സിഡ്നി: ആഫ്രിക്കന്‍ രാജ്യമായ അംഗോളയിലെ ഖനിയില്‍ നിന്ന് പിങ്ക് നിറത്തിലുള്ള 170 കാരറ്റ് ശുദ്ധമായ വജ്രം കണ്ടെത്തി. മൂന്നൂറ് കൊല്ലത്തിനിടെ കണ്ടെടുത്ത ഏറ്റവും വലിപ്പമേറിയ വജ്രമാണിതെന്ന് ഓസ്ട്രേലിയന്‍ ഖനന കമ്പനിയായ ലുകാപ ഡയമണ്ട് കമ്പനി അവകാശപ്പെടുന്നു. 34 ഗ്രാം ഭാരമുള്ള അപൂര്‍വ വജ്രത്തിന് കോടിക്കണക്കിന് രൂപ വിലമതിക്കും.
ലുലോ റോസ് എന്നു പേര് നല്‍കിയിരിക്കുന്ന രത്നക്കല്ല് അംഗോളയിലെ വജ്രസമ്പന്നമായ ലുലോ ഖനിയില്‍ നിന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചരിത്ത്രില്‍ ഇതുവരെ കണ്ടെത്തിയ പിങ്ക് വജ്രങ്ങളില്‍ ഏറ്റവും വലിപ്പമേറിയതാണെന്ന് പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ പെര്‍ത്ത് ആസ്ഥാനമായുള്ള ലുകാപ ഡയമണ്ട് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. കമ്പനിയുടെ ഖനിത്തൊഴിലാളികളാണ് അംഗോളയില്‍ ഈ വജ്രം കണ്ടെത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ വജ്രം ലേലത്തിനെത്തിക്കും.
ടൈപ്പ് IIa വിഭാഗത്തിലുള്ള വജ്രമാണ് കണ്ടെത്തിയത്. പ്രകൃതിദത്ത കല്ലുകളുടെ ഏറ്റവും അപൂര്‍വവും ശുദ്ധവുമായ രൂപങ്ങളില്‍ ഒന്നാണ് IIa വിഭാഗത്തില്‍പ്പെടുന്ന വജ്രങ്ങള്‍.
ലുലോ റോസിനെ ചെത്തി മിനുക്കിയെടുത്താല്‍ മാത്രമേ കൃത്യമായ വില കണക്കാക്കാന്‍ സാധിക്കൂ. പരുക്കന്‍ വജ്രമായതിനാല്‍ ആകൃതിയിലാക്കി മാറ്റുക എന്നത് പ്രയാസമേറിയ ജോലിയാണ്. ചെത്തി പോളിഷ് ചെയ്യുന്നതിനിടെ രത്നക്കല്ലിന്റെ 50 ശതമാനം വരെ ഭാരം കുറയാറുണ്ട്.
ഇതേ പോലെ ലഭിച്ച വജ്രങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ റെക്കോഡ് വിലയ്ക്കാണ് നേരത്തെ വിറ്റുപോയിട്ടുള്ളത്. 2017 ല്‍ ഹോങ്കോങ്ങില്‍ നടന്ന ലേലത്തില്‍ 59.6 കാരറ്റ് പിങ്ക് സ്റ്റാര്‍ ലേലത്തില്‍ വിറ്റത് 71.2 ദശലക്ഷം യുഎസ് ഡോളറിനാണ് (5,68,99,83,600 രൂപ). ലോകത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ച വജ്രമായിരുന്നു പിങ്ക് സ്റ്റാര്‍.
ലുകാപ ഡയമണ്ട് കമ്പനിയും അംഗോളന്‍ സര്‍ക്കാരും തമ്മിലുള്ള സംയുക്ത സംരംഭത്തിന്റെ ഭാഗമായാണ് ഖനനം നടത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.