ലണ്ടന്‍: ബ്രിട്ടനില്‍ അടുത്ത പ്രധാനമന്ത്രിയാകാന്‍ മുന്‍ധനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ റിഷി സുനകും വിദേശകാര്യമന്ത്രി ലിസ് ട്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. സാമ്പത്തിക നയങ്ങള്‍ സംബന്ധിച്ച് ബിബിസിയില്‍ നടന്ന ആദ്യ ടിവി സംവാദത്തിനുശേഷം നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പില്‍ സുനകിനാണു നേരിയ മുന്‍തൂക്കം. സംവാദത്തില്‍ മികച്ച പ്രകടനം സുനകിന്റേതായിരുന്നുവെന്ന് 39 പേര്‍ രേഖപ്പെടുത്തി. ട്രസിനു 38 ശതമാനം വോട്ട് കിട്ടി.
അതേസമയം, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വോട്ടര്‍മാരില്‍ ട്രസിനെ 47 ശതമാനം പിന്തുണ ലഭിച്ചു. സുനകിന് 38 ശതമാനവും. പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ വോട്ടര്‍മാര്‍ ഏറെയും സുനകാണ് പിന്തും നല്‍കിയത്. 1032 ബ്രിട്ടിഷ് പൗരന്മാര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേ ഫലം കണക്കാക്കുമ്പോള്‍ ഇരുവര്‍ക്കുമിടയില്‍ ഒരു ശതമാനം മാത്രമാണു വ്യത്യാസം.
ടിവി സംവാദത്തില്‍ ഇരുവരും സാമ്പത്തിക, നികുതി നയങ്ങളുടെ പേരിലാണ് ഏറ്റുമുട്ടിയത്. നികുതിയിളവുകള്‍ക്കായുള്ള ട്രസിന്റെ നയങ്ങള്‍ രാജ്യത്തെ ദുരിതത്തിലേക്കു നയിക്കുമെന്ന് സുനക് വാദിച്ചു. മറ്റൊരു രാജ്യവും ഇത്രയേറെ നികുതിഭാരം അടിച്ചേല്‍പിക്കുന്നില്ലെന്നും ഭാവിവളര്‍ച്ചയ്ക്ക് സുനകിനു പദ്ധതിയില്ലെന്നും ട്രസ് തിരിച്ചടിച്ചു.
യുകെയിലെ ഇപ്പോഴത്തെ നികുതിബാധ്യതയുടെ കാരണം കോവിഡ് മഹാമാരി സമയത്തെ അപ്രതീക്ഷിത സര്‍ക്കാര്‍ ചെലവഴിക്കലാണെന്നും നികുതിയിളവിനേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണെന്നും സുനക് വ്യക്തമാക്കി. നികുതിയിളവ് നല്‍കിയാല്‍ ലക്ഷക്കണക്കിന് പേരെ ദുരിതത്തിലേക്ക് തള്ളിവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ സുനകിന് വളര്‍ച്ചപദ്ധതികളൊന്നും ഇല്ലെന്നും ട്രസ് തിരിച്ചടിച്ചു.
പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ചൈനക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്ന സുനികിന്റെ പ്രഖ്യാപനം വലിയ സ്വീകാര്യതയാണ് സമ്മാനിച്ചത്. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ വിഷയത്തില്‍ സുനകിന് അയഞ്ഞ നിലപാടുള്ളതെന്ന ലിസ് ട്രസ്സിന്റെ ആരോപണത്തിന് മറുപടി കൂടിയായിരുന്നു സുനകിന്റെ പ്രതികരണം.
സംസ്‌കാരികമായും ഭാഷാപരമായും ചൈനീസ് സ്വാധീനമുളവാക്കുന്ന ബ്രിട്ടനിലെ മുപ്പതോളം കണ്‍ഫ്യൂഷസ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്നും ബ്രിട്ടനിലെ സര്‍വകലാശാലകളില്‍ നിന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പുറത്താക്കുമെന്നും സുനക് ഉറപ്പു നല്‍കി. സൈബറിടങ്ങളിലെ ചൈനീസ് അധിനിവേശം തടയുന്നതിനായി 'നാറ്റോ ശൈലി'യിലുള്ള അന്താരാഷ്ട്രസഹവര്‍ത്തിത്വം വികസിപ്പിക്കുമെന്നും സുനക് അറിയിച്ചു.
1.80 ലക്ഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടത്തുന്ന വോട്ടെടുപ്പിലൂടെയാണു രണ്ടു പേരിലൊരാളെ പുതിയ നേതാവായി തിരഞ്ഞെടുക്കുക. സെപ്റ്റംബര്‍ രണ്ടിനാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്. അഞ്ചു വിജയിയെ പ്രഖ്യാപിക്കും. നിരവധി ടെലിവിഷന്‍ ചര്‍ച്ചകള്‍ക്കും ജനങ്ങള്‍ക്കിടയില്‍ നേരിട്ടുള്ള പ്രചാരണങ്ങള്‍ക്കും ശേഷമാണ് അന്തിമ വോട്ടെടുപ്പ് നടക്കുക. റിഷി സുനകും ലിസ് ട്രസും തുല്യ ശക്തരായ സ്ഥാനാര്‍ത്ഥികളാണ്. എങ്കിലും 66 ശതമാനം വോട്ടോടെ ലിസ് ട്രസ് വിജയിക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍.
പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ വടക്കന്‍ ഇംഗ്ലണ്ടാണ് 46 കാരിയായ ട്രസിന്റെ തട്ടകം. ഓക്‌സ്ഫഡ് ബിരുദധാരിയായ ട്രസ് തന്നെ സോഷ്യല്‍ ഡെമോക്രാറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. 10 വര്‍ഷം എനര്‍ജി ആന്‍ഡ് ടെലി കമ്മ്യൂണിക്കേഷന്‍സ് ഇന്‍ഡസ്ട്രിയില്‍ കൊമേഴ്‌സ്യല്‍ മാനേജരായി ജോലി ചെയ്തു. 2010ല്‍ കോമണ്‍ ഹൗസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2012ല്‍ സ്റ്റേറ്റ് ഫോര്‍ എജ്യൂക്കേഷന്‍ ആന്‍ഡ് ചൈല്‍ഡ്‌കെയര്‍ പാര്‍ലിമെന്ററി അണ്ടര്‍ സെക്രട്ടറിയായി.
പിന്നീട് പരിസ്ഥിതി, ഭക്ഷ്യ, നഗരകാര്യ വകുപ്പുകളുടെ ചുമതലക്കാരിയായി. ഈ പരിചയസമ്പത്ത് പ്രചാരണ രംഗത്ത് ട്രസിന് മുതല്‍ക്കൂട്ടായി. 2021 സെപ്റ്റംബറില്‍ ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ വിദേശകാര്യ സെക്രട്ടറിയായി നിയമിക്കപ്പെട്ടതാണ് ജീവിതത്തില്‍ നിര്‍ണായക വഴിത്തിരിവായത്.
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ ട്രസ് സ്വീകരിച്ച നിലപാടുകള്‍ ലോകം ശ്രദ്ധിച്ചു. പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ നിശിത വിമര്‍ശകയായ ട്രസ് റഷ്യക്കെതിരെ കടുത്ത ഉപരോധങ്ങളും ചുമത്താന്‍ മുന്നിട്ടിറങ്ങി. ബ്രെക്‌സിറ്റിന് എതിരായിരുന്നിട്ടു കൂടി യൂറോപ്യന്‍ യൂണിയനുമായുള്ള ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചതും ഇവരായിരുന്നു.
2020 ഫെബ്രുവരി മുതല്‍ എക്സ്ചെക്കറിന്റെ ചാന്‍സലറായിരുന്ന ബ്രിട്ടീഷ് ഇന്ത്യന്‍ വംശജനാണ് റിഷി സുനക്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ അദ്ദേഹം 2019 ജൂലൈ മുതല്‍ 2020 ഫെബ്രുവരി വരെ ട്രഷറി ചീഫ് സെക്രട്ടറിയായിരുന്നു. 2015 മുതല്‍ നോര്‍ത്ത് യോര്‍ക്ക്‌ഷെയറിലെ റിച്ച്മണ്ട് പാര്‍ലമെന്റ് അംഗമാണ്.
കിഴക്കന്‍ ആഫ്രിക്കയില്‍ നിന്ന് കുടിയേറിയ ഇന്ത്യന്‍ മാതാപിതാക്കളുടെ മകനായി സതാംപ്ടണില്‍ ജനിച്ച സുനക് വിദ്യാഭ്യാസം നേടിയത് വിന്‍ചെസ്റ്റര്‍ കോളജിലായിരുന്നു. തുടര്‍ന്ന് അദ്ദേഹം ഓക്‌സ്‌ഫോര്‍ഡിലെ ലിങ്കണ്‍ കോളജില്‍ തത്ത്വചിന്ത, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം എന്നിവ പഠിക്കുകയും പിന്നീട് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഫുള്‍ബ്രൈറ്റ് സ്‌കോളറായി എംബിഎ നേടുകയും ചെയ്തു.
2015 ലെ പൊതു തിരഞ്ഞെടുപ്പില്‍ റിച്ച്മണ്ടിലേക്ക് (യോര്‍ക്ക്) തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തെരേസ മേയുടെ രണ്ടാമത്തെ സര്‍ക്കാരില്‍ പാര്‍ലമെന്ററി അണ്ടര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി സേവനമനുഷ്ഠിച്ചു. മേ രാജിവച്ചതിന് ശേഷം, കണ്‍സര്‍വേറ്റീവ് നേതാവാകാനുള്ള ബോറിസ് ജോണ്‍സന്റെ പ്രചാരണത്തെ പിന്തുണച്ചയാളായിരുന്നു സുനക്. ജോണ്‍സണ്‍ പ്രധാനമന്ത്രിയായി നിയമിതനായ ശേഷം അദ്ദേഹം സുനക്കിനെ ട്രഷറിയുടെ ചീഫ് സെക്രട്ടറിയായി നിയമിച്ചു. 2020 ഫെബ്രുവരിയില്‍ രാജിവച്ചതിന് ശേഷം സാജിദ് ജാവിദിന് പകരമായി സുനക് ഖജനാവിന്റെ ചാന്‍സലറായി. ബോറിസ് ജോണ്‍സണുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് 2022 ജൂലൈ അഞ്ചിന് അദ്ദേഹം ചാന്‍സലര്‍ സ്ഥാനം രാജിവച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.