സംസ്ഥാനത്ത് ആറ് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട്; ആലപ്പുഴയില്‍ ദേശീയ ദുരന്ത നിവാരണ സേനയെത്തി

 സംസ്ഥാനത്ത് ആറ് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട്; ആലപ്പുഴയില്‍ ദേശീയ ദുരന്ത നിവാരണ സേനയെത്തി

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. പൊന്മുടി, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, ഇരട്ടയാര്‍, മൂഴിയാര്‍, കുണ്ടള ഡാമുകളിലാണ് റെഡ് അലര്‍ട്ട്. പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. വലിയ ഡാമുകളില്‍ നിലവില്‍ ആശങ്കയുടെ സാഹചര്യമില്ലെങ്കിലും പരമാവധി സംഭരണ ശേഷിയിലക്ക് എത്തിക്കാതെ ക്രമീകരണം തുടരാനാണ് നിലവിലെ തീരുമാനം.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗസംഘം ഇന്ന് ആലപ്പുഴയില്‍ എത്തി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഇന്നലെ രാത്രി വൈകി ചേര്‍ന്ന അടിയന്തര യോഗത്തിന് ശേഷം ജില്ലാ കളക്ടര്‍ കൃഷ്ണ തേജയാണ് ഇക്കാര്യം അറിയിച്ചത്.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് റൂള്‍ കര്‍വിനോട് അടുത്താല്‍ ഇന്ന് തന്നെ സ്പില്‍ വേ ഷട്ടറുകള്‍ തുറക്കും. ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണവിധേയമാണ്. പെരിങ്ങല്‍കുത്തില്‍ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതാണ് ആശ്വാസത്തിന്റെ പ്രധാന കാരണം.

തൃശൂരില്‍ 2700 ഓളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ഇന്ന് പുലര്‍ച്ചെ വരെ ചാലക്കുടി പുഴയിലെ ജലനിരപ്പ് അപകട നിലയിലേക്ക് ഉയര്‍ന്നിട്ടില്ല. 7.27 മീറ്റര്‍ ആണ് നിലവിലെ ജലനിരപ്പ്.

ചാലക്കുടിയിലും ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതും അനുകൂലമായി. കടലിലേക്കുള്ള ഒഴുക്ക് സുഗമമായതും ജലനിരപ്പ് ഉയരാതിരിക്കാന്‍ കാരണമാണ്. എറണാകുളം ജില്ലയില്‍ മഴ കുറഞ്ഞിട്ടുണ്ട്. ചാലക്കുടി പുഴ ഒഴുകുന്ന പ്രദേശങ്ങളില്‍ ഇപ്പോഴും ജാഗ്രത തുടരുകയാണ്. പുത്തന്‍വേലിക്കര, കുന്നുകര ഭാഗത്ത് ഏതാനും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. പെരിയാറില്‍ ജലനിരപ്പ് കൂടുന്നുണ്ടെങ്കിലും വലിയ ആശങ്കയ്ക്കുള്ള സാഹചര്യമില്ല.

ഇടുക്കിയില്‍ ഇടവിട്ട് ശക്തമായ മഴ ഇപ്പോഴും തുടരുന്നുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136.75 അടിക്ക് മുകളിലെത്തി. ജലനിരപ്പ് റൂള്‍ കര്‍വിനോട് അടുത്താല്‍ ഇന്ന് തന്നെ സ്പില്‍ വേ ഷട്ടറുകള്‍ തുറക്കും. പെരിയാര്‍ നദിയില്‍ ജലനിരപ്പ് അപകടവസ്ഥയിലേക്ക് എത്താത്തതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ല ഭരണകൂടം അറിയിച്ചു. എന്നാല്‍ തൊടുപുഴയില്‍ മഴ കുറഞ്ഞു.

മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വണ്ണപ്പുറത്ത് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കല്ലാര്‍കുട്ടിക്കും പനം കുട്ടിക്കും ഇടയില്‍ റോഡ് ഇടിഞ്ഞതിനാല്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. മൂവാറ്റുപുഴ ആറിലെ ജലനിരപ്പ് അപകട നിലയില്‍ തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.