് ബാനര്‍ മഹിളാ കോണ്‍ഗ്രസ് മാറ്റിയെങ്കിലും ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ന്യൂഡല്‍ഹിയില്‍ പ്രതികരിക്കവെയാണ് കെ. സുധാകരന്‍ മണിയെ അധിക്ഷേപിച്ച് സംസാരിച്ചത്.

അത് തന്നെയല്ലേ അദ്ദേഹത്തിന്റെ മുഖം. ഒറിജിനന്‍ അല്ലാണ്ട് കാണിക്കാന്‍ പറ്റുമോ. അങ്ങനെ ആയിപ്പോയതിന് ഞങ്ങളെന്ത് പിഴച്ചു. സൃഷ്ടാവിനോട് പറയുകയല്ലാതെ... ഇങ്ങനെയായിരുന്നു സുധാകരന്റെ വാക്കുകള്‍. മഹിളാ കോണ്‍ഗ്രസ് ഖേദം പ്രകടിപ്പിച്ച കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. അത് അവരുടെ മാന്യത എന്നായിരുന്നു സുധാകരന്റെ മറുപടി. മണിക്ക് അതൊന്നുമില്ലല്ലോയെന്നും സുധാകരന്‍ പ്രതികരിച്ചു. എന്നാല്‍ തന്റെ വാക്കുകള്‍ അല്‍പ്പം കടന്നുപോയെന്ന് സുധാകരന്‍ ഖേദം പ്രകടിപ്പിച്ച് സൂചിപ്പിക്കുന്നു.

പറയാന്‍ ഉദ്ദേശിച്ചതല്ല പറഞ്ഞത്. ഖേദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന് താഴെ അദ്ദേഹത്തെ പിന്തുണച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നത്. തെറ്റ് ഏറ്റുപറയുക എന്നത് വലിയ കാര്യമാണെന്നും സിപിഎമ്മുകാര്‍ ഇക്കാര്യം കണ്ടുപഠിക്കണമെന്നും കമന്റുകള്‍ നിറയുന്നു. എം.എം മണിക്കെതിരായ പ്രതികരണത്തില്‍ സുധാകരനെതിരെ ഡിവൈഎഫ്ഐ നേതാക്കള്‍ രംഗത്തുവന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.