പോളിഷ് തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ് അപകടപ്പെട്ടു: വൈദികരും കന്യാസ്ത്രീകളും ഉള്‍പ്പടെ 12 പേര്‍ മരിച്ചു; 31 പേര്‍ക്ക് പരിക്കേറ്റു

പോളിഷ് തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ് അപകടപ്പെട്ടു: വൈദികരും കന്യാസ്ത്രീകളും ഉള്‍പ്പടെ 12 പേര്‍ മരിച്ചു; 31 പേര്‍ക്ക് പരിക്കേറ്റു

സാഗ്രെബ് (ക്രോയേഷ്യ): തെക്കുകിഴക്കന്‍ യൂറോപ്പിലെ രാജ്യമായ ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മെഡ്ജുഗോര്‍ജെയിലേക്ക് പോളിഷ് തീര്‍ത്ഥാടകരുമായി പോകുകയായിരുന്ന ബസ് അപകടപ്പെട്ട് 12 പേര്‍ മരിച്ചു. 31 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ വൈദികരും കന്യാസ്ത്രീകളുമുണ്ട്. തീര്‍ത്ഥാടകരുടെ മരണത്തില്‍ ദുഖവും അനുശേചനവും രേഖപ്പെടുത്തിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പരിക്കേറ്റവര്‍ക്കും മരണപ്പെട്ടവര്‍ക്കുമായി പ്രാര്‍ത്ഥിക്കണമെന്ന് ആഹ്വാനം ചെയ്തു.

ശനിയാഴ്ച്ച പ്രാദേശിക സമയം പുലര്‍ച്ചെ 5.40 ന് നോര്‍ത്തണ്‍ ക്രോയേഷ്യയിലെ സാഗ്രെബ് പട്ടണത്തിന് സമീപം എഫ് 4 റോഡില്‍ ജാരെക് ബിസാസ്‌കിനും പോഡ്വോറെക്കിനും ഇടയില്‍ വച്ചാണ് ബസ് മറിഞ്ഞ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് പോളിഷ് വിദേശകാര്യ മന്ത്രാലയ വക്താവ് കാത്തലിക് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. സംഘത്തില്‍ മൂന്ന് വൈദികരും ആറ് കന്യാസ്ത്രീകളും ഉണ്ടായിരുന്നു. ബ്രദര്‍ഹുഡ് ഓഫ് സെന്റ് ജോസഫ് കാത്തലിക് ഗ്രൂപ്പാണ് യാത്ര സംഘടിപ്പിച്ചത്. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ പോളിഷ് സര്‍ക്കാര്‍ ഉത്തരവിട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.