ചാലക്കുടി: പോക്കറ്റടിച്ച പേഴ്സിൽ നിന്ന് പണം മാത്രമെടുത്ത് രേഖകൾ തിരികെ നൽകി മോഷ്ടാവിന്റെ ‘സത്യസന്ധത’. രേഖകൾ അടങ്ങിയ പേഴ്സ് തിരികെ ലഭിച്ചതോടെ ഉടമസ്ഥന്റെ നന്ദി പ്രകടനം. ചെക്യാട് പാറക്കടവ് സ്വദേശിയും ഡി.സി.സി. ജനറൽ സെക്രട്ടറിയുമായ മോഹനൻ പാറക്കടവാണ് പേഴ്സ് തിരികെ നൽകിയ കള്ളന് സാമൂഹിക മാധ്യമങ്ങൾ വഴി നന്ദിയറിയച്ചത്.
കോൺഗ്രസ്സ് നടത്തിയ ചിന്തൻ ശിബിരം കഴിഞ്ഞ് മടങ്ങി വരുമ്പോൾ കോഴിക്കോട് ബസ് സ്റ്റാൻഡ് പരിസരത്തു വെച്ചാണ് പേഴ്സ് കാണാതാവുന്നത്. വിവിധ രേഖകളും എ.ടി.എം. കാർഡും 700 രൂപയുമായിരുന്നു അതിലുണ്ടായിരുന്നത്. രാത്രിയിൽ സുഹൃത്തിനോട് പണം വാങ്ങി വീട്ടിലെത്തി. പുതിയ എ.ടി.എം. കാർഡുൾപ്പെടെയുള്ളവയ്ക്ക് അപേക്ഷ കൊടുക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് കോഴിക്കോട് പോസ്റ്റോഫീസിൽ നിന്ന് ഫോൺ വന്നത്. നഷ്ടപ്പെട്ട പേഴ്സ് ലഭിച്ചിട്ടുണ്ടെന്നും പക്ഷേ, പണമില്ലെന്നും പോസ്റ്റോഫീസിൽനിന്ന് അറിയിച്ചു. കാർഡുകൾ അതിലുണ്ടോ എന്നാണ് ആദ്യം തിരക്കിയത്.
മോഹനന്റേതുൾപ്പെടെ നാലു പേഴ്സുകൾ അവിടെ ലഭിച്ചു. പോക്കറ്റടിച്ച കള്ളൻ പണമെടുത്തശേഷം അവ തപാൽ ബോക്സിൽ നിക്ഷേപിക്കുകയായിരുന്നു. പോസ്റ്റൽ വകുപ്പിലെ സുഹൃത്തിന്റെ സഹായത്തോടെ നാട്ടിലെ പോസ്റ്റോഫീസിൽ പേഴ്സെത്തി.
ഇതോടെയാണ് പണം മാത്രമെടുത്ത് കാർഡുകളും രേഖകളും തിരിച്ചുതന്ന പോക്കറ്റടിക്കാരനോട് സോഷ്യൽ മീഡിയ വഴി മോഹനൻ നന്ദിയറിയിച്ചത്. ഒപ്പം പോസ്റ്റൽ വകുപ്പ് ജീവനക്കാരായ രഞ്ജിത്തിനെയും കരീമിനെയും നന്ദി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.