അനുദിന വിശുദ്ധര്‍ - ജൂലൈ 27
ക്രിസ്ത്യാനിയായിരിക്കെ തന്നെ വിശ്വാസം ഉപേക്ഷിക്കുകയും വീണ്ടും ക്രിസ്തുവിനെ ഏറ്റുപറഞ്ഞ് അവിടുത്തേക്ക് വേണ്ടി രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത വിശുദ്ധനാണ് പാന്തലിയോണ്‍.
കത്തോലിക്ക തിരുസഭയിലെ പതിനാലു വിശുദ്ധ സഹായകരില്‍ ഒരാളായ വിശുദ്ധ പാന്തലിയോണ്‍ ഭിഷഗ്വരന്‍മാരുടെയും ആതുര ശുശ്രൂഷാ രംഗത്തുള്ളവരുടെയും കരയുന്ന കുഞ്ഞുങ്ങളുടെയും പ്രത്യേക മധ്യസ്ഥനാണ്. എ.ഡി 275 ല്‍ നികോമേഡിയയിലെ ഒരു ധനിക കുടുംബത്തില്‍ ജനിച്ച പാന്തലിയോണ്‍ ക്രിസ്ത്യാനിയായ അമ്മയുടെ പ്രത്യേക ശിക്ഷണത്തിലും പ്രാര്‍ത്ഥനാരൂപിയിലുമാണ് വളര്‍ന്നു വന്നത്.
എങ്കിലും അമ്മയുടെ മരണശേഷം അദ്ദേഹം ക്രിസ്തുമതം ഉപേക്ഷിച്ചു. ഇതിനോടകം പാന്തലിയോണ്‍ പ്രശസ്തനായ ഭിഷഗ്വരന്‍ യുഫ്രോസിനോസിന്റെ കീഴില്‍ വൈദ്യശാസ്ത്രം പഠിക്കുകയും അന്നത്തെ ഭരണാധികാരിയായ ഗലേറിയോസിന്റെ വൈദ്യനായി ചുമതലയേല്‍ക്കുകയും ചെയ്തു.
നികോമേഡിയയിലെ അന്നത്തെ ബിഷപ്പായ ഹെര്‍മോലൗസ് പാന്തലിയോണുമായുള്ള സംഭാഷണ വേളയില്‍ 'യേശുവാണ് യഥാര്‍ത്ഥ വൈദ്യന്‍' എന്നുള്ള ആശയത്തെ ഊന്നിപ്പറയുകയും അതിനുള്ള ഉദാഹരണങ്ങള്‍ നല്‍കുകയും ചെയ്തു.
ബിഷപ്പിന്റെ സംസാരത്തില്‍ നിന്ന്, വൈദ്യന്റെ ഉപദേശത്തേക്കാളുപരിയായി ക്രിസ്തുവിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥ സൗഖ്യം പ്രാപിക്കാന്‍ അടിസ്ഥാനപരമായ ആവശ്യം എന്ന് തിരിച്ചറിഞ്ഞ പാന്തലിയോണ്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക് തിരികെ വരികയാണുണ്ടായത്.
അതിനു ശേഷം യേശുവിന്റെ നാമത്തില്‍ അത്ഭുതകരമായി ഒരു അന്ധനെ സുഖപ്പെടുത്തിയ പാന്തലിയോണ്‍ അവിശ്വാസിയായ അദ്ദേഹത്തിന്റെ പിതാവിനെയും ക്രൈസ്തവ വിശ്വാസത്തിലേക്ക് കൊണ്ടു വന്നു. സ്വന്തം പിതാവിന്റെ മരണ ശേഷം കണക്കറ്റ സ്വത്തുക്കള്‍ക്കുടമയായി മാറിയ അദ്ദേഹം അവയെല്ലാം ദരിദ്രര്‍ക്കും അനാഥര്‍ക്കും നല്‍കിക്കൊണ്ട് ക്രിസ്തു പഠിപ്പിച്ച സ്‌നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും മാതൃക കാണിച്ചു കൊടുത്തു.
ഒടുവില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലും വിശ്വാസ ജീവിതത്തിലും അസൂയ പൂണ്ട സഹപ്രവര്‍ത്തകര്‍ എ.ഡി 305 ല്‍ ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ ക്രൈസ്തവ പീഡനത്തിന് പാന്തലിയോണിനെ ഏല്‍പിച്ചു കൊടുത്തു. ശിരഛേദം ചെയ്യപ്പെട്ട് ധീര രക്ത സാക്ഷിത്വം വരിച്ച വിശുദ്ധന്റെ അത്ഭുതകരമായ സുഖപ്പെടുത്താനുള്ള കഴിവുകൊണ്ടാണ് വിശ്വാസികളുടെ ഇടയില്‍ വളരെയധികം വണക്കത്തിന് യോഗ്യനായത്.
ഒരു കൈയ്യില്‍ മരുന്ന് പെട്ടിയും സ്പൂണും മറു കൈയ്യില്‍ രക്തസാക്ഷികളുടെ കുരിശുരൂപവും ഏന്തിയ വിശുദ്ധ പാന്തലിയോണിന്റെ ചിത്രം വളരെ പ്രസിദ്ധമാണ്. ആറാം നൂറ്റാണ്ടില്‍ ജസ്റ്റീനിയന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റാന്റിനോപ്പിളില്‍ പണികഴിപ്പിച്ച പാന്തലിയോണ്‍ ദേവാലയവും ജോര്‍ദാനിലെ പാന്തലിയോണ്‍ ആശ്രമവുമാണ് വിശുദ്ധന്റെ നാമധേയത്തിലുള്ള പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങള്‍.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. സെലസ്റ്റിന്‍ പ്രഥമന്‍ പാപ്പാ
2. എഫേസൂസിലെ കോണ്‍സ്റ്റന്റൈന്‍
3. റവേന്നാ ബിഷപ്പായിരുന്ന എക്ലെസിയൂസ്
4. കോര്‍ഡോവയിലെ ഔറേലിയൂസ്, ജോര്‍ജ്
5. കോണ്‍സ്റ്റാന്റിനോപ്പിളിലെ മഠാധിപതിയായിരുന്ന അന്തൂസ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26