ഗയ് കോണ്‍സല്‍മാഞ്ഞോ: അമേരിക്കയില്‍ നിന്നും ആകാശത്തേക്ക്

ഗയ് കോണ്‍സല്‍മാഞ്ഞോ: അമേരിക്കയില്‍ നിന്നും ആകാശത്തേക്ക്

ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച് ഫാ.ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ മുപ്പത്തൊന്നാം ഭാഗം.

നുഷ്യന്‍ താമസിക്കുന്നത് ഭൂമിയില്‍ ആണെങ്കിലും ഒരു പക്ഷേ ഏറ്റവുമധികം നോക്കിയിട്ടുള്ളത് ആകാശത്തിലേക്കായിരിക്കും. കൈക്കുള്ളിലെ മൊബൈലിലേക്ക് കണ്ണും നട്ടിരിക്കുന്ന ഇക്കാലത്ത് ആകാശം നോക്കി സന്തോഷം അനുഭവിച്ചിരുന്ന ഒരു തലമുറയെപ്പറ്റി ചിന്തിക്കുക അസാധ്യമാണ്.

ഉല്‍ക്കകളും ധൂമകേതുക്കളും ആകാശത്തെപ്പറ്റിയുള്ള മനുഷ്യന്റെ കൗതുകം വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വസ്തുക്കളാണ്. ആകാശത്തിലെ വര്‍ണങ്ങളുള്ള ഗോളങ്ങള്‍ എന്നും മനുഷ്യനെ ആകാശത്തേക്ക് നോക്കാനും അവയെ വീക്ഷിക്കാനും പ്രേരിപ്പിച്ചിട്ടുണ്ട്. ഈ ശ്രദ്ധ ഒരു ശാസ്ത്രീയ വിഷയമായി പരിണമിക്കുകയും ആളുകള്‍ ഗൗരവമായി ഉപകരണങ്ങള്‍ ഉപയോഗിച്ച് ആകാശ നിരീക്ഷണം ആരംഭിക്കുകയും ചെയ്തു.

ജ്യോതിശാസ്ത്രം ഇത്തരത്തില്‍ ആകാശ ഗോളങ്ങളെ നിരീക്ഷിക്കുന്ന ശാസ്ത്രമാണ്. ഈ ശാസ്ത്ര വിഷയത്തെ പരിപോഷിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഒരു സ്ഥാപനമാണ് വത്തിക്കാന്റെ വാന നിരീക്ഷണ കേന്ദ്രം. അതിന്റെ തലവനായിരുന്ന ഗയ് കോണ്‍സല്‍മാഞ്ഞോ ആണ് ഈ ലക്കം നാം പരിചയപ്പെടുന്ന ശാസ്ത്ര പ്രതിഭ.

1952 സെപ്റ്റംബര്‍ 19 ന് അമേരിക്കയിലെ മിഷിഗണിലെ ഡിട്രോയിറ്റ് നഗരത്തിലാണ് അദ്ദേഹം ജനിച്ചത്. ഡിട്രോയിറ്റ് സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. തുടര്‍ന്ന് Planetary Science ല്‍ Massachusetts Institute of Technology എന്ന ലോകത്തിലെ തന്നെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളിലൊന്നില്‍ നിന്ന് 1974 ല്‍ BS പൂര്‍ത്തിയാക്കി. ഇതേ സര്‍വകലാശാലയില്‍ നിന്നു തന്നെ 1975 ല്‍ ഇതേ വിഷയത്തില്‍ MS പൂര്‍ത്തീകരിച്ചു. 1978 ല്‍ അരിസോണയിലെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറല്‍ പഠനവും അദ്ദേഹം പൂര്‍ത്തിയാക്കി.

1978-1980 കാലഘട്ടത്തില്‍ ഹാര്‍വാര്‍ഡ് കോളജ് ഒബ്‌സര്‍വേറ്ററിയിലും 1980-1983 കാലത്ത് MIT യിലും അദ്ദേഹം പോസ്റ്റ് ഡോക്ടറല്‍ പഠനവും നിരീക്ഷണവും പൂര്‍ത്തിയാക്കുകയും അവിടങ്ങളില്‍ അധ്യാപനം നിര്‍വഹിക്കുകയും ചെയ്തു. പിന്നീട് രണ്ടു വര്‍ഷങ്ങള്‍ അമേരിക്കയുടെ Peace Corps ല്‍ ചേര്‍ന്നു. കെനിയയില്‍ ഭൗതിക ശാസ്ത്രവും ജ്യോതി ശാസ്ത്രവും പഠിപ്പിക്കുക എന്നതായിരുന്നുഅദ്ദേഹത്തിന്റെ ലക്ഷ്യം . അമേരിക്കയില്‍ തിരിച്ച് വന്നശേഷം കുറച്ച് കാലം പെനിസില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിച്ചു.

തുടര്‍ന്ന് 1989 ല്‍ ജെസ്യൂട്ട് സഭയില്‍ ചേര്‍ന്ന ഗയ് കോണ്‍സല്‍മാഞ്ഞോ 1991 ല്‍ ഒരു സഹോദരനായി വ്രതം സ്വീകരിച്ചു. തുടര്‍ന്ന് സഭാധികൃതര്‍ അദ്ദേഹത്തെ വത്തിക്കാന്റെ വാനനിരീക്ഷണ കേന്ദ്രത്തിലേക്ക് നിയോഗിച്ചു. അന്നു മുതല്‍ അദ്ദേഹം വത്തിക്കാന്റെ ഉല്‍ക്കാ ശേഖരത്തിന്റെ തലവനാണ്. ഉല്‍ക്കകളും ധൂമകേതുക്കളും തമ്മിലുള്ള ബന്ധമാണ് അദ്ദേഹത്തിന്റെ പഠനവിഷയം.

അതോടൊപ്പം സൗരയൂഥത്തിലെ ചെറുവസ്തുക്കള്‍ എങ്ങനെ അസ്തിത്വത്തിലേക്ക് കടന്നുവന്നു എന്നതും പഠന വിഷയമായിരുന്നു. 1996 ല്‍ ഉദ്ദേശം ആറ് ആഴ്ചകള്‍ അദ്ദേഹം ഒരു സംഘത്തോടൊപ്പം അന്റാര്‍ട്ടിക്കയില്‍ ഉല്‍ക്കാശിലകള്‍ ശേഖരിക്കാന്‍ ചിലവഴിച്ചു. കാണ്‍സല്‍മാഞ്ഞോയുടെ സംഭാവനകളെ മാനിച്ച് അന്താരാഷ്ട്ര അസ്ട്രോണോമിക്കല്‍ യൂണിയന്‍ 2000 ല്‍ ഒരു ധൂമകേതുവിന് asteroid 4597 Consolmagno എന്ന് പേരിട്ടു.

ലോകത്തിലെ പ്രശസ്തമായ പല ജ്യോതി ശാസ്ത്ര സമിതികളിലും അദ്ദേഹം അംഗമായിരുന്നു. അന്താരാഷ്ട്ര ജ്യോതി ശാസ്ത്ര സമിതിയുടെ Planetary Systems Science സമിതി (2000 മുതല്‍ സെക്രട്ടറി), അന്താരാഷ്ട്ര ജ്യോതി ശാസ്ത്ര സമിതിയുടെ Commission 16, Moons and Planets (പ്രസിഡന്റ് 2003-2006), American Astronomical Society Division for Planetary Sciences (അംഗം 2003-2006), Planetary System Nomenclature and the Mars Nomenclature Task Group (2008 മുതല്‍ ), Mars TG (2015 മുതല്‍). ഇത്തരത്തില്‍ ലോകത്തിലെ തന്നെ എണ്ണപ്പെട്ട ശാസ്ത്രജ്ഞരില്‍ ഒരാളാണ് ഗയ് കോണ്‍സല്‍മാഞ്ഞോ.

ജ്യോതിശാസ്ത്ര വിഷയങ്ങളെ സാധാരണ ജനങ്ങള്‍ക്ക് മനസിലാക്കുന്ന ഭാഷയില്‍ സംവേദനം ചെയ്യുന്നതിന് അദ്ദേഹത്തിന് American Astronomical Society 2014 ല്‍ കാള്‍ സാഗന്‍ മെഡല്‍ സമ്മാനിച്ചു. അദ്ദേഹത്തിന്റെ ബ്ലോഗ്, ട്വിറ്റര്‍, TEDx talk മുതലായവ ശാസ്ത്ര വിഷയങ്ങള്‍ പൊതുജനത്തിനു മനസിലാകുന്ന ഭാഷയില്‍ സംസാരിക്കാനുള്ള പരിശ്രമമാണ്. ഈ മേഖലയില്‍ പല പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

Worlds Apart, Turn Left at Orion, The Way to the Dwelling of Light, Brother Astronomer, Adventures of a Vatican Scientist, Intelligent Life in the Universe? Catholic belief and the search for extraterrestrial intelligent life, God's Mechanics: How Scientists and Engineers Make Sense of Religion, The Heavens Proclaim: Astronomy and the Vatican, Would You Baptize an Extraterrestrial?:...and Other Questions from the Astronomers' In-box at the Vatican Observatory തുടങ്ങിയ പുസ്തകങ്ങള്‍ ഈ മേഖലയില്‍ അദ്ദേഹം നടത്തുന്ന നിരന്തര സംഭാവനകളുടെ തെളിവാണ്.

2006 ല്‍ അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടു: 'മതത്തിനു ശാസ്ത്രത്തിന്റെ ആവശ്യമുണ്ട്. മതത്തെ അന്ധവിശ്വാസങ്ങളില്‍ നിന്നു ഒഴിച്ചുനിര്‍ത്താനും സത്യത്തോട് കൂടുതല്‍ അടുപ്പിക്കാനും. അതോടൊപ്പംതന്നെ സൃഷ്ടി വാദത്തില്‍ നിന്നും അതിനെ സംരക്ഷിക്കാനും വിജാതീയ മതങ്ങളിലെ പോലെ ദൈവത്തെ ഒരു പ്രകൃതി ദൈവമാക്കുന്ന തെറ്റില്‍ ഉള്‍പ്പെടാതിരിക്കാനും'.

മതമെന്നത് ശാസ്ത്രത്തില്‍ നിന്നും സ്വതന്ത്രമായി നില്‍ക്കുന്ന ഒരു സംവിധാനമല്ലെന്നും ഇവ രണ്ടും പരസ്പരം വളര്‍ത്തുന്ന സംവിധാനമാകണമെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലം ശാസ്ത്രത്തെയും മതത്തെയും പരസ്പരം ബന്ധിപ്പിക്കാന്‍ അദ്ദേഹം എത്രത്തോളം പരിശ്രമിച്ചു എന്നതിന്റെ ഉദാഹരണമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.