ഇന്ത്യന്‍ പോര്‍ വിമാനം തേജസിനായി താല്‍പര്യം അറിയിച്ച് ഏഴ് രാജ്യങ്ങള്‍; മലേഷ്യയുമായി ചര്‍ച്ച പുരോഗമിക്കുന്നു

ഇന്ത്യന്‍ പോര്‍ വിമാനം തേജസിനായി താല്‍പര്യം അറിയിച്ച് ഏഴ് രാജ്യങ്ങള്‍; മലേഷ്യയുമായി ചര്‍ച്ച പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ പോര്‍ വിമാനം തേജസിനായി താല്‍പര്യം അറിയിച്ചത് ഏഴ് രാജ്യങ്ങളെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭയില്‍ ചോദ്യോത്തര വേളയില്‍ രാജ്യരക്ഷാ സഹമന്ത്രി അജയ് ഭട്ടാണ് വിവരങ്ങള്‍ അറിയിച്ചത്. മലേഷ്യയുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ഓസ്‌ട്രേലിയ, അര്‍ജന്റീന, ഫിലിപ്പീന്‍സ്, അമേരിക്ക, ഇന്തോനേഷ്യ, ഈജിപ്ത് എന്നിവയാണ് മറ്റ് രാജ്യങ്ങള്‍. മലേഷ്യയുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള പരസ്യത്തിന് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് മറുപടി നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

രണ്ട് സീറ്റുള്ള വിമാനങ്ങളാണ് എച്ച്.എ.എല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. മൊത്തം പതിനെട്ട് വിമാനങ്ങള്‍ക്കായാണ് മലേഷ്യ ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നത്.
രാജ്യത്ത് പ്രതിരോധ ഉപകരണങ്ങളുടെ തദ്ദേശീയ രൂപകല്‍പന, വികസനം, നിര്‍മ്മാണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഉല്‍പാദനം വര്‍ധിപ്പിന്നതിനുള്ള നയപരമായ തീരുമാനങ്ങളും പരിഷ്‌കാരങ്ങളും നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ വിമാനമാണ് എല്‍സിഎ തേജസ്. മണിക്കൂറില്‍ 900 മുതല്‍ 1000 കിലോമീറ്റര്‍ വേഗത്തില്‍ പറന്നുകൊണ്ടാണ് തേജസ് ആയുധപ്രയോഗ ശേഷി പരീക്ഷിച്ചത്. മിസൈലുകളും ബോംബുകളും വിമാനത്തില്‍ നിന്ന് വര്‍ഷിച്ചു കൊണ്ടായിരുന്നു പരീക്ഷണം. ഏത് പ്രതികൂല സാഹചര്യത്തിലും ശത്രു ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള വിധത്തിലാണ് വിമാനം രൂപകല്‍പന ചെയ്തിട്ടുള്ളത്.

നിലവില്‍ രണ്ട് സ്‌ക്വാഡ്രണ്‍ തേജസ് പോര്‍ വിമാനങ്ങളാണ് വ്യോമ സേനയുടെ ഭാഗമായത്. 83 തേജസ് വിമാനങ്ങള്‍ക്കുള്ള കരാര്‍ കഴിഞ്ഞ വര്‍ഷം ഒപ്പിട്ടിരുന്നു. 2030ഓടെ വിമാനങ്ങള്‍ പൂര്‍ണമായി വിതരണം ചെയ്യാനാണ് തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.