മൊണാര്‍ക്ക് ചിത്രശലഭങ്ങളെ വംശനാശ ഭീഷണി നേരിടുന്ന റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഓരോ വര്‍ഷവും അമേരിക്കയില്‍ 4,000 കിലോമീറ്ററുകളോളം യാത്ര ചെയ്യുന്ന സഞ്ചാരിയായ മൊണാര്‍ക്ക് ചിത്രശലഭങ്ങളുടെ ഉപജാതിയായ ദേശാടന മൊണാര്‍ക്ക് ശലഭങ്ങളെയാണ് 2022 ജൂലൈ 21ന് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ വംശനാശ ഭീഷണി നേരിടുന്ന റെഡ് ലിസ്റ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്.
ആവാസ വ്യവസ്ഥയുടെ നാശവും കാലാവസ്ഥാ വ്യതിയാനവുമാണ് ചെറു പ്രാണികളെ വംശ നാശത്തിലേക്ക് തള്ളിവിടുന്നതിന് പ്രധാനമായും ഉത്തരവാദികളെന്ന് ആഗോള ജൈവ വൈവിധ്യ നിരീക്ഷകര്‍ പറഞ്ഞു. ദേശാടന മൊണാര്‍ക്കുകള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഐയുസിഎന്നിന്റെ നിരീക്ഷണപ്പട്ടികയിലുള്ള ജീവി വര്‍ഗമാണ്.
മൊണാര്‍ക്കുകള്‍ ചിത്രശലഭങ്ങളുടെ ഏറ്റവും തിരിച്ചറിയാവുന്ന ഇനമാണ്. ഇവ പ്രാണി ലോകത്തിലെ പ്രധാന പരാഗണകാരികളാണ്. കൂടാതെ ആഗോള ഭക്ഷ്യ ശൃംഖല പരിപാലിക്കുന്നത് പോലെ ആവാസ വ്യവസ്ഥയ്ക്ക് വലിയ സേവനങ്ങള്‍ നല്‍കുന്നു. എന്നാല്‍ കഴിഞ്ഞ ദശകത്തില്‍ ഇവയുടെ എണ്ണത്തില്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ മാത്രം അവരുടെ ജനസംഖ്യ 23-72 ശതമാനം കുറഞ്ഞു.
യുഎസ് സംസ്ഥാനമായ വ്യോമിങിലെ റോക്കി പര്‍വത നിരകളുടെ പടിഞ്ഞാറ് ജീവിച്ചിരുന്ന പടിഞ്ഞാറന്‍ മോണാര്‍ക്കുകളുടെ എണ്ണത്തില്‍ 99.9 ശതമാനം കുറവ് സംഭവിച്ചു കഴിഞ്ഞു. 1980കളില്‍ ഉണ്ടായിരുന്ന 10 ദശലക്ഷത്തില്‍ നിന്ന് 2021ല്‍ 1,914 ചിത്രശലഭങ്ങളായി ശോഷിച്ചു.
കിഴക്കന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ നിന്നും കാനഡയില്‍ നിന്നും കുടിയേറുന്ന കിഴക്കന്‍ മൊണാര്‍ക്കുകളുടെ ജനസംഖ്യ 1996-2014 മുതല്‍ 84 ശതമാനം ചുരുങ്ങി. ഈ ചിത്രശലഭങ്ങളില്‍ ഭൂരിഭാഗവും ശൈത്യകാലത്ത് കാലിഫോര്‍ണിയ തീരത്തും മധ്യ മെക്‌സിക്കോയിലെ വനങ്ങളിലും കാണപ്പെടുന്നു.
ഓസ്ട്രേലിയ, ഹവായ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും ഈ ഇനത്തിന്റെ ഒരു ചെറിയ സംഖ്യ കാണപ്പെടുന്നു. കാര്‍ഷിക - നഗര വികസനത്തിനായുള്ള നിയമപരവും നിയമ വിരുദ്ധവുമായ മരം വെട്ടലും വന നശീകരണവും മെക്‌സിക്കോയിലും കാലിഫോര്‍ണിയയിലും ചിത്രശലഭങ്ങളുടെ ശീതകാല അഭയ കേന്ദ്രത്തിന്റെ വലിപ്പം ഗണ്യമായി നശിപ്പിച്ചെന്ന് ഐയുസിഎന്‍ അഭിപ്രായപ്പെട്ടു.
ഈ ചിത്രശലഭങ്ങള്‍ സവിശേഷമായ ഒരു ജീവിതശൈലി പിന്തുടരുന്നു. അവര്‍ വര്‍ഷത്തില്‍ രണ്ട് തവണ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ നീളത്തിലും വീതിയിലും സഞ്ചരിക്കുന്നു. പ്രാണി വര്‍ഗത്തിലെ ദീര്‍ഘദൂര സഞ്ചാരികളാണിവര്‍. വൈവിധ്യമാര്‍ന്ന സസ്യജാലങ്ങളില്‍ നിന്നുള്ള തേന്‍ തന്നെയാണ് ഇവയുടെ ഭക്ഷണം.
എന്നാല്‍ അവര്‍ ഒരു പ്രത്യേക സസ്യത്തെ മാത്രമാണ് പ്രജനനത്തിനായി തെരഞ്ഞെടുക്കുന്നത്. മില്‍ക്ക് വീഡെന്ന് അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ഇലകള്‍ സ്വാഭാവികമായും ആയിരക്കണക്കിന് ലാര്‍വകള്‍ തിന്ന് തീര്‍ക്കുന്നു. ലാര്‍വകള്‍ കൃഷി നാശത്തിന് കാരണമാകുമെന്ന് ആരോപിച്ച് വാണിജ്യ കര്‍ഷകര്‍ പൂമ്പാറ്റയുടെ ലാര്‍വയ്ക്ക് നേരെ വിഷപ്രയോഗം നടത്തുന്നത് ഇവയുടെ നാശത്തിന് മറ്റൊരു പ്രധാനകാരണമാണ്.
2000-കളില്‍, മിഡ്വെസ്റ്റിലെ ഫാമുകളില്‍ ഗ്ലൈഫോസേറ്റ് എന്ന കളനാശിനി വ്യാപകമായി ഉപയോഗിച്ചിരുന്നുവെന്ന് ന്യൂ മെക്സിക്കോ ബയോപാര്‍ക്ക് സൊസൈറ്റിയിലെ ഐയുസിഎന്‍ എസ്എസി ബട്ടര്‍ഫ്‌ളൈ ആന്‍ഡ് മോത്ത് സ്പെഷ്യലിസ്റ്റ് ഗ്രൂപ്പിലെ അംഗവും സ്പീഷീസ് സര്‍വൈവല്‍ ഓഫീസറുമായ അന്ന വാക്കര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.
അവയുടെ യാത്രവേളയിലെ ഈ പ്രജനനകാലം മുഴുവന്‍ ഇത്തരത്തില്‍ വലിയ തോതിലുള്ള കീടനാശിനി പ്രയോഗത്തിന് ഇവ വിധേയരാകുന്നു. ഇതോടെ ഇവയുടെ വംശനാശം പൂര്‍ത്തിയാകുന്നു. കാലാവസ്ഥാ വ്യതിയാനം, ചുഴലിക്കാറ്റും വരള്‍ച്ചയും കൂടുതല്‍ തീവ്രമാക്കുകയും പൂച്ചെടികളുടെ വളര്‍ച്ചാ ചക്രത്തെ തടസപ്പെടുത്തുകയും ചെയ്തുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നു.
കീടനാശിനി പ്രയോഗം കുറയ്ക്കുകയും ഇവയുടെ പ്രജനനത്തിന് സഹായകമാകുന്ന സസ്യങ്ങളെ സംരക്ഷിച്ചും മൊണാര്‍ക്ക് ചിത്രശലഭങ്ങളെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയിലെ മോണാര്‍ക്ക് ചിത്രശലഭങ്ങളില്ലെങ്കിലും കാഴ്ചയില്‍ ഇവയോട് സാമ്യമുള്ള വരയന്‍ കടുവ എന്ന ചിത്രശലഭം കേരളത്തില്‍ പരിചിതമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v