പാരീസ്: യുറോപ്പിനെ ചുട്ടുപൊള്ളിച്ച ചൂടും കാട്ടുതീയും മഴയുടെ ദൗര്‍ലഭ്യവും ചരിത്രത്തിലെ വലിയ വരള്‍ച്ചയിലേക്കാണ് ഫാന്‍സിനെ കൊണ്ടെത്തിച്ചിരിക്കുന്നത്. ജലാശയങ്ങളും കൃഷിയിടങ്ങളും വറ്റുവരണ്ടു. വൈദ്യുതി ഉത്പാദനം വെട്ടിക്കുറച്ചു. ഗ്രാമമേഖലയിലുള്‍പ്പടെ നൂറോളം മുനിസിപ്പാലിറ്റികളില്‍ കുടിവെളളത്തിന് പോലും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഗുരുതര സാഹചര്യത്തിലെത്തി.
ഈ വേനല്‍ക്കാലത്തെ മൂന്നാം ഉഷ്ണ തരംഗത്തോടെ ഫ്രാന്‍സിലെ പല പ്രദേശങ്ങളും 'ചരിത്രപരമായ സാഹചര്യത്തിലൂടെ' യാണ് കടന്നുപോകുന്നതെന്ന് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ പ്രസ്താവനയില്‍ പറഞ്ഞു. അസാധാരണ വരള്‍ച്ചയെയാണ് രാജ്യം നേരിടുന്നത്. ജലാശയങ്ങള്‍ വറ്റിവരണ്ടു. വെള്ളം ലഭിക്കാതെ കൃഷി ഭുമിയും ജൈവവൈവിധ്യവും സസ്യജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥയുമൊക്കെ നാശത്തിന്റെ വക്കിലാണ്.-ബോണ്‍ പ്രസ്താവനയില്‍ പറയുന്നു.
നൂറിലധികം മുനിസിപ്പാലിറ്റികള്‍ കുടിവെള്ള ക്ഷാമം നേരിടുകയാണ്. പൈപ്പുകള്‍ വഴിയുള്ള കുടിവെള്ള വിതരണം സാധ്യമാകുന്നില്ല. ജലശ്രോതസുകള്‍ വറ്റിവരണ്ടതിനാല്‍ ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കാനും തടസം നേരിടുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്താകെ ജല ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടുവരേണ്ട സാഹചര്യത്തിലായെന്നും ബോണ്‍ പറയുന്നു.
ഫ്രാന്‍സിലെ 62 ഓളം മുനിസിപ്പാലിറ്റികളില്‍ ജല ഉപയോഗത്തിന് ഇപ്പോള്‍ നിയന്ത്രണമുണ്ട്. ജീവന്‍ നിലനിര്‍ത്താനാവശ്യമായ ജല ഉപയോഗം മാത്രമേ പാടുള്ളു എന്നാണ് നിര്‍ദേശം. കന്നുകാലി പരിപാലനത്തിനും ഇത് ബാധകമാണ്. അടുത്ത 15 ദിവസത്തേക്കുകൂടി ചൂട് തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങള്‍
ഫ്രാന്‍സിന്റെ ഊര്‍ജ ഉല്‍പ്പാദനം, ഗതാഗത, അടിസ്ഥാന സൗകര്യങ്ങള്‍, കൃഷി എന്നിവയെയും വരള്‍ച്ച ആഘാതം സൃഷ്ടിച്ചു. റിയാക്ടറുകള്‍ തണുപ്പിക്കാന്‍ നദിയിലെ വെള്ളം ഉപയോഗിക്കാന്‍ നിയന്ത്രണം വന്നതോടെ ഫ്രാന്‍സിലെ ആണവ നിലയങ്ങളിലെ വൈദ്യുതി ഉല്‍പ്പാദനം വെട്ടിക്കുറയ്ച്ചു. ഫ്രാന്‍സിലെ 70 ശതമാനം വൈദ്യുതി ഉത്പാദനവും ആണവോര്‍ജ്ജത്തില്‍ നിന്നാണ്.
2003ലെ ഒരു വലിയ ഉഷ്ണതരംഗത്തിന് ശേഷം, ഫ്രാന്‍സിന്റെ ആണവ സുരക്ഷാ ഏജന്‍സി നദികള്‍ക്ക് താപനില പരിധി 28 ഡിഗ്രി സെല്‍ഷ്യസായി നിശ്ചയിച്ചിരുന്നു. അതിനപ്പുറം ജലത്തെ കൂടുതല്‍ ചൂടുപിടിക്കാതിരിക്കാനും പരിസ്ഥിതി സംരക്ഷിക്കാനും വൈദ്യുത നിലയങ്ങള്‍ അവയുടെ ഉത്പാദനം കുറയ്‌ക്കേണ്ടതുണ്ടെന്നും അന്ന് നിര്‍ദേശിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.