അഫ്ഗാനില്‍ 70 കിലോ കറുപ്പ് പിടികൂടി

അഫ്ഗാനില്‍ 70 കിലോ കറുപ്പ് പിടികൂടി

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വടക്കന്‍ ബദഖ്ഷാന്‍ മേഖലയില്‍ നിന്നും 70 കിലോ കറുപ്പ് പിടികൂടി. ബദാക്ഷനില്‍ നിന്ന് തെക്കന്‍ ഹെല്‍മണ്ട് പ്രവിശ്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കവെ പിടിയിലായ ആളുടെ ഒളിസങ്കേതത്തില്‍ നിന്നാണ് റെയ്ഡ് നടത്തി വന്‍ അളവില്‍ കറുപ്പ് പിടിച്ചെടുത്തത്.

ഗ്രാമീണര്‍ അധികം ഉപയോഗിക്കുന്ന വീര്യംകൂടിയ മയക്കുമരുന്നായ കറുപ്പിന്റെ ഉല്‍പ്പാദനവും വില്പനയും നിരോധിച്ച രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. എങ്കില്‍ തന്നെയും വ്യാപകമായി കറുപ്പ് കൃഷി നടക്കുന്ന പലയിടങ്ങളും ഇപ്പോഴുമുണ്ട്. അവരെ പിടികൂടിയാലും വീണ്ടും അവര്‍ ആ തൊഴിലിലേക്ക് തന്നെ തിരിയും.

വേറെ തൊഴില്‍ ചെയ്തു ജീവിക്കണമെങ്കില്‍ സര്‍ക്കാര്‍ അതിനുള്ള ബദല്‍ സംവിധാനം ഒരുക്കണമെന്നാണ് ഇവര്‍ പറയുന്നത്. ഉപജീവനത്തിനുള്ള തൊഴില്‍ മാര്‍ഗം എന്ന നിലയിലും മയക്കുമരുന്ന് മാഫിയ ഉള്‍പ്പെട്ട വലിയ വ്യവസായമെന്ന നിലയിലും കറുപ്പ് കൃഷിയും ഉത്പാദനവും ഇവിടുത്തെ ഗ്രാമങ്ങളില്‍ വ്യാപകമായുണ്ട്.

കാണ്ഡഹാര്‍, ഹെല്‍മണ്ട് തുടങ്ങിയ പ്രവിശ്യകളിലാണ് കറുപ്പ് കൃഷി കൂടുതല്‍. ഇവിടെ വിളവെടുക്കുന്ന കറുപ്പ് പ്രാദേശികമായി മാത്രമല്ല ഇന്ത്യ പോലുള്ള അയല്‍ രാജ്യങ്ങളിലേക്കും ഇവര്‍ കടത്തും. ഇതിനായി പ്രത്യേക ഏജന്റുമാരുടെ ശൃംഘല പ്രവര്‍ത്തിക്കുന്നുണ്ട്. ലോകത്ത് കറുപ്പ് ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യവും അഫ്ഗാനിസ്ഥാനാണ്.

അഫ്ഗാന്‍ ജനസംഖ്യയുടെ 10 ശതമാനം ആളുകളും മയക്കുമരുന്നിനടിമപ്പെട്ടവരാണ്. ഇതില്‍ നാല് ദശ ലക്ഷം പേരെങ്കിലും മാരക പ്രഹരശേഷിയുള്ള മയക്കുമരുന്നുകള്‍ക്ക് അടിമപ്പെട്ടവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ ഓരോഘട്ടത്തിലും 20,000 പേരെ വീതം ഇസ്ലാമിക് എമിറേറ്റ്‌സ് ചികിത്സിച്ചു വരുന്നു. അഫ്ഗാനില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കൗണ്ടര്‍ നാര്‍ക്കോട്ടിക് ഡെപ്യൂട്ടി മന്ത്രാലയം തലവന്‍ മൗലവി ഹസീബുള്ള പറഞ്ഞെങ്കിലും മയക്കുമരുന്ന് വിപണനവും ഉപഭോഗവും ഇവിടെ വ്യാപകമാണ്.

അഫ്ഗാനിസ്ഥാനില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും, തൊഴിലില്ലായ്മയും, ഭക്ഷ്യ വിലക്കയറ്റവുമെല്ലാം ജനങ്ങളെ ദുരിതത്തില്‍ ആക്കിയിരിക്കുകയാണ്. ഇത്തരം പ്രതിസന്ധികളെ മറികടക്കാനായ് ജനങ്ങള്‍ക്ക് മയക്കുമരുന്ന് കച്ചവടങ്ങളിലേക്ക് ഇറങ്ങുകയല്ലയത്തെ വേറെ നിവര്‍ത്തി ഇല്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ഐഎസ്‌ഐസ് പോലെയുള്ള സംഘങ്ങള്‍ മയക്ക് മരുന്ന് കൃഷിയും കയറ്റ് മതിയും പ്രോത്സാഹിപ്പിച്ചിരുന്നതായി നേരത്തെ ആഗോള വ്യാപകമായി ആരോപണമുയര്‍ന്നിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.