വാഷിങ്ടണ്‍: വാഗ്ദാനം ചെയ്ത ശമ്പള വര്‍ധന നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ലോകത്തുടനീളമുള്ള വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിലെ ജീവനക്കാര്‍ 24 മണിക്കൂര്‍ പണിമുടക്കി. ദശാബ്ദങ്ങള്‍ക്കു ശേഷം ഇതാദ്യമായിട്ടാണ് റോയിട്ടേഴ്സിലെ പത്രപ്രവര്‍ത്തകര്‍ സമര രംഗത്തേക്ക് എത്തുന്നത്. ശമ്പള വര്‍ധന സംബന്ധിച്ച് കമ്പനി ചര്‍ച്ചകള്‍ നടത്തുന്നില്ലെന്ന് ആരോപിച്ചാണ് ജീവനക്കാര്‍ 24 മണിക്കൂര്‍ പണിമുടക്കിയത്.
വ്യാഴാഴ്ച രാവിലെ 6 മണി മുതലാണ് (ന്യൂയോര്‍ക്ക് സമയം) ജീവനക്കാര്‍ പണിമുടക്കിയത്. 300 ജീവനക്കാരാണ് സമരത്തില്‍ പങ്കെടുത്തത്. കമ്പനിയിലെ 90 ശതമാനം ആളുകളും സമരത്തില്‍ പങ്കെടുത്തുവെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജോലി നിര്‍ത്തിവെച്ചാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്.
തൊഴിലാളി യൂണിയനായ ന്യൂസ് ഗില്‍ഡാണ് സമരത്തിന് നേതൃത്വം നല്‍കിയത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടര്‍മാര്‍, ഫോട്ടോഗ്രാഫര്‍മാര്‍, വീഡിയോ ജേണലിസ്റ്റുകള്‍ എന്നിവരെ പ്രതിനിധീകരിക്കുന്ന സംഘടനയാണിത്. ഇതിന് പുറമെ, റോയിട്ടേഴ്‌സ് മാനേജര്‍മാര്‍ തങ്ങളുമായി സഹകരിക്കുന്നില്ലെന്നും ഗില്‍ഡിലെ അംഗങ്ങള്‍ പറയുന്നു. ശമ്പളം വര്‍ധിപ്പിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇവര്‍ യുഎസ് നാഷണല്‍ ലേബര്‍ റിലേഷന്‍സ് ബോര്‍ഡിനും പരാതിയും നല്‍കിയിട്ടുണ്ട്. ഒരു ശതമാനം ശമ്പള വര്‍ധന വച്ചുള്ള മൂന്ന് വര്‍ഷത്തെ കരാറാണ് ലംഘിക്കപ്പെട്ടതെന്ന് സമരക്കാര്‍ പറഞ്ഞു.
ശമ്പള വര്‍ധനയുമായി ബന്ധപ്പെട്ട് ഒരു കരാറിലെത്താന്‍ ന്യൂസ് ഗില്‍ഡുമായുള്ള ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറാണെന്ന് ഇ-മെയില്‍ പ്രസ്താവനയിലൂടെ റോയിട്ടേഴ്‌സ് വ്യക്തമാക്കി. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്, ഒത്തുതീര്‍പ്പിനായി ഗില്‍ഡ് കമ്മിറ്റിയുമായി ഞങ്ങള്‍ തുടര്‍ന്നും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കമ്പനി വക്താവ് പറഞ്ഞു. ഏറ്റവും മികച്ച ശമ്പളവും ആനുകൂല്യങ്ങളും തങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും കമ്പനി പറഞ്ഞു. റോയിട്ടേഴ്‌സിന്റെ വെബ്‌സൈറ്റിലെ കണക്കനുസരിച്ച്, കമ്പനിയില്‍ മൊത്തം 200 നഗരങ്ങളിലായി ഏകദേശം 2,500 പത്രപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നുണ്ട്.
ലോസ് ഏഞ്ചല്‍സ് ടൈംസ് പോലുള്ള പ്രസിദ്ധീകരണങ്ങളില്‍ ഈയടുത്ത വര്‍ഷങ്ങളില്‍ നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ ന്യൂസ് ഗില്‍ഡ് വിജയിച്ചിരുന്നു.
കമ്പനിയുടെ രണ്ടാം പാദത്തിലെ വരുമാന പ്രഖ്യാപനത്തിനു ശേഷമാണ് റോയിട്ടേഴ്‌സ് ജീവനക്കാര്‍ വ്യാഴാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചത്. തങ്ങളുടെ വരുമാനം ഉയര്‍ന്നതായും, കമ്പനിയുടെ മൊത്തം വരുമാനം 6% വര്‍ദ്ധിച്ച് 1.67 ബില്യണ്‍ ഡോളറായെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. മെയ് മാസത്തെ വരുമാന പ്രഖ്യാപനത്തെ തുടര്‍ന്ന്, കമ്പനി അതിന്റെ ബിസിനസിലും ജീവനക്കാരിലും കൂടുതല്‍ നിക്ഷേപിക്കുമെന്ന് തോംസണ്‍ റോയിട്ടേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്റ്റീവ് ഹാസ്‌കര്‍ പറഞ്ഞു.
എന്നാല്‍ 2020-ല്‍ കാലഹരണപ്പെടുന്ന ഏറ്റവും പുതിയ കരാര്‍ പ്രകാരം, ഗില്‍ഡ് അംഗങ്ങള്‍ക്ക് കമ്പനിയുടെ ലാഭവിഹിതം ലഭിക്കുന്നില്ലെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മിക്ക മാധ്യമ കമ്പനികള്‍ക്കും ബുദ്ധിമുട്ടുളള സമയമാണ് ഇതെന്നും പക്ഷേ റോയിട്ടേഴ്‌സില്‍ സ്ഥിതി അതല്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഒരു ശതമാനം ശമ്പള വര്‍ധന മാത്രമേ ജീവനക്കാര്‍ക്ക് നല്‍കൂ എന്ന കരാര്‍ നിര്‍ദേശം റോയിട്ടേഴ്‌സ് കമ്പനി മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് കിട്ടേണ്ട ന്യായമായ ശമ്പള വര്‍ധന ഒരു ശതമാനമായി ചുരുക്കുന്നത് ചൂഷണമാണെന്നും ജീവനക്കാര്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.