അനുദിന വിശുദ്ധര്‍ - ജൂലൈ 29
ജെറൂസലേമിനടുത്ത് ബഥാനിയ എന്ന ഗ്രാമത്തിലായിരുന്നു മര്‍ത്താ തന്റെ സഹോദരന്‍ ലാസറിനും സഹോദരി മറിയത്തിനുമൊപ്പം താമസിച്ചിരുന്നത്. യൂദയായില്‍ ആയിരിക്കുമ്പോള്‍ ബഥാനിയായിലെ തന്റെ സുഹൃത്തുക്കള്‍ ആയിരുന്ന അവരുടെ ഭവനത്തില്‍ താമസിക്കുക എന്നത് യേശുവിനു വളരെയേറെ സന്തോഷമുള്ള കാര്യമായിരുന്നു.
ഇതിലൊരു സന്ദര്‍ശനം വിശുദ്ധ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്. ആ അവസരത്തില്‍ മര്‍ത്താ വളരെ തിടുക്കത്തില്‍ തന്റെ ഗുരുവിനെ ശുശ്രൂഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. മറിയം തന്റെ ജോലിയില്‍ സഹായിക്കാത്തത് കണ്ട് അവളോട് തന്നെ സഹായിക്കാന്‍ പറയാന്‍ മര്‍ത്താ യേശുവിനോടാവശ്യപ്പെട്ടു. എന്നാല്‍ 'മറിയം ശരിയായ ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു. അത് അവളില്‍ നിന്ന് നീക്കം ചെയ്യപ്പെടുകയില്ല' എന്ന യേശുവിന്റെ മറുപടി അവളെ അത്ഭുതപ്പെടുത്തി.
കുലീനരും സമ്പന്നരുമായിരുന്നു മര്‍ത്തായുടെ മാതാപിതാക്കള്‍. തങ്ങളുടെ ഗുരുവായിരുന്ന യേശുവിന് ആതിഥ്യമരുളുകയും പരിചരിക്കുകയും ചെയ്യുന്ന കാര്യത്തില്‍ അവള്‍ വളരെയേറെ ഉത്സാഹം കാണിച്ചിരുന്നു. യേശു സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തപ്പെട്ടതിനു ശേഷം മര്‍ത്തായേയും അവളുടെ സഹോദരി മറിയം, സഹോദരന്‍ ലാസര്‍, വേലക്കാരിയായിരുന്ന മാര്‍സെല്ല എന്നിവരെയും നിരവധി ക്രിസ്ത്യാനികളേയും ജൂതന്‍മാര്‍ പിടികൂടി.
നാവികരോ, തുഴയോ ഇല്ലാത്ത ഒരു കപ്പലില്‍ അവരെ ഇരുത്തി പുറംകടലിലേക്ക് ഒഴുക്കി വിട്ടു. ആ കപ്പല്‍ തകര്‍ന്ന് അവരെല്ലാവരും മുങ്ങി മരിക്കാന്‍ വേണ്ടിയായിരുന്നു ജൂതന്മാര്‍ അപ്രകാരം ചെയ്തത്. എന്നാല്‍ കരുണാമയനായ ദൈവം ആ കപ്പലിനെ നയിച്ചു. അങ്ങനെ അവരെല്ലാവരും സുരക്ഷിതരായി മാര്‍സെയില്ലെസില്‍ എത്തി.
അവരെല്ലാവരും ഒരുമിച്ച് ഈ അത്ഭുതത്തെക്കുറിച്ചു തങ്ങളുടെ പ്രബോധനങ്ങളില്‍ പറഞ്ഞു കൊണ്ട് മാര്‍സെയില്ലെയിലെ നിരവധി പേരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് കൊണ്ട് വന്നു. മരിച്ച ലാസറിനെ ക്രിസ്തു ഉയിര്‍പ്പിച്ചതിനു പിന്നില്‍ മര്‍ത്തയ്ക്ക് നിര്‍ണായക സ്വാധീനമുണ്ട്. ലാസര്‍ മരിച്ചതിന് ശേഷം മര്‍ത്താ പറയുന്ന വാക്കുകള്‍ വലിയ വിശ്വാസ സാക്ഷ്യമാണ്. 'അതേ കര്‍ത്താവേ, നീ ലോകത്തിലേക്ക് വരാനിരിക്കുന്ന ദൈവപുത്രനായ ക്രിസ്തു ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു'!
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ഫെലിക്‌സ് ദ്വിതീയന്‍ പാപ്പ
2. ഐറിഷുകാരനായ കീലിയന്‍
3. ഉമ്പ്രിയായിലെ ഫവുസ്തീനൂസ്
4. ലൂസില്ലാ, എവുജിന്‍, അന്റോണിനൂസ്, തെയോഡോര്‍
5. റോമില്‍ വച്ച് വധിക്കപ്പെട്ട സിപ്ലിസിയൂസ്, ഫവുസ്തനൂസ്, ബയാട്രിക്‌സ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26