ന്യുയോർക്ക്: 35 കുടുംബങ്ങളുടെ പ്രാർത്ഥനാ ഗ്രൂപ്പായി 1995-ൽ തുടക്കമിട്ട് സ്വന്തം ദേവാലയത്തിലേക്ക് നയിച്ച ദൈവ കൃപക്ക് നന്ദി അർപ്പിച്ചു കൊണ്ട് റോക്ക്ലാൻഡ് ഓറഞ്ച്ബർഗിലെ ബഥനി മാർത്തോമ്മാ ഇടവക ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. രണ്ടാഴ്ച മുൻപ് ഭദ്രാസനാധിപൻ മോസ്റ്റ് റവ ഡോ ഐസക് മാർ ഫീലക്സിനോസ് കൂദാശ ചെയ്തു ദൈവനാമത്തിൽ സമർപ്പിക്കപ്പെട്ട ദേവാലയത്തിന്റെ ഉദ്ഘാടനം ഒട്ടേറെ വൈദികരുടെയും ജനകീയ നേതാക്കളുടെയും സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായി.
ഓൾഡ് ഓറഞ്ച്ബർഗ് റോഡിൽ പണി തീർത്ത ദേവാലയത്തിന്റെ മനോഹാരിതയും പ്രകൃതിരമണീയതയോട് ഇണങ്ങി നിൽക്കുന്ന വാസ്തു വിദ്യയും പങ്കെടുത്തവരുടെ അഭിനന്ദനമേറ്റു വാങ്ങി. ഇതിനു പിന്നിൽ പ്രവർത്തിച്ചവരുടെ ത്യാഗനിർഭരമായ സേവനങ്ങളും അനുസ്മരിക്കപ്പെട്ടു
വികാരി റവ. ജേക്കബ് തോമസ് നയിച്ച പ്രാരംഭ പ്രാർഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. മെർലിൻ, മെലീസ എന്നിവരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്വയറും ജോൺ മാത്യുവിന്റെ നേതൃത്വത്തിൽ മലയാളം ക്വയറും പ്രാർത്ഥനാ ഗീതങ്ങളാലപിച്ചു. ജോസ് ജോർജ്, വൈ. ജോർജ്‌കുട്ടി എന്നിവർ പ്രാർത്ഥന നടത്തി.
പാരിഷിന്റെ ലഘു ചരിത്രം ഫിലിപ് വൈദ്യൻ വിവരിച്ചു. 2001 -ൽ പാരിഷ് ആയി അന്നത്തെ ഭദ്രാസനാധിപൻ സഖറിയാസ് മാർ തെയോഫിലോസ് അനുമതി നൽകിയ ദേവാലയം ഓറഞ്ച്ബർഗ് സൈക്ക്യാട്രിക് സെന്ററിലുള്ള കെട്ടിടത്തിൽ ആരംഭം കുറിച്ചു. എന്നാൽ 2006 -ൽ അവിടെ നിന്ന് ഒഴിയാൻ സൈക്ക്യാട്രിക് സെന്ററിന്റെ ഉടമസ്ഥാവകാശമുള്ള സ്റ്റേറ്റ് അധികൃതർ ആവശ്യപ്പെട്ടു. തുടർന്നാണ് റെസ്റ്റോറന്റായിരുന്ന ഇപ്പോഴത്തെ സ്ഥലം വാങ്ങിയതും കെട്ടിടം പള്ളിയായി രൂപപ്പെടുത്തിയതും. 2013 മുതൽ അവിടെ പുതിയ ദേവാലയത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 2021 ആയപ്പോഴേക്കും പള്ളി നിർമ്മാണം പൂർത്തിയായെങ്കിലും കോവിഡ് മൂലം ഉദ്ഘാടനം നീണ്ടു.
ആ കാത്തിരിപ്പ് സഫലമായി ഈ മുഹൂർത്തത്തിന് വഴിയൊരുക്കിയെന്ന് ഒരു പ്രാസംഗിക പറഞ്ഞത് അന്വർത്ഥമായി .
ചർച്ച് വൈസ് പ്രസിഡന്റ് സാം ജേക്കബ്, സെക്രട്ടറി ഡോ. സജൻ ഡാനിയൽ എന്നിവരായിരുന്നു ചടങ്ങിൽ എംസി മാർ. വിവിധ സഭാ വിഭാഗങ്ങളിൽ നിന്നുള്ള താഴെപ്പറയുന്ന വൈദികർ ചടങ്ങിൽ പങ്കെടുത്തു: റവ. ജോൺ ഡേവിഡ്‌സൺ ജോൺസൺ (ഓൾ സെയിന്റ് സി.എസ്.ഐ. ചർച്ച്, വാലി കോട്ടേജ്) റവ. പോൾ രാജൻ (സി.എസ്. ഐ. ക്രൈസ്റ്റ് ചർച്ച്, ടാപ്പൻ) വെരി റവ. ഫാ. ഗീവർഗീസ് ചട്ടത്തിൽ കോർ എപ്പിസ്‌കോപ്പ (സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് ചർച്ച്, ന്യു സിറ്റി) റവ. അജിത് വർഗീസ് (സെന്റ് ജെയിംസ് മാർത്തോമ്മാ ചർച്ച്, ഹിൽബേൺ), ഫാ. എബി പൗലോസ് (സെന്റ് ജോൺസ് ഓർത്തഡോക്സ് ചർച്ച്, ഓറഞ്ച്ബർഗ്), ഫാ. രാജു വർഗീസ് (സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഓഫ് റോക്ക് ലാൻഡ്, സഫേൺ) ഫാ. ബിബി (സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ചർച്ച്, ഹാവർസ്റ്റെ), ഫാ. മാത്യു തോമസ് (സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, വാലി കോട്ടേജ്), ഫാ. ആകാശ് പോൾ (സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ചർച്ച്, വെസ്റ്റ് നയക്ക്), ഫാ. തോമസ് മാത്യു (സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച്, ടാപ്പൻ), മോൺ. അഗസ്റ്റിൻ മംഗലത്ത് കോർ എപ്പിസ്‌കോപ്പ (സെന്റ് പീറ്റേഴ്സ് സീറോ മലങ്കര കാത്തലിക്ക് ചർച്ച്, ബ്ലോവൽട്), ഫാ. എബ്രഹാം വല്ലയിൽ (സെന്റ് കാതറിൻ ചർച്ച്, ബ്ലോവൽറ്റ്)
'നിങ്ങളുടെ കൂടെ ഈ സുദിനത്തിൽ പങ്കെടുക്കാൻ സാധിച്ചത് വലിയൊരു ആദരവായി കാണുന്നു'വെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത സ്റ്റേറ്റ് സെനറ്റർ എലിജാ റെയ്ക്ലിൻ മെൽനിക്ക് പറഞ്ഞു. ഈ പേര് പറയാൻ പ്രയാസമാണെന്നെനിക്കറിയാം. എന്തുകൊണ്ടോ എന്റെ മാതാപിതാക്കൾ ആ പേരാണെനിക്ക് നൽകിയത്.
ന്യൂയോർക്ക് സംസ്ഥാനത്തിലെ ജനങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അഭിമുഖീകരിക്കുന്ന സെനറ്റിൽ റോക്ക്‌ലാൻഡ് കൗണ്ടിയെ പ്രതിനിധീകരിക്കാൻ സാധിക്കുന്നത് എന്റെ ഭാഗ്യമായി കണക്കാക്കുന്നു.
ഇങ്ങനെ അർത്ഥവത്തായൊരു ഇടം സാക്ഷാത്കരിക്കാൻ ഈ ചർച്ച് കമ്മ്യൂണിറ്റി കൈക്കൊണ്ട സമർപ്പണം, ഇന്നിവിടെ ഒത്തു ചേർന്നിരിക്കുന്നവർക്ക് മാത്രമല്ല വരും തലമുറകൾക്കും പ്രയോജനകരമാകും. ഇവിടെ കല്യാണമോ മാമോദീസായോ പോലുള്ള ചടങ്ങുകൾ ആഘോഷിക്കുന്നതിനും ശവസംസ്കാര ശുശ്രൂഷകൾ നടത്തുന്നതിനും അവസരമൊരുക്കും.
ഈ സന്തോഷത്തിൽ എന്നെക്കൂടി ഭാഗമാക്കിയതിന് ഏവർക്കും നന്ദി. ന്യൂയോർക്കിലെ പല ഭാഗങ്ങളിൽ നിന്ന് ഈ ചടങ്ങ് ആഘോഷമാക്കാൻ റോക്ക്‌ലാൻഡിൽ എത്തിച്ചേർന്നിരിക്കുന്നവർക്കും നന്ദി. വൈവിധ്യം തന്നെയാണ് ന്യൂയോർക്ക് സംസ്ഥാനത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകത. ഈയാഴ്‌ച നമ്മൾ സംഘടിപ്പിച്ച ഒരു 'ബ്രെക്ക്ഫസ്റ്റ് ഗാതറിങ്ങിൽ', എല്ലാ മത നേതാക്കളെയും ക്ഷണിച്ചിരുന്നു. റോക്‌ലാൻഡ് കൗണ്ടിയിലെ എല്ലാ മസ്‌ജിദുകളിലും നിന്നും സിനഗോഗുകളിൽ നിന്നും ചർച്ചുകളിൽ നിന്നുമുള്ളവർ അതിന്റെ ഭാഗമായി.
ഏത് ദൈവത്തെ ആരാധിച്ചാലും, സാഹോദര്യത്തോടെയും സമാധാനത്തോടെയും ആളുകൾ കഴിയണമെന്നുള്ളതാണ് നമ്മുടെ ആവശ്യം. നമുക്ക് ചുറ്റും യുദ്ധങ്ങൾ നടക്കുന്നു. ദരിദ്രരെയും പട്ടിണിപ്പാവങ്ങളെയും നാം കാണുന്നു. ആളുകൾ പരസ്പരം ശത്രുതയോടെ നോക്കുന്നു. സ്നേഹവും ശാന്തിയുമാണ് യഥാർത്ഥത്തിൽ ജനങ്ങൾക്ക് വേണ്ടത്.
ഈ ചർച്ചിൽ ഒത്തു ചേർന്നിരിക്കുന്നവരുടെ ദൗത്യം സ്നേഹവും ശാന്തിയും പരത്തുക എന്നുള്ളതായിരിക്കണം. അതിലൂടെ നമ്മുടെ കമ്മ്യൂണിറ്റിയും, റോക്ക്‌ലാൻഡ് കൗണ്ടിയും, ന്യൂയോർക്ക് സംസ്ഥാനവും കൂടുതൽ മികച്ചതാക്കി മാറ്റാം. ഈ സന്ദേശം നമ്മുടെ മക്കൾക്കും ചെറു മക്കൾക്കും വരും തലമുറയ്ക്കും പകർന്നു കൊടുക്കാം.
രണ്ടായിരത്തില്പരം വർഷങ്ങളുടെ പഴക്കവും പാരമ്പര്യവുമുള്ള ആചാരങ്ങളും വിശ്വാസങ്ങളും ഇന്നും നില നിൽക്കുന്നത് നിങ്ങളിലൂടെയാണ്. നമ്മുടെ കമ്മ്യൂണിറ്റിയിൽ ഒരുപാട് നല്ല ആളുകൾ ഉണ്ടെന്ന് അറിയാൻ സാധിച്ചതിൽ അതിയായ സന്തോഷം. ഈ പാരമ്പര്യം മുന്നോട്ടു കൊണ്ടുപോകുന്നതിന് നന്ദി! ഇവിടെ എത്തിച്ചേർന്നതിന് നന്ദി!
സ്വർഗ്ഗ ലോകം പോലും ഈ സുന്ദര ദേവാലയം കണ്ട് പുഞ്ചിരി തൂകുന്നുണ്ടാകാം. ഈ ചർച്ച് സാക്ഷാത്കരിച്ച ഓരോരുത്തർക്കും അഭിനന്ദനം അറിയിക്കുന്നു.
ഈ നല്ല നാൾ ബഥനി മാർത്തോമാ ചർച്ച് ഡേ ആയി സെനറ്റർ എന്ന നിലയിൽ ഞാൻ അംഗീകരിക്കുന്നു-അദ്ദേഹം പറഞ്ഞു
ഈ സ്വപ്നം സാക്ഷാത്കരിക്കാൻ കഷ്ടപ്പെട്ട നിങ്ങൾ ഓരോരുത്തർക്കും എന്റെ അഭിന്ദനങ്ങൾ അറിയിക്കട്ടെ- റോക്ക്ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ തന്റെ ആശംസയിൽ പറഞ്ഞു. ഇവിടെ നിൽക്കുമ്പോൾ അങ്ങേയറ്റം അഭിമാനവും സന്തോഷവും തോന്നുന്നു. പഴയ പള്ളിയിലും ഞാൻ വന്നിട്ടുണ്ട്. പുതിയ ദേവാലയത്തിന്റെ നിർമ്മിതി വളരെ മനോഹരമായിട്ടുണ്ട്.
നിങ്ങളോട് എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്. ഉത്തരമറിയാവുന്നവർ പറയുക: പള്ളിയിൽ വന്നാൽ നിങ്ങൾക്ക് എന്താണ് കിട്ടുക?
സമാധാനം എന്നുള്ളതായിരിക്കും ആദ്യം മനസ്സിൽ എത്തുന്ന ഉത്തരം, അല്ലേ? മനസ്സിന്റെ സമാധാനമാണ് ആത്യന്തികമായി സ്നേഹത്തിലേക്ക് നയിക്കുന്നത്. എവിടെ പോയാലും നമ്മൾ ആഗ്രഹിക്കുന്ന രണ്ടു കാര്യങ്ങളാണ് സമാധാനവും സ്നേഹവും. ഇതു രണ്ടും കിട്ടുന്ന ഇടമാണ് ദേവാലയം.
പുറത്തേക്ക് കണ്ണോടിച്ചാൽ, നമുക്കറിയാം സ്നേഹവും സമാധാനവുമാണ് ഇന്ന് ആളുകൾക്ക് ഇല്ലാതായിരിക്കുന്നതെന്ന്. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ചങ്ങല കോർത്തിണക്കുന്ന കണ്ണികളായാണ് പള്ളികൾ നിലകൊള്ളുന്നത്. നമ്മൾ പണി കഴിപ്പിച്ചിരിക്കുന്ന ഈ പുതിയ ദേവാലയത്തിന്റെയും ഉദ്ദേശം അതുതന്നെയാണ്. നമ്മളുടെ ഹൃദയത്തിനുള്ളിലൊരു ദേവാലയമുണ്ടായിരിക്കണം. സമാധാനവും സ്നേഹവും വസിക്കുന്ന ഇടം. ചുറ്റുമുള്ളവരിലേക്ക് ആ സ്നേഹവും സമാധാനവും പകരുകയും പടർത്തുകയും വേണം. അത് മാത്രമാണ് നമുക്ക് ചെയ്യാനുള്ളത്.
റോക്‌ലാൻഡ് കൗണ്ടിയിലെ ലെജിസ്ലെച്ചറിനെ പ്രതിനിധീകരിച്ചുള്ള പ്രൊക്ലമേഷൻ അവർ വികാരി റവ. ജേക്കബ് തോമസിന് കൈമാറി. "റോക്‌ലാൻഡ് കൗണ്ടി ബഥനി മാർത്തോമ ചർച്ച് സമൂഹത്തിനു നൽകിയ സേവനങ്ങൾക്ക് അകമഴിഞ്ഞ നന്ദി. ജീവിതനിലവാരം മെച്ചപ്പെടുത്താൻ നടത്തിയ പ്രവർത്തനങ്ങളും സ്തുത്യർഹമാണ്. കമ്മ്യൂണിറ്റി അംഗങ്ങളുടെ മതപരമായ ആവശ്യങ്ങൾക്കപ്പുറം, ആഘോഷങ്ങളിലൂടെയും പരിപാടികൾ സംഘടിപ്പിച്ചും മറ്റു പ്രവർത്തനങ്ങളിലൂടെയും എല്ലാവരെയും ഒരു കുടക്കീഴിൽ നിർത്താൻ ചർച്ച് നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണ്. പുതു ദേവാലയത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്ന അനുഗ്രഹീതമായ ഈ വേളയിൽ, ബിഷപ്പിന്റെയും പള്ളിയുമായി ബന്ധപ്പെട്ട ഓരോരുത്തരുടെയും ആഹ്ലാദത്തിൽ ലജിസ്ലേച്ചറും പങ്കു ചേരുന്നു. ഈ ജൈത്രയാത്ര വരും കാലങ്ങളിലും തുടരാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു"-പ്രൊക്ലമേഷൻ വ്യക്തമാക്കി.
ജൂലൈ 30, 2022 റോക്ക്‌ലാൻഡ് കൗണ്ടിയിൽ ബഥനി മാർത്തോമാ ചർച്ച് ഡേ ആയി ആചരിക്കുമെന്നു പ്രൊക്ലമേഷനിൽ വ്യക്തമാക്കി.
പങ്കെടുത്ത വൈദികർക്കും വിശിഷ്ടാതിഥികൾക്കും ചർച്ചിന്റെ വക പ്ലാക്ക് നൽകി ആദരിച്ചു. ചർച്ച് നിർമാണ കമ്മിറ്റി അംഗങ്ങളെയും ചർച്ച് നിർമ്മാണ ചുമതല വഹിച്ച എ.സി.ജെ., അസ്റ്റൽ, ഫെലൻസർ സ്ഥാപന പ്രതിനിധികളെയും ചടങ്ങിൽ പ്ലാക്ക് നൽകി ആദരിച്ചു. മുൻ വികാരിമാർ വീഡിയോ വഴി സന്ദേശങ്ങൾ നൽകുകയും ചർച്ച് പുതിയ കെട്ടിടം നിർമ്മിച്ചതിൽ ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു.
സനിൽ ഡാനിയൽ, ജോസഫ് മാത്യു എന്നിവർ നന്ദി പ്രകാശിപ്പിച്ചു. വികാരി സമാപന പ്രാർത്ഥന നടത്തി.
തുടർന്നു നടന്ന സ്നേഹവിരുന്നും ഒത്തുകൂടലും വ്യത്യസ്താനുഭവമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.