ബഗ്ദാദ്: ഇറാഖില്‍ നൂറുകണക്കിന് പ്രക്ഷോഭകര്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറി. ഇറാന്‍ പിന്തുണയുള്ള നേതാവിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതിലാണ് പ്രതിഷേധം. ഇറാഖില്‍ ഏറെ സ്വാധീനമുള്ള ഷിയാ നേതാവ് മുഖ്തദ അല്‍ സദ്റിന്റെ അനുയായികളാണ് പ്രക്ഷോഭവുമായി രംഗത്തെത്തിയത്. സൈന്യത്തിന്റെ പിന്തുണയോടെയാണ് പ്രക്ഷോഭം അരങ്ങേറുന്നത്. പാര്‍ലമെന്റിന് അകത്തേക്ക് പ്രവേശിക്കുന്നതിന് വേണ്ടി വഴിയൊരുക്കി നല്‍കിയത് ഉള്‍പ്പെടെ സൈന്യമാണ്.
മുന്‍ മന്ത്രിയും മുന്‍ പ്രവിശ്യ ഗവര്‍ണറുമായ മുഹമ്മദ് ഷിയ അല്‍ സുദാനിയാണ് ഇറാന്‍ അനുകൂല സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി. ഈ സ്ഥാനാര്‍ഥിത്വമാണ് പ്രതിഷേധക്കാര്‍ എതിര്‍ക്കുന്നത്. ഒരു ഘട്ടത്തിലും ഇരു രാജ്യങ്ങളും തമ്മില്‍ ഒരുമിച്ച് പോകാന്‍ സാധ്യതയില്ലെന്ന് ഷിയാ നേതാക്കള്‍ വാദിക്കുന്നു. ഇറാനില്‍ നിന്നും ഇറാഖിലേക്കുണ്ടായിട്ടുള്ള ആക്രമണങ്ങള്‍ തന്നെയാണ് ഇതിന് കാരണവും. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ 120ല്‍ അധികം തവണയാണ് റോക്കറ്റ് ആക്രമണം ഉണ്ടായത്.
പ്രക്ഷോഭകര്‍ രാത്രി പാര്‍ലമെന്റ് മന്ദിരത്തിലേക്കു കടക്കുമ്പോള്‍ എം.പിമാര്‍ അവിടെയുണ്ടായിരുന്നില്ല. തലസ്ഥാനമായ ബഗ്ദാദിലെ അതീവ സുരക്ഷയുള്ള ഗ്രീന്‍ സോണിലാണ് പ്രക്ഷോഭകര്‍ ഇരച്ചുകയറിയത്. സര്‍ക്കാര്‍ കെട്ടിടങ്ങളും നയതന്ത്ര കാര്യാലയങ്ങളും ഇവിടെയാണുള്ളത്. കെട്ടിടത്തിനകത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ മാത്രമാണുണ്ടായിരുന്നത്. ഇവര്‍ പ്രക്ഷോഭത്തോട് മൃദുസമീപനമാണ് സ്വീകരിച്ചത്. പ്രക്ഷോഭകര്‍ പാര്‍ലമെന്റ് പ്രദേശം വിട്ടുപോകണമെന്ന് പ്രധാനമന്ത്രി മുസ്തഫ അല്‍ കാഥിമി അഭ്യര്‍ഥിച്ചു.
മുഖ്തദ അല്‍ സദ്‌റിന്റെ സഖ്യം കഴിഞ്ഞ ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 73 സീറ്റ് നേടി 329 അംഗ പാര്‍ലമെന്റിലെ ഏറ്റവും വലിയ കൂട്ടായ്മ ആയിരുന്നു. എന്നാല്‍, വോട്ടെടുപ്പിന് ശേഷം പുതിയ സര്‍ക്കാറുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ നിലച്ചു. രാഷ്ട്രീയ നടപടികളില്‍നിന്ന് സദ്ര്‍ വിട്ടുനില്‍ക്കുകയും ചെയ്തു.
രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍നിന്നുള്ളവരാണ് പ്രക്ഷോഭകര്‍. ഇവര്‍, അല്‍ സുദാനി പുറത്തുപോവുക എന്ന മുദ്രാവാക്യം മുഴക്കി. ഗ്രീന്‍ സോണ്‍ പ്രവേശനകവാടത്തില്‍ പൊലീസ് സന്നാഹങ്ങളുമായി നിലയുറപ്പിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.