അമേരിക്കയില്‍ ട്രക്കിനുള്ളില്‍ കുടുങ്ങി 53 കുടിയേറ്റക്കാരുടെ മരണം; നാലു പേര്‍ക്കെതിരേ കുറ്റം ചുമത്തി

അമേരിക്കയില്‍ ട്രക്കിനുള്ളില്‍ കുടുങ്ങി 53 കുടിയേറ്റക്കാരുടെ മരണം;  നാലു പേര്‍ക്കെതിരേ കുറ്റം ചുമത്തി

സാന്‍ അന്റോണിയോ: ടെക്സസിലെ സാന്‍ അന്റോണിയോയില്‍ ട്രക്കിനുള്ളില്‍ കുടുങ്ങി 53 കുടിയേറ്റക്കാര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ കുറ്റം ചുമത്തി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യക്കടത്ത് ദുരന്തത്തില്‍ ടെക്‌സാസിലെ പസഡെനയില്‍ നിന്നുള്ള ഹോമെറോ സമോറാനോ ജൂനിയര്‍ (46), കൂട്ടുപ്രതി ക്രിസ്റ്റ്യന്‍ മാര്‍ട്ടിനെസ് (28), ഡ്രൈവര്‍ എന്നിവര്‍ക്കെതിരെയാണ് യുഎസ് ഗ്രാന്‍ഡ് ജൂറി കുറ്റം ചുമത്തിയത്. നിയമവിരുദ്ധമായി കുടിയേറ്റക്കാരെ കൊണ്ടുപോയതിനും അതിനായി ഗൂഢാലോചന നടത്തിയതിനും അവരുടെ മരണത്തിലേക്ക് നയിച്ചതിനുമാണ് കുറ്റം ചുമത്തിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട മെക്‌സിക്കോയില്‍ നിന്നുള്ള രണ്ട് പേരും നിയമനടപടികള്‍ നേരിടുന്നുണ്ട്.

കുറ്റം തെളിയിക്കപ്പെട്ടാല്‍, പ്രതികള്‍ക്കു വധശിക്ഷയോ ജീവപര്യന്തം തടവുശിക്ഷയോ വരെ ലഭിച്ചേക്കും. പ്രതികള്‍ ഫെഡറല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.

മെക്സിക്കോയില്‍നിന്ന് അതിര്‍ത്തി കടന്നെത്തിയ കുടിയേറ്റക്കാരുടെ ജീവന്‍ അപഹരിച്ച ഏറ്റവും വലിയ ദുരന്തമായിരുന്നു ഇത്. ട്രക്കില്‍ 67 പേരുണ്ടായിരുന്നു, മരിച്ചവരില്‍ മെക്‌സിക്കോയില്‍ നിന്നുള്ള 27 പേരും ഹോണ്ടുറാസില്‍ നിന്നുള്ള 14 പേരും ഗ്വാട്ടിമാലയില്‍ നിന്നുള്ള ഏഴ് പേരും എല്‍ സാല്‍വഡോറില്‍ നിന്നുള്ള രണ്ട് പേരും ഉള്‍പ്പെടുന്നുവെന്ന് മെക്‌സിക്കോ നാഷണല്‍ ഇമിഗ്രേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ഫ്രാന്‍സിസ്‌കോ ഗാര്‍ഡുനോ പറഞ്ഞു. സംഭവത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ചൂട് കാരണമുണ്ടായ നിര്‍ജ്ജലീകരണമാണ് മരണ കാരണമെന്ന് അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെക്‌സിക്കയില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റത്തിനിടെയാണ് ഇവരുടെ മരണം. മെക്‌സിക്കന്‍ അതിര്‍ത്തി വഴിയുള്ള അനധികൃത കുടിയേറ്റത്തിനിടെയുണ്ടായ ഏറ്റവും വലിയ മരണ സംഖ്യയാണിതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കുടിയേറ്റക്കാര്‍ വന്‍തോതില്‍ യു.എസിലേക്കു വരുന്ന സമയത്താണ് ഈ ദുരന്തം സംഭവിച്ചത്. അവരില്‍ പലരും നദികളും കനാലുകളും ചുട്ടുപൊള്ളുന്ന മരുഭൂമിയും കടന്നാണ് യുഎസില്‍ എത്താന്‍ ശ്രമിക്കുന്നത്. മെയ് മാസത്തില്‍ മാത്രം ഏകദേശം 240,000 തവണ കുടിയേറ്റക്കാരെ തടഞ്ഞു. ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ മൂന്നിലൊന്ന് വര്‍ധന.

2017-ല്‍ സാന്‍ അന്റോണിയോയിലെ വാള്‍മാര്‍ട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ കുടുങ്ങി പത്തു കുടിയേറ്റക്കാര്‍ മരിച്ചിരുന്നു. 2003-ല്‍, സാന്‍ അന്റോണിയോയുടെ തെക്ക് കിഴക്കായി ഒരു ട്രക്കില്‍ 19 കുടിയേറ്റക്കാരെയും മരിച്ച നിലയില്‍ ഇതിന് മുമ്പ് കണ്ടെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.