ഫക്രുദ്ദീൻ അലി അഹമ്മദ്: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ത്യൻ രാഷ്ട്രപതി

ഫക്രുദ്ദീൻ അലി അഹമ്മദ്: അടിയന്തരാവസ്ഥ  പ്രഖ്യാപിച്ച ഇന്ത്യൻ രാഷ്ട്രപതി

ഭാരതത്തിന്റെ രാഷ്ട്രപതിമാർ: പരമ്പര - 5

ജവഹർലാൽ നെഹ്റുവിന്റെ അവസാന കാലത്ത് നേരിയ തോതിൽ ആരംഭിച്ച കോൺഗ്രസിലെ ഗ്രൂപ്പിസം 1969 ആയപ്പോഴേക്കും പൊട്ടിത്തറിയുടെ വക്കിലായിരുന്നു. അതിന് തീ പകരുന്നതായിരുന്നു ഇന്ദിരയുടെ പിന്തുണയോടെയുള്ള വി.വി ഗിരിയുടെ രാഷ്ട്രപതി പദം.

ഗിരി പ്രഥമ പൗരനായി ചുമതലയേറ്റ് രണ്ട് മാസം കഴിഞ്ഞ് 1969 നവംബർ 12 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ കോൺഗ്രസിൽ നിന്ന് പ്രസിഡന്റ് എസ്. നിജലിംഗപ്പയുടെ നേതൃത്വത്തിലുള്ള പ്രവർത്തക സമിതി പുറത്താക്കി. അതോടെ പാർട്ടി പിളർന്നു.

നിജലിംഗപ്പ വിഭാഗം സംഘടനാ കോൺഗ്രസ് അഥവാ പ്രതിപക്ഷ കോൺഗ്രസ് എന്നും ഇന്ദിരാ വിഭാഗം ഭരണ കോൺഗ്രസ് എന്നും അറിയപ്പെട്ടു. അക്കാലത്ത് ഇന്ദിരയുടെ വിശ്വസ്തൻമാരിൽ ഒരാളായിരുന്നു ഫക്രുദ്ദീൻ അലി അഹമ്മദ്.
1905 മെയ് 13 ന് ഡൽഹിയിലെ സമ്പന്ന കുടുംബത്തിലാണ് ഫക്രുദ്ദീന്റെ ജനനം.

ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജ്, സെന്റ് കാതറീൻ കോളജ്, കേംബ്രിഡ്ജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1931 ൽ കോൺഗ്രസിൽ ചേർന്ന് സജീവ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു തുടങ്ങിയ അദ്ദേഹം 1937 ൽ അസം നിയമസഭാംഗവും 1952 ൽ രാജ്യസഭാംഗവും 1966 ൽ കേന്ദ്ര മന്ത്രിയുമായി.

1974 ലെ രാഷ്ട്രപതി പദത്തിലേക്ക് ഇന്ദിര നിർദേശിച്ചതും ഫക്രുദ്ദീൻ അലിയുടേ പേരായിരുന്നു. ആർഎസ്പി സ്ഥാപകാംഗമായ ത്രിദിബ് ചൗധരിയായിരുന്നു പ്രതിപക്ഷ സ്ഥാനാർഥി. ഫക്രുദ്ദീൻ അലി 7,65,587. ത്രിദിബ് ചൗധരി 1,89,196 എന്നിങ്ങനെയായിരുന്നു വോട്ട് നില. തിരഞ്ഞെടുക്കപ്പെടാൻ നേരിയ സാധ്യത പോലുമില്ലാത്തവർ സ്ഥാനാർഥിയാവുന്നത് അടക്കമുള്ള കാര്യങ്ങൾ നിയന്ത്രിക്കാൻ 1952 ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി നിയമവും ചട്ടങ്ങളും 1974 ൽ പാർലമെന്റ് ഭേദഗതി ചെയ്ത ശേഷം നടന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്.

പത്രികയിൽ 10 വോട്ടർമാർ രാഷ്ട്രപതി സ്ഥാനാർഥിയുടെ പേര് നിർദ്ദേശിക്കുകയും 10 പേർ പിന്താങ്ങുകയും വേണമെന്ന് വ്യവസ്ഥ വന്നു. കരുതൽ ധനമായി 2500 രൂപ നിശ്ചയിക്കപ്പെട്ടു. സ്ഥാനാർഥിക്ക് 20 വോട്ടർമാരെ കൂടെ ഹർജിക്കാരാക്കി മാത്രമേ സുപ്രീം കോടതിയിൽ രാഷ്ട്രപതി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്യാനാകുവെന്ന വ്യവസ്ഥയും പ്രാബല്യത്തിൽ വന്നു.
1974 ഓഗസ്റ്റ് 24 നാണ് ഫക്രുദ്ദീൻ അലി അഹമ്മദ് ഇന്ത്യയുടെ രാഷ്ട്രപതിയാകുന്നത്.

ഇന്ത്യയുടെ ചരിത്രത്തിലെ സംഭവ ബഹുലമായ ഒരു കാലഘട്ടത്തിലായിരുന്നു അദ്ദേഹം രാഷ്ട്രപതി ആയിരുന്നത്. അടിയന്തരാവസ്ഥ, മിസാ ഓർഡിനൻസുകൾ തുടങ്ങിയവയുടെ പ്രഖ്യാപനങ്ങൾക്ക് രാജ്യത്തിന്റെ പരമോന്നത തലവൻ എന്ന നിലയിൽ കയ്യൊപ്പു ചാർത്തിയത് അദ്ദേഹമായിരുന്നു. 1975 ൽ യൂഗോസ്ലാവ്യ സന്ദർശിക്കുമ്പോൾ യൂണിവേഴ്സിറ്റി ഓഫ് പ്രസ്റ്റീന ഡോക്ടറേറ്റ് നൽകി ഫക്രുദ്ദീൻ അലിയെ ആദരിക്കുകയുണ്ടായി.

1971 ൽ ഇന്ദിരാഗാന്ധിയോട് ലോകസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രാജ നാരായണൻ തിരഞ്ഞെടുപ്പ് കൃത്രിമം, സർക്കാർ വസ്തുവകകൾ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കൽ എന്നീ കുറ്റങ്ങൾ ആരോപിച്ച് ഇന്ദിരയ്ക്കെതിരായി അലഹബാദ് ഹൈക്കോടതിയിൽ കേസുകൊടുത്തു. 1975 ജൂൺ 12 ന് ജസ്റ്റിസ് ജഗ്മോഹൻലാൽ സിൻ‌ഹ ഇന്ദിരാഗാന്ധിയെ ഭരണകൂടത്തിന്റെ വസ്തുവകകൾ തിരഞ്ഞെടുപ്പു പ്രചരണത്തിനായി വിനിയോഗിച്ചു എന്ന കുറ്റത്തിന് കുറ്റക്കാരിയായി വിധിച്ചു. ഇന്ദിരയുടെ തിരഞ്ഞെടുപ്പു വിധി കോടതി റദ്ദാക്കുകയും ലോകസഭാ സീറ്റ് റദ്ദാക്കുകയും ചെയ്തു. അടുത്ത ആറു വർഷത്തേക്ക് ഏതെങ്കിലും തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി മത്സരിക്കുന്നതിൽ നിന്ന് കോടതി വിലക്കി. ഈ അവസരം കോൺഗ്രസിലെ മുൻ സിൻഡിക്കേറ്റ് വിഭാഗവും സോഷ്യലിസ്റ്റ് പാർട്ടിക്കാരും പ്രയോജനപ്പെടുത്തി.

രാജ്യത്ത് ഇന്ദിരാ വിരുദ്ധ പ്രതിഷേധങ്ങൾ ശക്തമാക്കി. അതോടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഉപദേശം അനുസരിച്ച് രാഷ്ട്രപതി ആയിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എല്ലാ ആറുമാസം തോറും അടിയന്തരാവസ്ഥ തുടരുവാനുള്ള അനുമതിയും നൽകി. ഇത് 1977 ൽ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ തുടർന്നു.

ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി, 1975 ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി, അസമിൽ ഗോപിനാഥ ബർദലോയി മന്ത്രിസഭയിൽ ധനകാര്യവകുപ്പു മന്ത്രിയായ ശേഷം രാഷ്ട്രപതിയായ വ്യക്തി എന്നിവയാണ് അദ്ദേഹത്തിന്റെ പ്രത്യേകതകൾ. രാഷ്ട്രപതിയായിരിക്കെ ഫക്രുദ്ദീൻ അലി 1977 ഫെബ്രുവരി 11 ന് എഴുപതിയൊന്നാം വയസിൽ അന്തരിച്ചു. ഡോ. സാക്കിർ ഹുസൈനു ശേഷം പദവിയിലിരിക്കെ മരിക്കുന്ന രണ്ടാമത്തെ രാഷ്ട്രപതിയാണ് ഫക്രുദ്ദീൻ അലി.

തുടരും…..

ഭാരതത്തിന്റെ രാഷ്ട്രപതിമാർ എന്ന പരമ്പരയുടെ ആദ്യ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.