മഴക്കെടുതിയില്‍ ഇതുവരെ ആറ് മരണം: അതിതീവ്ര മഴ നാല് ദിവസം തുടര്‍ന്നാല്‍ പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി

മഴക്കെടുതിയില്‍ ഇതുവരെ ആറ് മരണം: അതിതീവ്ര മഴ നാല് ദിവസം തുടര്‍ന്നാല്‍ പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴക്കെടുതിയില്‍ ഇതുവരെ ആറ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരാളെ കാണാതായി. അഞ്ചു വീടുകള്‍ പൂര്‍ണമായും 55 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

'അടുത്ത നാല് ദിവസത്തേക്ക് അതി തീവ്രതയോടെയുള്ള മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 2018 ലെ അനുഭവം നമ്മുടെ മുന്നിലുണ്ട്. തുടര്‍ന്നുള്ള വര്‍ഷത്തിലും രൂക്ഷമായ കാലവര്‍ഷക്കെടുതി ഉണ്ടായി. ആ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയാണ്'- മുഖ്യമന്ത്രി പറഞ്ഞു.

തെക്കന്‍ കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കുകയാണ്. വരും ദിവസങ്ങളില്‍ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമാകും. മഴക്കെടുതി നേരിടാന്‍ നേരത്തേ മുന്നൊരുക്കം ആരംഭിച്ചിരുന്നു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മഴവെള്ളപ്പാച്ചില്‍ എന്നിവ മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനം തുടങ്ങിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ഇടങ്ങളിലും വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങളെ മുന്‍കരുതലിന്റെ ഭാഗമായി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

എല്ലാ ജില്ലയിലും പോലീസിന്റെ പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ചൊവ്വാഴ്ച റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 200 മില്ലീ മീറ്ററില്‍ അധികം മഴയാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ച്ചയായി നാല് ദിവസം ഇത്തരത്തില്‍ മഴ ലഭിച്ചാല്‍ പ്രതിസന്ധിയുണ്ടാകാന്‍ ഇടയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ ദുരന്തനിവാരണ സേനയുടെ നാല് സംഘങ്ങള്‍ മുന്‍കൂറായി ഇടുക്കി, കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ നാല് അധിക സംഘങ്ങളെക്കൂടി സംസ്ഥാനത്ത് എത്തിക്കും. ഇവരെ കോട്ടയം, എറണാകുളം, കൊല്ലം, മലപ്പുറം ജില്ലകളില്‍ വിന്യസിക്കും.

ജലസേനചന വകുപ്പിന്റെ 17 അണക്കെട്ടുകളില്‍ നിന്നും വെള്ളം പുറത്തു വിടുന്നുണ്ട്. കെഎസ്ഇബിയുടെ വലിയ അണക്കെട്ടുകളില്‍ വെള്ളം തുറന്നുവിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.