ബിന്‍ ലാദന്‍ കുടുംബത്തില്‍ നിന്ന് ചാള്‍സ് രാജകുമാരന്‍ വന്‍ തുക സംഭാവന സ്വീകരിച്ചതായി ബ്രിട്ടീഷ് പത്രം; കൊട്ടാരത്തില്‍ വിവാദം

ബിന്‍ ലാദന്‍ കുടുംബത്തില്‍ നിന്ന് ചാള്‍സ് രാജകുമാരന്‍ വന്‍ തുക സംഭാവന സ്വീകരിച്ചതായി ബ്രിട്ടീഷ് പത്രം; കൊട്ടാരത്തില്‍ വിവാദം

ലണ്ടന്‍: ഭീകര സംഘടനയായ അല്‍ഖ്വയ്ദയുടെ നേതാവ് ഒസാമ ബിന്‍ലാദന്റെ കുടുംബത്തില്‍നിന്ന് ബ്രിട്ടീഷ് രാജകുടുംബാംഗമായ ചാള്‍സ് രാജകുമാരന്റെ ചാരിറ്റബിള്‍ ഫണ്ട് 10 ലക്ഷം പൗണ്ട് (പത്ത് കോടിയോളം രൂപ) സംഭാവന സ്വീകരിച്ചതായി റിപ്പോര്‍ട്ട്. ബ്രിട്ടനിലെ 'ദ സണ്‍ഡേ ടൈംസ്' പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഒസാമ കൊല്ലപ്പെട്ട ശേഷം 2013-ല്‍ ലാദന്റെ രണ്ട് അര്‍ധ സഹോദരന്മാരില്‍ നിന്ന് ചാള്‍സ് രാജകുമാരന്‍ പണം സ്വീകരിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വെയ്ല്‍സ് രാജകുമാരന്റെ ചാരിറ്റി സൊസൈറ്റിയാണ് (പിഡബ്ല്യുസിഎഫ്) തുക കൈപ്പറ്റിയത്.

സൂക്ഷ്മമായ പരിശോധനകള്‍ നടത്തിയാണ് പിഡബ്ല്യുസിഎഫ് ട്രസ്റ്റികള്‍ പണം സ്വീകരിച്ചതെന്ന് ക്ലാരന്‍ ഹൗസ് പറയുന്നു. അതിനെ മറ്റൊരു തരത്തില്‍ ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ തെറ്റാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ചാള്‍സ് രാജകുമാരന്‍ തന്റെ വസതിയായ ക്ലാരന്‍സ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് സൗദിയിലെ സമ്പന്ന കുടുംബത്തിന്റെ തലവനായ ബക്കര്‍ ബിന്‍ലാദനില്‍ നിന്നും ബക്കറിന്റെ സഹോദരന്‍ ഷഫീക്കില്‍ നിന്നും പണം സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, ബക്കര്‍ ബിന്‍ ലാദനും സഹോദരന്‍ ഷഫീഖിനും തീവ്രവാദ ബന്ധമുള്ളതായി തെളിഞ്ഞിട്ടില്ല.

അതേസമയം, ക്ലാരന്‍സ് ഹൗസിലെയും പിഡബ്ല്യുസിഎഫ് ലേയും ഉപദേഷ്ടാക്കളുടെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് പണം കൈപ്പറ്റിയതെന്നാണ് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള വിവിധ സ്രോതസുകളില്‍ നിന്ന് വിവരങ്ങള്‍ അന്വേഷിച്ച് കൃത്യമായി ജാഗ്രത പുലര്‍ത്തിയാണ് പണം സ്വീകരിച്ചതെന്ന് പിഡബ്ല്യുസിഎഫ് ചെയര്‍മാന്‍ ഇയാന്‍ ചെഷയര്‍ പറഞ്ഞു.

സംഭാവന സ്വീകരിച്ചതില്‍ ചാള്‍സിന് വ്യക്തിപരമായി പങ്കുണ്ടെന്ന ആരോപണം അദ്ദേഹത്തിന്റെ ക്ലാരന്‍സ് ഹൗസ് ഓഫിസ് നിഷേധിച്ചു. സംഭാവന സ്വീകരിക്കാനുള്ള തീരുമാനം പൂര്‍ണമായും ട്രസ്റ്റികളാണ് എടുത്തത്. മറ്റു റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതും കൃത്യമല്ലാത്തതുമാണ്. അഞ്ച് ട്രസ്റ്റികള്‍ കൃത്യമായ ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്.- പി.ഡബ്ല്യു.സി.എഫ് ചെയര്‍മാന്‍ ഇയാന്‍ ചെഷയര്‍ വിശദീകരിച്ചു.

2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്റെ കുടുംബത്തില്‍ നിന്ന് സംഭാവന സ്വീകരിക്കുന്നത് നല്ലതല്ലെന്ന ഉപദേശമാണ് ചാള്‍സിന് ലഭിച്ചതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അന്ന് കൊല്ലപ്പെട്ടവരില്‍ 67 പേര്‍ ബ്രിട്ടീഷ് പൗരന്മാരായിരുന്നു. ഒസാമ കൊല്ലപ്പെട്ട് രണ്ടുവര്‍ഷത്തിനു ശേഷമാണ് സംഭാവന സ്വീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.