കൊച്ചി: ഏകീകൃത കുര്‍ബാനയില്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിന് വത്തിക്കാന്‍ അന്ത്യശാസനം നല്‍കിയെന്ന് റിപ്പോര്‍ട്ട്. സഭയെ അനുസരിക്കുക അല്ലെങ്കില്‍ ബിഷപ്പ് ആന്റണി കരിയില്‍ രാജിവയ്ക്കുക എന്ന നിര്‍ദേശമാണ് വത്തിക്കാന്‍ നല്‍കിയിരിക്കുന്നത്.
ബിഷപ്പിനെ വത്തിക്കാന്‍ സ്ഥാനപതി കഴിഞ്ഞയാഴ്ച ഡല്‍ഹിയ്ക്ക് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് വത്തിക്കാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരി സ്ഥാനം ഒഴിയാനാണ് നിര്‍ദ്ദേശം.
വിമത വൈദിക സമരത്തെ പിന്തുണച്ചതിനാണ് നടപടിയെന്നാണ് സൂചന. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വത്തിക്കാന്‍ സ്ഥാനപതി നാളെ എറണാകുളത്തെ ബിഷപ്പ് ഹൗസില്‍ എത്തും. എറണാകുളം-അങ്കമാലി അതിരൂപത സഭാ തര്‍ക്കത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും സഭാ സിനഡിനെയും എതിര്‍ക്കുന്ന ഏതാനും വിമത വൈദികരെ ബിഷപ്പ് പിന്തുണച്ചിരുന്നു.
സിറോ മലബാര്‍ സഭാ സിനഡ് തീരുമാനിച്ച രീതിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിന് എറണാകുളം-അങ്കമാലി അതിരൂപത വിസമ്മതിച്ചിരുന്നു. ജനാഭിമുഖ കുര്‍ബാന തുടരാന്‍ എറണാകുളം അങ്കമാലി അതിരൂപതയെ അനുവദിക്കണം എന്നാവശ്യപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികര്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി, പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ സാന്ദ്രി, ഫ്രാന്‍സിസ് മാര്‍പ്പാപ്പ എന്നിവര്‍ക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും സിറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡ് അംഗങ്ങളായ മെത്രാപ്പോലീത്താമാരെയും, അതിരൂപതയിലെ ഏതാനും വൈദികരെയും മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം പൗരസ്ത്യ തിരു സംഘത്തിന്റെ അധ്യക്ഷന്‍ വത്തിക്കാനിലേക്ക് വിളിച്ച് വരുത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു. തുടര്‍ന്ന് സഭയുടെ ഔദ്യോഗിക തീരുമാനം അംഗീകരിക്കാന്‍ എറണാകുളം-അങ്കമാലി അതിരൂപതയോട് ആവശ്യപ്പെടുകയായിരുന്നു.
ഈ കാര്യത്തില്‍ കര്‍ശനമായ നടപടിയിലേക്ക് വത്തിക്കാന്‍ നീങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മാര്‍പ്പാപ്പയുടെ തീരുമാനം നേരിട്ടറിയിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ലിയോനോപ്പോള്‍ഡോ ജിറേലി അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്റണി കരിയിലിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്.
ഏകീകൃത കുര്‍ബാന സംബന്ധിച്ച് എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടക്കുന്ന തര്‍ക്കം ഇതോടെ മറ്റൊരു തലത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകളാണ് പുറത്തു വരുന്നത്. വിമത വൈദികരുടെ നേതൃത്വത്തില്‍ അല്‍മായരെ പങ്കെടുപ്പിച്ചു കൊണ്ട് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നതായി സൂചനകള്‍ പുറത്ത് വരുന്നുണ്ട്. ഇക്കാര്യത്തില്‍ എന്ത് സമീപനം സ്വീകരിക്കണം എന്ന് ചര്‍ച്ച ചെയ്യാന്‍ ബിഷപ്പ് ഹൗസില്‍ ഇന്ന് യോഗം ചേരും.
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂരിപക്ഷം വിശ്വാസികളും ഏതാനും വൈദികരും വത്തിക്കാന്‍ പറയുന്നത് അനുസരിച്ച് സഭാ സിനഡിന്റെ തീരുമാനത്തിനൊപ്പം നില്ക്കാന്‍ ആഗ്രഹിക്കുന്നവരാണെന്ന് ഞങ്ങളുടെ പ്രതിനിധി റിപ്പോര്‍ട്ട് ചെയ്യുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.