ലോക്‌സഭ പ്രക്ഷുബ്ദം, അസാധാരണം: സ്മൃതി ഇറാനിയോട് ക്ഷോഭിച്ച് സോണിയ ഗാന്ധി

 ലോക്‌സഭ പ്രക്ഷുബ്ദം, അസാധാരണം: സ്മൃതി ഇറാനിയോട് ക്ഷോഭിച്ച് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരി രാഷ്ട്ര പത്നിയെന്ന് വിളിച്ചതിനെ ചൊല്ലി ലോക്‌സഭയിലുണ്ടായ ബഹളത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മന്ത്രി സ്മൃതി ഇറാനിയും തമ്മില്‍ ചൂടേറിയ വാഗ്വാദവും നാടകീയ രംഗങ്ങളും.

അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിക്കുന്നതിനിടെ സ്മൃതി ഇറാനി സോണിയ ഗാന്ധിയുടെ പേര് ആവര്‍ത്തിച്ച് പറഞ്ഞതാണ് കോണ്‍ഗ്രസ് അധ്യക്ഷയെ ക്ഷുഭിതയാക്കിയത്.

സോണിയ ഗാന്ധി മാപ്പ് പറയൂ എന്ന് സ്മൃതി ഇറാനി സഭയില്‍ ആവശ്യപ്പെട്ടു. ഇതേറ്റു പിടിച്ച് മറ്റ് ബിജെപി എംപിമാര്‍ ബഹളംവെച്ചതോടെ സ്പീക്കര്‍ സഭ നിര്‍ത്തി വെക്കുയാണെന്ന് അറിയിച്ചു.

ഇതോടെ സഭയുടെ പുറത്തേക്ക് പോകാനൊരുങ്ങവേ വീണ്ടും മുദ്രാവാക്യം വിളിച്ച ബിജെപി എംപിമാരുടെ അടുത്തേക്ക് സോണിയ ഗാന്ധി തിരികെ ചെന്നു. രണ്ട് കോണ്‍ഗ്രസ് എംപിമാരും അവര്‍ക്കൊപ്പമുണ്ടായിരുന്നു.

എല്ലാവരേയും അതിശയിപ്പിച്ചുകൊണ്ട് ഭരണപക്ഷത്തേക്ക് നീങ്ങിയ സോണിയ 'അധീര്‍ രഞ്ജന്‍ ചൗധരി ഇതിനോടകം മാപ്പ് പറഞ്ഞുവെന്നും എന്തുകൊണ്ടാണ് എന്നെ ഇതിലേക്ക് വലിച്ചിഴക്കുന്നത്' എന്നും അവിടെയുണ്ടായിരുന്ന ബിജെപി എംപി രമാ ദേവിയോട് ചോദിച്ചു.

ഈ സമയത്ത് സ്മൃതി ഇറാനി കയറി ഇടപെടുകയായിരുന്നു. 'മാഡം, ഞാന്‍ നിങ്ങളെ സഹായിക്കട്ടെ, ഞാനാണ് നിങ്ങളുടെ പേര് എടുത്തിട്ടത്' സ്മൃതി പറഞ്ഞു. ഉടന്‍ തന്നെ തിരിച്ചടിച്ച് കൊണ്ട് എന്നോട് സംസാരിക്കരുതെന്ന് സോണിയ സ്മൃതിയോടായി പറഞ്ഞു. പിന്നീട് ഇരുപക്ഷവും തമ്മില്‍ ബഹളമായി. അതിനിടെ തന്നോട് മിണ്ടിപ്പോവരുതെന്ന് പറഞ്ഞ് സോണിയ ഗാന്ധി തട്ടിക്കയറിയെന്ന് ധന മന്ത്രി നിര്‍മ്മല സീതാരാമന്‍ ആരോപിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരും എന്‍സിപിയുടെ സുപ്രിയ സുലെയും ബഹളം വെച്ച ബിജെപി അംഗങ്ങളില്‍ നിന്ന് സോണിയ ഗാന്ധിയെ സമാധാനിപ്പിച്ച് പിന്നിലേക്ക് മാറ്റി. കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പിന്നീട് സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ രംഗത്തെത്തി.

അതേ സമയം ജിഎസ്ടി വര്‍ധനവില്‍ പ്രതിഷേധിച്ച മൂന്ന് അംഗങ്ങളെക്കൂടി രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എഎപിയുടെ സുശീല്‍ കുമാര്‍ ഗുപ്ത, സന്ദീപ് കുമാര്‍ പാഠക്, അസമിലെ സ്വതന്ത്ര അംഗം അജിത് കുമാര്‍ ഭുയിയാന്‍ എന്നിവരെയാണ് രണ്ടു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. രാജ്യസഭയില്‍ നിന്ന് കേരളത്തിലെ മൂന്ന് പേരുള്‍പ്പടെ 19 പേരെ ചൊവ്വാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.