ഹോങ്കോംഗ്: കോവിഡ് പൂര്‍ണമായി തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തിനായി സീറോ കോവിഡ് നയം നടപ്പാക്കിയ ചൈനയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. ചെറിയ അളവില്‍ പോലും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങള്‍ അപ്രതീക്ഷിതമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചും ആ പ്രദേശങ്ങളിലെ ആളുകളെ പൊതു ഇടങ്ങളില്‍ ഇടപഴകുന്നത് വിലക്കിയും മനുഷത്വ രഹിതമായ നിയന്ത്രണങ്ങളിലൂടെയാണ് കോവിഡിനെ പിടിച്ചുകെട്ടാനുള്ള തീവ്ര യജ്ഞവുമായി ചൈന മുന്നോട്ട് പോകുന്നത്.
കഴിഞ്ഞ ദിവസം അഞ്ഞൂറോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത വിനോദ സഞ്ചാര മേഖലയായ ബെയ്ഹായ് നഗരത്തില്‍ അപ്രതീക്ഷിതമായ അടച്ചുപൂട്ടലിനെ തുടര്‍ന്ന് രണ്ടായിരത്തിലേറെ വിനോദ സഞ്ചാരികള്‍ റിസോര്‍ട്ടുകളില്‍ കുടുങ്ങി.
വെള്ള മണല്‍ കടല്‍ത്തീരത്തിനും അഗ്‌നിപര്‍വ്വത ദ്വീപിനും പേരുകേട്ട വേനല്‍ക്കാല അവധിക്കാല കേന്ദ്രമാണ് ബെയ്ഹായ് നഗരം. കഴിഞ്ഞ ആഴ്ചയിലാണ് ഇവിടെ 500 ലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചൈനയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇത് അതി ഭയാനകമായ കോവിഡ് വ്യാപനമാണ്.
ശനിയാഴ്ച്ച ബെയ്ഹായ് സര്‍ക്കാര്‍ നഗര ഭാഗങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ മേഖലകളിലാണ് റിസോര്‍ട്ടുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും സ്ഥിതിചെയ്യുന്നത്. ഇവിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊലീസും എത്തി കൂട്ടപരിശോധനകള്‍ നടത്തുകയും ലോക്ക്ഡൗണ്‍ പിന്‍വലിക്കുംവരെ റിസോര്‍ട്ട് വിട്ട് പുറത്ത് പോകുന്നതിന് താമസക്കാരായ വിനോദ സഞ്ചാരികളെ വിലക്കുകയും ചെയ്തു.
ഇവര്‍ക്ക് കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. വൈറസ് ബാധിതര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുമെന്ന് പ്രദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് വ്യാപന മേഖലകളില്‍ നിന്ന് വന്നിട്ടില്ലാത്തവര്‍, കോവിഡ് രോഗികളുമായി നേരിട്ട് സമ്പര്‍ക്കം ഇല്ലാത്തവര്‍ എന്നിവരുടെ പരിശോധന ഫലം നെഗറ്റീവ് ആയാല്‍ ഇവര്‍ക്ക് റിസോര്‍ട്ടില്‍ നിന്ന് മടങ്ങാം. മറ്റുള്ളവര്‍ ക്വാറന്റീന്‍ കാലാവധി കഴിയും വരെ റിസോര്‍ട്ടില്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരു വിനോദ കേന്ദ്രമായ വെയ്ഷോ ദ്വീപിലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വെള്ളിയാഴ്ച്ച നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ വിനോദ സഞ്ചാരികളെ റിസോര്‍ട്ടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും മടങ്ങാന്‍ അനുവദിച്ചു. വിനോദ സഞ്ചാരികളെ ഏറെക്കുറെ ഒഴിപ്പിച്ച ശേഷം ഞായറാഴ്ച്ച ദ്വീപ് അടച്ചുപൂട്ടി. പേരുകേട്ട ബീച്ചുകളും ബോട്ട് സവാരിയും ബാറുകളും സിനിമാശാലകളും മസാജ് പാര്‍ലറുകളുമൊക്കെയുള്ള വലിയ വിനോദ സഞ്ചാര ഇടമാണ് വെയ്സോ ദ്വീപ്.
വിനോദ സഞ്ചാര മേഖലകളിലെ പെട്ടെന്നുള്ള അടച്ചുപൂട്ടല്‍ ചൈനയുടെ സാമ്പത്തിക മേഖലയ്ക്ക് വലിയ തിരിച്ചടിയി. മാസങ്ങള്‍ നീണ്ട കടുത്ത ലോക്ക്ഡൗണുകള്‍ ചൈനയുടെ സമ്പദ്വ്യവസ്ഥയെ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലെത്തിച്ചു. യാത്രാവിലക്കുകളും കോവിഡ് നിയന്ത്രണങ്ങളും കാരണം വിദേശ ടൂറിസ്റ്റുകള്‍ ചൈനയിലേക്ക് എത്താതെയായി. ആഭ്യന്തര ടൂറിസമാകട്ടെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മൂന്നിലൊന്നായി ചുരുങ്ങുകയും ചെയ്തു.
രണ്ട് വര്‍ഷത്തെ കോവിഡ് പ്രതിസന്ധിക്ക് ശേഷം ഈ വേനല്‍ക്കാലത്ത് വിനോദ സഞ്ചാര മേഖലയില്‍ ഉണര്‍വുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് ഒമിക്രോണ്‍ വകഭേദങ്ങള്‍ രാജ്യത്തെ വീണ്ടും അടച്ചുപൂട്ടലുകളിലേക്ക് നയിച്ചത്. ഇതോടെ ടൂറിസം മേഖല മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ താഴേക്ക് പോയി.
ദേശീയ ആരോഗ്യ കമ്മീഷന്റെ കണക്കനുസരിച്ച് ഈ മാസം ഇതുവരെ രാജ്യത്തുടനീളമുള്ള 16 പ്രവിശ്യകളെങ്കിലും പ്രാദേശികമായി കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതേ തുടര്‍ന്ന് കര്‍ശനമായ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. ജൂണ്‍ പകുതി മുതല്‍ ഇതുവരെ ഏകദേശം 1,700 അണുബാധകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത് കുറവ് എണ്ണം കേസുകളാണെങ്കിലും ചൈനയുടെ സീറോ കോവിഡ് നയത്തിന്റെ ഭാഗമായി ഒരു പ്രദേശത്ത് നൂറിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ അത് അതിവ്യാപനമേഖലയായി കണക്കാക്കി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. വൈറസ് പടരുന്നത് തടയാന്‍ മതിയായ നടപടികള്‍ സ്വീകരിക്കാതിരുന്ന രണ്ട് ഉദ്യോഗസ്ഥരെ സ്ഥാനങ്ങളില്‍ നിന്ന് നീക്കിയ സംഭവവും അടുത്തിടെ ചൈനീസ് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.