ഇറ്റാലിയന്‍ നഴ്‌സിന് മാര്‍പ്പാപ്പയുടെ ഹെല്‍ത്ത് അസിസ്റ്റന്റായി നിയമനം

ഇറ്റാലിയന്‍ നഴ്‌സിന് മാര്‍പ്പാപ്പയുടെ ഹെല്‍ത്ത് അസിസ്റ്റന്റായി നിയമനം

വത്തിക്കാന്‍സിറ്റി: കാല്‍മുട്ട് വേദനയും പ്രായത്തിന്റെ അവശതകളും നേരിടുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ആരോഗ്യ സംരക്ഷണത്തിനായി പേഴ്‌സണല്‍ ഹെല്‍ത്ത് അസിസ്റ്റന്റിനെ (വ്യക്തിഗത ആരോഗ്യ സംരക്ഷണ സഹായിയെ) നിയമിച്ചതായി വത്തിക്കാന്‍ വ്യാഴാഴ്ച അറിയിച്ചു. 2021 മുതല്‍ അദ്ദേഹത്തിന്റെ മെഡിക്കല്‍ സംഘത്തിലുള്ള പുരുഷ നഴ്സ് ഇന്റാലിയന്‍ സ്വദേശി മാസിമിലിയാനോ സ്ട്രാപ്പെറ്റിയെയാണ് നിയമിച്ചിരിക്കുന്നത്. 85 വയസുള്ള മാര്‍പ്പാപ്പയ്ക്ക് ശാരീരിക അവശതകള്‍ അനുഭവിക്കുന്നതിനാല്‍ ആവശ്യമായ വൈദ്യസഹായം യഥാസമയം ലഭ്യമാക്കുന്നതിനാണ് നിയമനം.

കഴിഞ്ഞ വേനല്‍ക്കാലത്ത് മാര്‍പ്പാപ്പയുടെ വന്‍കുടല്‍ ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്ന നഴ്‌സാണ് മാസിമിലിയാനോ. 2021 ഫെബ്രുവരിയില്‍ ഉദരസംബന്ധമായ രോഗത്തെ തുടര്‍ന്നാണ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കാന്‍ മാസിമിലിയാനോ അന്ന് ഉപദേശിച്ചു. പ്രശ്നം വഷളാകാതിരിക്കാന്‍ ഓപ്പറേഷന്‍ നടത്താനും അദ്ദേഹം മാര്‍പ്പാപ്പയുടെ മറ്റ് മെഡിക്കല്‍ സ്റ്റാഫുകളോട് ശുപാര്‍ശ ചെയ്തു. തുടര്‍ന്നാണ് വന്‍കുടല്‍ ശസ്ത്രക്രിയ നടത്തിയത്. ''ഒരു നഴ്സ്, വളരെയധികം അനുഭവപരിചയമുള്ള ഒരു മനുഷ്യന്‍, എന്റെ ജീവന്‍ രക്ഷിച്ചു-'' എന്നാണ് ശസ്ത്രക്രിയയ്ക്ക് ശേഷം മാര്‍പ്പാപ്പ പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം കാനഡയിലേക്ക് നടത്തിയ യാത്രയിലും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മെഡിക്കല്‍ ടീമില്‍ മാസിമിലിയാനോ ഉണ്ടായിരുന്നു. മാര്‍പ്പാപ്പയ്‌ക്കൊപ്പം ഓരോ പരിപാടിയിലും ഒപ്പം നിന്ന് അനുഗമിച്ചത് ഇദ്ദേഹമായിരുന്നു. നിയമനത്തോടെ റോമിലെ കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് സേക്രഡ് ഹാര്‍ട്ടിലെ ഇന്റേണല്‍ മെഡിസിന്‍ ആന്‍ഡ് ജീറിയാട്രിക്സ് പ്രൊഫസറായ ഡോ. റോബര്‍ട്ടോ ബെര്‍ണബെയ്ക്കൊപ്പം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ സംരക്ഷണത്തിനായി മാസിമിലിയാനോ സ്ട്രാപെറ്റി പ്രവര്‍ത്തിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26