ഊ‍ർജ്ജം മുതല്‍ ബഹിരാകാശം വരെ തന്ത്രപ്രധാനകരാറുകളില്‍ ഒപ്പുവച്ച് യുഎഇയും ഫ്രാന്‍സും

ഊ‍ർജ്ജം മുതല്‍ ബഹിരാകാശം വരെ തന്ത്രപ്രധാനകരാറുകളില്‍ ഒപ്പുവച്ച് യുഎഇയും ഫ്രാന്‍സും

യുഎഇ: ഊർജ്ജ സുരക്ഷ മുതല്‍ ബഹിരാശ മേഖലയിലടക്കം സഹകരണകരാറുകളില്‍ ഒപ്പുവച്ച് യുഎഇയും ഫ്രാന്‍സും. സന്ദർശനം വിജയകരമായി പൂർത്തിയാക്കി യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫ്രാന്‍സില്‍ നിന്നും മടങ്ങി. 

ഉക്രൈയിനിലെ യുദ്ധസാഹചര്യമുള്‍പ്പടെയുളള കാര്യങ്ങള്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണുമായുളള പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദിന്‍റെ കൂടികാഴ്ചയില്‍ വിഷയമായി.വാണിജ്യ വ്യവസായ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുളള സഹകരണം ശക്തമാക്കും. കൂടുതല്‍ നിക്ഷേപ അവസരങ്ങളുമൊരുക്കാനും ധാരണയായി.

ഫ്രാന്‍സിന്‍റെ ഊർജ്ജ സുരക്ഷ മുന്നില്‍ കണ്ടുകൊണ്ട് ടോട്ടല്‍ എനർജീസും അഡ്നോക്കും തമ്മില്‍ കരാറില്‍ ഒപ്പുവച്ചു. ഭക്ഷ്യോത്പാദനം, വിതരണം, സംസ്കരണം തുടങ്ങിയ മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് പുറമെ വിവിധ മേഖലകളിലെ വിജ്ഞാനം പങ്കുവയ്ക്കുന്നതിനുമുളള നടപടികള്‍ സ്വീകരിക്കും. 

ആരോഗ്യമേഖലയിലെ വെല്ലുവിളികള്‍ നേരിടാനും പ്രഥമപരിഗണനനല്‍കും. ഇതിനായി അബുദബി പൊതുജനാരോഗ്യകേന്ദ്രങ്ങളും ഫ്രഞ്ച് ആരോഗ്യകേന്ദ്രങ്ങളും തമ്മില്‍ ധാരണയായി. പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി വെജ്ഞാനിക മുന്നേറ്റത്തിനും മുന്‍തൂക്കം നല്‍കി വിദ്യാഭ്യാസ പദ്ധതികള്‍ ആസൂത്രണം ചെയ്യും. ഇതിന്‍റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്യാംപസുകള്‍ യുഎഇയില്‍ തുടങ്ങും. നിലവില്‍ യുഎഇയിലെ സ്കൂളുകളില്‍ ഫ്രഞ്ച് പഠിപ്പിക്കുന്നുണ്ട്. ഇതിന് കൂടുതല്‍ പ്രോത്സാഹനം നല്‍കും.

സാംസ്കാരിക മേഖലയിലും സഹകരണം ഉറപ്പാക്കും. ബഹിരാകാശ മേഖലയിലും യുഎഇയുമായി ഫ്രാന്‍സ് സഹകരിക്കും.നിലവില്‍ യുഎഇയുടെ ഭൗമ നിരീക്ഷണം, കാലാവസ്ഥാ വെല്ലുവിളികൾ നേരിടാനുള്ള പദ്ധതികൾ, ചന്ദ്രദൗത്യം, മറ്റു ബഹിരാകാശ ദൗത്യങ്ങൾ എന്നിവയിൽ സഹകരിക്കും.

ഉക്രൈയ്ന്‍ - റഷ്യ സംഘർഷമുള്‍പ്പടെ ലോകം നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ ഒരുമിച്ച് നില്‍ക്കുമെന്നും സമാധാനം ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇരുഭരണാധികാരികളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. സന്ദർശനം വിജയകമായി പൂർത്തിയാക്കി ചൊവ്വാഴ്ച ഉച്ചയോടെയാണ് ഷെയ്ഖ് മുഹമ്മദ് ഫ്രാന്‍സില്‍ നിന്നും മടങ്ങിയത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.