വിവിധ തലങ്ങളില്‍ ക്രൈസ്തവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണം; മന്ത്രി വി. ശിവന്‍കുട്ടിക്ക് എസ്.എം.വൈ.എം പാലാ രൂപത നിവേദനം നല്‍കി

വിവിധ തലങ്ങളില്‍ ക്രൈസ്തവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണം; മന്ത്രി വി. ശിവന്‍കുട്ടിക്ക് എസ്.എം.വൈ.എം പാലാ രൂപത നിവേദനം നല്‍കി

പാലാ: വിവിധ തലങ്ങളില്‍ ക്രൈസ്തവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടിക്ക് എസ്.എം.വൈ.എം പാലാ രൂപത നിവേദനം നല്‍കി. ക്രൈസ്തവ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും കേരള സംസ്ഥാന യുവജനോത്സവത്തില്‍ സുറിയാനി പാട്ട് മത്സരം ഉള്‍ക്കൊള്ളിക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് എസ്.എം.വൈ.എം നിവേദനം നല്‍കിയത്.

കേരള നവോത്ഥാനത്തിന് സമഗ്ര സംഭാവന നല്‍കിയ ക്രൈസ്തവ സാമൂഹിക പരിഷ്‌കര്‍ത്തകള്‍ക്ക് പാഠപുസ്തകങ്ങളില്‍ അര്‍ഹമായ പരിഗണന നല്‍കണമെന്നും അവരുടെ സംഭാവനകള്‍ തമസ്‌ക്കരിക്കാന്‍ പാടില്ലാത്തതാണെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു. വൈക്കം സത്യാഗ്രഹത്തില്‍ സജീവമായി പങ്കെടുക്കുകയും പിന്തുണ നല്‍കുകയും ചെയ്ത നേതാക്കളേയും ചാന്നാര്‍ സമരത്തിലെ ക്രൈസ്തവരുടെ പങ്കിനെയും നിവേദനത്തില്‍ വിശദീകരിക്കുന്നുണ്ട്.

അതോടൊപ്പം ക്രൈസ്തവ ചരിത്രം തെറ്റായി വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നും അഭ്യര്‍ത്ഥിച്ചു. കൂടാതെ ക്രൈസ്തവ വികാരത്തെയും ഭാഷയുടെ പ്രാധാന്യത്തെയും കണക്കിലെടുക്കണമെന്നും വിദ്യാഭ്യാസ മന്ത്രിയോട് സംഘടന ആവശ്യപ്പെട്ടു.

ജലവിഭവ വകുപ്പ് മന്ത്രിറോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിലാണ് നിവേദനം നല്‍കിയത്. എസ്.എം.വൈ.എം പാല രൂപത സമിതിക്കു വേണ്ടി പ്രസിഡന്റ് ജോസഫ് കിണറ്റുകര നിവേദനം കൈമാറി. രൂപത ഡയറക്ടര്‍ റവ. ഫദര്‍ മാണി കൊഴുപ്പന്‍കുറ്റി, രൂപത സെക്രട്ടറി ടോണി കവിയില്‍, കൗണ്‍സിലര്‍ ലിയ തെരേസ് ബിജു തുടങ്ങിയവരും സന്നിഹിതരായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.