തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഓറഞ്ച് അലര്‍ട്ടുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ടിന് സമാനമായ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, ഏറനാട് താലൂക്കുകളിലും കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹൊസ്ദുര്‍ഗ് താലൂക്കുകളിലും അവധി പ്രഖ്യാപിച്ചു. എംജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.
ചില ജില്ലകളില്‍ താലുക്ക് അടിസ്ഥാനത്തിലാണ് അവധി. മലപ്പുറം, കാസര്‍ഗോട് ജില്ലകളിലെ ചില താലുക്കുകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ സമ്പൂര്‍ണ അവധി പ്രഖ്യാപിച്ചതായുള്ള പ്രചാരണം വ്യാജമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രൊഫഷനല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ അവധി ബാധകമാണ്. വയനാട്ടില്‍ റസിഡന്‍ഷ്യല്‍ വിദ്യാലയങ്ങള്‍ക്ക് അവധി ബാധകമല്ല. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ മാത്രമാണ് ഒരു തരത്തിലുമുള്ള അവധി പ്രഖ്യാപിച്ചിട്ടില്ലാത്തത്.
അതേസമയം തെന്മല, മലമ്പുഴ ഡാമുകള്‍ ഇന്ന് തുറക്കും. ഇന്ന് രാവിലെ 11 മണിക്ക് തെന്മല ഡാമിന്റെ ഷട്ടര്‍ തുറക്കും. ഡാമിന്റെ മൂന്ന് ഷട്ടറുകളും 50 സെന്റിമീറ്റര്‍ വീതമാകും ഉയര്‍ത്തുക. മൊത്തം സംഭരണ ശേഷിയുടെ 71 ശതമാനം ജലമാണ് നിലവില്‍ അണക്കെട്ടിലുള്ളത്. കല്ലടയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.
പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ രാവിലെ 9ന് തുറക്കും. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. മുല്ലപ്പെരിയാറിന്റെ സ്പില്‍വേ ഷട്ടറുകള്‍ രാവിലെ 10ന് തുറന്നേക്കും. ജലനിരപ്പ് നിലവില്‍ 136.15 അടിയായി ഉയര്‍ന്നു. റൂള്‍ കര്‍വ് പരിധി 137.5 അടിയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.