ഡൊമിനിക്കന്‍ സന്യാസ സഭയുടെ സ്ഥാപകനായ വിശുദ്ധ ഡൊമിനിക്ക്

ഡൊമിനിക്കന്‍ സന്യാസ സഭയുടെ സ്ഥാപകനായ വിശുദ്ധ ഡൊമിനിക്ക്

അനുദിന വിശുദ്ധര്‍ - ഓഗസ്റ്റ് 08

സ്‌പെയിനിലെ കാസ്റ്റിലേ എന്ന സ്ഥലത്ത് പ്രസിദ്ധമായ ഗുസ്മാന്‍ കുടുംബത്തില്‍ 1170 ലാണ് ഡൊമിനിക്ക് ജനിച്ചത്. അമ്മ മകനെ ഭക്തി മാര്‍ഗത്തിലാണ് വളര്‍ത്തിക്കൊണ്ടു വന്നത്. പഠന കാലത്ത് നാട്ടില്‍ വലിയ പട്ടിണിയുണ്ടായപ്പോള്‍ സ്വന്തം പുസ്തകങ്ങള്‍ വിറ്റു വരെ ഡൊമിനിക്ക് പാവങ്ങളെ സഹായിച്ചു.

ഇരുപത്തഞ്ചാം വയസില്‍ ഒസ്മായിലെ ഒരു കാനോന്‍ റെഗുലറായി നിയമിതനായി. ഒരിക്കല്‍ ഫ്രാന്‍സിലെ തന്റെ രൂപതാ ബിഷപ്പിന്റെ കൂടെ യാത്ര ചെയ്യവേ അല്‍ബിജന്‍സിയന്‍ പാഷണ്ഡത വരുത്തി വയ്ക്കുന്ന നാശം നേരില്‍ കണ്ട അദ്ദേഹം ശേഷ ജീവിതം പാഷണ്ഡികളുടെ മാനസാന്തരത്തിനും വിശ്വാസ ജീവിതം സംരക്ഷിക്കുന്നതിനുമായി മാറ്റി വച്ചു.

ഇതിനായി ഡൊമിനിക്ക്് ചില സന്യാസ സഭകള്‍ സ്ഥാപിച്ചു. ചെറിയ പെണ്‍കുട്ടികളെ പാഷണ്ഡതയില്‍ നിന്നും രക്ഷിക്കാന്‍ സ്ത്രീകള്‍ക്കായി ഒരു സഭ ആദ്യം തുടങ്ങി. ഭക്തരായ ചിലര്‍ അദ്ദേഹത്തോടൊപ്പെ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യം കാണിച്ചു വന്നതോടെ അവരെയെല്ലാം ചേര്‍ത്ത് 'ഫ്രയര്‍ പ്രീച്ചേഴ്‌സ്' എന്ന പേരില്‍ വേറൊരു സഭ ആരംഭിച്ചു. പിന്നീട് കുടുംബ ജീവിതം നയിക്കുന്നവര്‍ക്കായി മൂന്നാമതൊരു സഭകൂടി സ്ഥാപിച്ചു. ഇത് ഫ്രാന്‍സ്, ഇറ്റലി, ഇംഗ്ലണ്ട്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ ഇതിവേഗം വളര്‍ന്നു.

പിന്നീട് വിശുദ്ധ ഡൊമിനിക്ക് സ്ഥാപിച്ച സഭയാണ് ലോക പ്രശസ്തമായ ഡൊമിനിക്കന്‍ സന്യാസ സഭ. 1216 ലാണ് ഈ സഭയ്ക്ക് അംഗീകാരം ലഭിക്കുന്നത്. ഫ്രാന്‍സിസ്‌കന്‍ സഭക്കൊപ്പം മധ്യകാലഘട്ടങ്ങളിലെ അതിശക്തമായ ഒരു സഭയായി വളര്‍ന്ന ഡൊമിനിക്കന്‍ സഭ വിശുദ്ധ വിന്‍സെന്റ് ഫെറെര്‍ അടക്കമുള്ള നിരവധി സുവിശേഷകരെ തിരുസഭയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്.

സന്യാസപരമായ ദാരിദ്ര്യത്തിലൂടെയും ദൈവ വചനത്തിന്റെ പ്രബോധനം വഴിയും ഈ സുവിശേഷകര്‍ നിരവധി ആളുകളെ ക്രിസ്തുവുമായി അടുപ്പിച്ചു. ഡൊമിനിക്കിന്റെ എളിമയും ചിന്തയുടെ വ്യക്തതയും കത്തിജ്വലിക്കുന്ന ആവേശവും ഡൊമിനിക്കന്‍ സഭയുടെ പൈതൃകമായി തീര്‍ന്നു.

1208 ല്‍ പ്രൗവില്‍ എന്ന സ്ഥലത്തുള്ള ദൈവ മാതാവിന്റെ ദേവാലയത്തില്‍ തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കേ മാതാവ് പ്രത്യക്ഷപ്പെട്ട് ജപമാല നല്‍കിക്കൊണ്ട് അത് പ്രസംഗിക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ ജപമാല ഭക്തിക്ക് തുടക്കം കുറിച്ചത്.

1221 ഓഗസ്റ്റ് ആറിന് ബൊളോണയില്‍ വെച്ചാണ് വിശുദ്ധന്‍ മരണമടയുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഡൊമിനിക്കിന്റെ സുഹൃത്ത് കൂടിയായിരുന്ന ഗ്രിഗറി ഒമ്പതാമന്‍ മാര്‍പാപ്പയാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1 എല്ലിദിയൂസ്

2 ജര്‍മ്മനിയിലെ ആള്‍ട്ടുമാന്‍

3 റോമായിലെ സിറിയാക്കൂസും ലാര്‍ഗൂസും സ്മാരക്ദൂസും

4 കോണ്‍സ്റ്റാന്റിനോപ്പിളിലെ എലെവുത്തൂസും ലെയൂനിദെസും.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.