കൊളംബോ : ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ് 5 കപ്പല്‍ ഹമ്പന്‍ടോട്ട തുറമുഖത്ത് എത്തുന്നത് ശ്രീലങ്ക തടഞ്ഞു. ഇന്ധനം നിറയ്ക്കാനായിട്ടാണ് ശ്രീലങ്കന്‍ തുറമുഖത്ത് നങ്കൂരമിടാന്‍ ചൈനയുടെ അത്യാധുനിക ചാരക്കപ്പല്‍ യുവാന്‍ വാങ് 5 തീരുമാനിച്ചത്.
എന്നാല്‍ കപ്പല്‍ ശ്രീലങ്കന്‍ തീരമണയുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വന്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഉപഗ്രഹങ്ങളിലെയുള്‍പ്പടെയുള്ള സിഗ്‌നലുകള്‍ പിടിച്ചെടുത്തു വിശകലനം ചെയ്യാന്‍ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണ് യുവാന്‍ വാങ് 5.
750 കിലോമീറ്റര്‍ ആകാശ പരിധിയിലെ സകല സിഗ്‌നലുകളും പിടിച്ചെടുക്കാന്‍ ചൈനീസ് ചാരക്കപ്പലിന് കഴിയുമെന്നതിനാല്‍ ഇന്ത്യയുടെ ആണവനിലയമടക്കമുള്ള തന്ത്രപ്രധാന സ്ഥലങ്ങളിലെ വിവരങ്ങള്‍ ചോരുമെന്ന് ആശങ്കയുണ്ടായിരുന്നു.
2007 ല്‍ നിര്‍മ്മിച്ച ചൈനീസ് സ്പേസ് സാറ്റലൈറ്റ് ട്രാക്കര്‍ കപ്പല്‍ ഇന്ധനം നിറയ്ക്കുന്നതിനായി ഏഴ് ദിവസത്തോളം ശ്രീലങ്കന്‍ തീരത്ത് നങ്കൂരം ഇടും എന്നാണ് ലഭിച്ച റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചയുടന്‍ രാജ്യം മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു.
ശ്രീലങ്കയ്ക്ക് മേല്‍ ഇന്ത്യ കടുത്ത സമ്മര്‍ദം ചെലുത്തിയതായും സൂചനയുണ്ട്. ഇതേതുടര്‍ന്നാണ് ചൈനീസ് അധികൃതരുമായി ലങ്കന്‍ അധികൃതര്‍ ബന്ധപ്പെട്ട് കപ്പലിന്റെ വരവ് തടഞ്ഞത്.
ഹമ്പന്‍ടോട്ട തുറമുഖത്തിന്റെ കടിഞ്ഞാണ്‍ ചൈന ഏറ്റെടുത്തതോടെ കടുത്ത സുരക്ഷാ ഭീഷണിയാണ് ഇന്ത്യയ്ക്കുണ്ടായിരിക്കുന്നത്. അതിനാല്‍ തന്നെ തുറമുഖത്തെ എല്ലാ സ്പന്ദനങ്ങളും ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. ചൈനയില്‍ നിന്നും കടം വാങ്ങി നിര്‍മ്മിച്ച തുറമുഖം, വായ്പ മുടങ്ങിയതോടെയാണ് ശ്രീലങ്കയില്‍ നിന്നും ചൈന ഏറ്റെടുത്തത്.
ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന ശ്രീലങ്കയ്ക്ക് ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് അയല്‍ രാജ്യമായ ഇന്ത്യയാണ്. ഇതാണ് ഓഗസ്റ്റ് 11 ന് എത്തുമെന്ന് കരുതിയ ചൈനീസ് ചാരക്കപ്പലിന്റെ വരവ് തടയാന്‍ ശ്രീലങ്ക തീരുമാനിച്ചത്. ഇപ്പോഴത്തെ അവസ്ഥയില്‍ ഇന്ത്യയെ പിണക്കാന്‍ ലങ്ക താത്പര്യപ്പെടുന്നില്ലെന്നതാണ് കാരണം.
ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) സ്ട്രാറ്റജിക് സപ്പോര്‍ട്ട് ഫോഴ്‌സാണ് യുവാന്‍ വാങ് കപ്പലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്നാണ് അമേരിക്കയുടെ വാദം. ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.