”സിന്ധു നദീജലം പാകിസ്ഥാന്റെ ജീവരക്തം, ഒരു തുള്ളിയെങ്കിലും ഇന്ത്യ തട്ടിയെടുത്താല്‍ ഒരിക്കലും മറക്കാത്ത പാഠം പഠിപ്പിക്കും”: പാക് പ്രധാനമന്ത്രി

”സിന്ധു നദീജലം പാകിസ്ഥാന്റെ ജീവരക്തം, ഒരു തുള്ളിയെങ്കിലും ഇന്ത്യ തട്ടിയെടുത്താല്‍ ഒരിക്കലും മറക്കാത്ത പാഠം പഠിപ്പിക്കും”: പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: പാക് സൈനിക മേധാവി അസിം മുനീറിന് പിന്നാലെ സിന്ധു നദീജല വിഷയത്തില്‍ ഇന്ത്യയെ ഭീഷണിപ്പെടുത്തി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ മെയ് മുതല്‍ ഇന്ത്യ നിര്‍ത്തിവച്ചിരിക്കുന്ന സിന്ധു നദീജല ഉടമ്പടി പഴയപടിയാക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതിന് ശേഷമാണ് അദേഹത്തിന്റെ പരാമര്‍ശം.

‘നമ്മുടെ വെള്ളം കൈവശം വയ്ക്കുമെന്ന് നിങ്ങള്‍ ഭീഷണിപ്പെടുത്തിയാല്‍ പാകിസ്ഥാനില്‍ നിന്ന് ഒരു തുള്ളി പോലും നിങ്ങള്‍ക്ക് തട്ടിയെടുക്കാന്‍ കഴിയില്ലെന്ന് ഓര്‍മ്മിക്കുക. നിങ്ങള്‍ നമ്മുടെ വെള്ളം നിര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു. അത്തരമൊരു നീക്കത്തിന് ശ്രമിച്ചാല്‍ പാകിസ്ഥാന്‍ നിങ്ങളെ ഒരിക്കലും മറക്കാത്ത ഒരു പാഠം പഠിപ്പിക്കും,’ ഇസ്ലാമാബാദില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെ ഷെരീഫ് പറഞ്ഞതായി ദി എക്‌സ്പ്രസ് ട്രിബ്യൂണിന്റെ റിപ്പോര്‍ട്ട് പറയുന്നു.

സിന്ധു നദീജലത്തെ പാകിസ്ഥാന്റെ ജീവരക്തമായി വിശേഷിപ്പിച്ച ഷെരീഫ് അന്താരാഷ്ട്ര കരാറുകള്‍ പ്രകാരം പാകിസ്ഥാന്റെ അവകാശങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ഉറപ്പിച്ചു പറഞ്ഞു. സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി റദ്ദാക്കണമെന്നും പാക്കിസ്ഥാന് ജലം ലഭ്യമാക്കണമെന്നും പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസ് തിങ്കളാഴ്ച ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാക് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

പതിറ്റാണ്ടുകള്‍ പഴക്കമുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെതിരെ പാകിസ്ഥാന്‍ മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ ഇന്ത്യയ്ക്കെതിരെ യുദ്ധഭീഷണി മുഴക്കിയിരുന്നു. ഇന്ത്യയുടെ നടപടികള്‍ പാകിസ്ഥാന് വലിയ നഷ്ടം വരുത്തിവെച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ എല്ലാ പാകിസ്ഥാനികളും ഒന്നിക്കാനും ബിലാവല്‍ ഭൂട്ടോ ആഹ്വാനം ചെയ്തിരുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.