ലണ്ടന്‍: ബ്രിട്ടനെ ഭരിക്കാന്‍ ഇന്ത്യന്‍ വംശജന്‍ എത്താനുള്ള സാധ്യതകള്‍ കൂടുതല്‍ സജീവമായി. ബ്രിട്ടന്റെ പ്രധാനമന്ത്രി പദവിയിലേക്ക് വിജയ സാധ്യത വര്‍ധിപ്പിച്ചാണ് ഇന്ത്യന്‍ വംശജന്‍ റിഷി സുനാകിന്റെ മുന്നേറ്റം. നാലാം റൗണ്ട് വോട്ടെടുപ്പില്‍ 118 വോട്ടുകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ റിഷി സുനാക് നേടിയത്.
ആദ്യ മൂന്നു ഘട്ടത്തെക്കാള്‍ വോട്ടുകള്‍ നാലാം റൗണ്ടില്‍ നേടാന്‍ അദേഹത്തിന് സാധിച്ചു. മുന്‍ വാണിജ്യമന്ത്രിയായ പെന്നി മോര്‍ഡന്റിന് 92 വോട്ടുകള്‍ ലഭിച്ചു. മുന്‍ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിന് 86 വോട്ടുകളാണുള്ളത്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാരുടെ മൂന്നിലൊന്ന് വോട്ടുകള്‍ ആണ് ജയിക്കാന്‍ ആവശ്യം. ബുധനാഴ്ച അവസാനഘട്ട വോട്ടെടുപ്പ് നടക്കും. സെപ്തംബര്‍ അഞ്ചിനാണ് പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുക. ഇന്ത്യന്‍ വംശജ സുവെല്ല ബ്രേവര്‍മാന്‍, ഇറാഖി വംശജന്‍ നധീം സഹാവി എന്നിവരുള്‍പ്പെടെ 11 സ്ഥാനാര്‍ഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.
ഇന്‍ഫോസിസിന്റെ സ്ഥാപകനായ എന്‍.എസ് നാരായണ മൂര്‍ത്തിയുടെ മരുമകനാണ് റിഷി. നാരായണമൂര്‍ത്തിയുടെ മകള്‍ അക്ഷതയെയാണ് അദേഹം വിവാഹം കഴിച്ചിട്ടുള്ളത്. യോര്‍ക്ക്ഷയറിലെ റിച്ച്മൗണ്ടില്‍ നിന്നുള്ള കണ്‍സര്‍വേറ്റിവ് എംപിയാണ് റിഷി. 2015 ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഈ സൗമ്യന്‍ 2019 ജൂലൈയിലാണ് ട്രഷറിയുടെ ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.
ബ്രിട്ടനിലെ ഏറ്റവും പാരമ്പര്യമുള്ള പബ്ലിക് സ്‌കൂളായ വിഞ്ചസ്റ്റര്‍ കോളേജില്‍ പഠിച്ച റിഷി പിന്നീട് ഓക്സ്ഫോര്‍ഡില്‍ നിന്ന് രാഷ്ട്രമീമാംസയും, തത്വശാസ്ത്രവും, സാമ്പത്തികശാസ്ത്രവും പഠിച്ചിറങ്ങി. സ്റ്റാന്‍ഫര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എംബിഎ ബിരുദവും നേടിയിട്ടുണ്ട്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങും മുമ്പ് ഗോള്‍ഡ്മാന്‍ സാച്സില്‍ വന്‍ ശമ്പളം പറ്റുന്ന അനലിസ്റ്റ് ആയിരുന്നു അദ്ദേഹം.
തലമുറകള്‍ക്കു മുമ്പ് പഞ്ചാബില്‍ നിന്ന് കിഴക്കന്‍ ആഫ്രിക്ക വഴി യുകെയില്‍ എത്തിയതാണ് പൂര്‍വികര്‍. തെരേസാ മെയ് ഗവണ്‍മെന്റിലും പാര്‍ലമെന്ററി അണ്ടര്‍ സെക്രട്ടറി ആയിരുന്നു റിഷി സുനാക്. ഋഷി-അക്ഷത ദമ്പതികള്‍ക്ക് കൃഷ്ണ, അനുഷ്‌ക എന്നിങ്ങനെ രണ്ടു കുട്ടികളുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.