കോട്ടയം: വചന പ്രഘോഷകരെയും മറ്റ് ധ്യാനഗുരുക്കന്മാരെയും മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പലരും അപഹസിക്കുന്നത് കാണുമ്പോൾ ദുഃഖം തോന്നാറുണ്ട്. പലതും അവരുടെയൊക്കെ കയ്യിലിരുപ്പ് കൊണ്ടാണെങ്കിലും വലിച്ചിഴക്കപ്പെടുന്നതും അപഹസിക്കപെടുന്നതും പരിശുദ്ധാത്മാവും, ദൈവ വചനവുമൊക്കെയാണ് എന്നതാണ് കൂടുതൽ പ്രയാസമുണ്ടാക്കുന്നത്.
രോഗശാന്തി അസംഭവ്യമല്ല. ദൈവ വചനം പ്രഘോഷിക്കുന്ന സ്ഥലങ്ങളിൽ, ദിവ്യ കുർബാന അർപ്പിക്കുമ്പോൾ, ദൈവത്തെ സ്തുതിച്ചാരാധിക്കുമ്പോഴൊക്കെ രോഗശാന്തികളും അത്ഭുതങ്ങളും സംഭവിക്കാം. നമ്മുടെയൊക്കെ ജീവിതം തന്നെ ഒരു അത്ഭുതമാണെന്നിരിക്കെ, എപ്പോഴും അത്ഭുതങ്ങളുടെ പിന്നാലെ പായുന്നതും ശരിയല്ല. അത്ഭുതങ്ങളും രോഗശാന്തിയും ആവശ്യമെന്ന് ദൈവത്തിന് തോന്നുന്ന സ്ഥലങ്ങളിൽ അത് സംഭവിക്കട്ടെ. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ ഉൾപ്പടെ ദൈവാത്മാവിന്റെ പ്രവർത്തന ഫലമായുണ്ടാകുന്ന രോഗശാന്തികളെയും അത്ഭുതങ്ങളെയും കുറിച്ച് വിശദമായ പ്രബോധനങ്ങൾ ഇന്ന് ലഭ്യമാണ്.
പക്ഷെ ഇവിടെ വിവാദം അതല്ല. ദൈവ വചനവും രോഗശാന്തികളും സ്വന്തം പോക്കറ്റ് വീർപ്പിക്കാനും, ധനസമ്പാദനത്തിനുമായി ഉപയോഗിക്കുന്നത് തികച്ചും തെറ്റാണ്. വരദാനങ്ങൾ വ്യക്തിപരമായ നേട്ടത്തിനുപയോഗിക്കരുതെന്ന് കർശനമായി വി. പൗലോസ് അപ്പസ്തോലൻ പഠിപ്പിക്കുന്നുണ്ട്.
വരദാനങ്ങൾ സഭയെ പടുത്തുയർത്താനും പൊതുനന്മയ്ക്കുവേണ്ടിയുമാണ് നല്കപ്പെടുന്നത് എന്നാണ് വി. പൗലോസ് ശ്ലീഹ ലേഖനത്തിൽ (1 കോറി 12) ഓർമ്മിപ്പിക്കുന്നത്. "ഇത് വിശുദ്ധരെ പരിപൂർണരാക്കുന്നതിനും ശുശ്രൂഷയുടെ ജോലി ചെയ്യുന്നതിനും, ക്രിസ്തുവിന്റെ ശരീരത്തെ പണിത്തുയർത്തുന്നതിനും വേണ്ടിയാണ്". ഓരോരുത്തരിലും ആത്മാവ് വെളിപ്പെടുന്നത് പൊതു നന്മയ്ക്കു വേണ്ടിയാണ്. അതുകൊണ്ടു ക്രിസ്തുവിന്റെ ശരീരത്തെ പണിത്തുയർത്തുന്ന ശുശ്രൂഷകളാണ് ഓരോ വചന പ്രഘോഷകരും ചെയ്യേണ്ടത്.
ഇവിടെയാണ് പ്രശ്നം, ക്രിസ്തുവിന്റെ സഭയെ പടുത്തുയർത്തുന്നതിന് പകരം സ്വന്തം വീടും ബിസിനസ് സാമ്രാജ്യവും പടുത്തുയർത്തുമ്പോൾ ആരോപണങ്ങളും ആക്ഷേപങ്ങളുമുണ്ടാകുക സ്വാഭാവികമാണ്. വചനപ്രഘോഷകർക്ക്, പ്രത്യേകിച്ച് മറ്റൊരു വരുമാനമില്ലാത്തവർക്ക് അവരുടെ യാത്രാകൂലിക്കും ചിലവിനുമായി ഇടവകകളോ കൂട്ടായ്മകളോ ഒരു നിശ്ചിത തുക നൽകുന്നതിൽ തെറ്റില്ല മറിച്ച് അവിടെ സ്തോത്രക്കാഴ്ച എന്ന പേരിൽ ലഭിക്കുന്ന തുകകൾ വചനം പ്രസംഗിക്കാൻ വരുന്നവർ കൊണ്ടുപോകുന്ന ശീലം എത്രയും പെട്ടന്ന് നിർത്തലാക്കണം, അങ്ങനെ കിട്ടുന്ന പണം വിശ്വാസികളുടെ പൊതു ആവശ്യങ്ങൾക്കോ കാരുണ്യ പ്രവർത്തനങ്ങൾക്കോ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും.
സ്വന്തമായി കെട്ടിടങ്ങൾ വാങ്ങിക്കൂട്ടാൻ, വ്യവസായം വളർത്താൻ, സ്വന്തം പത്രം ചിലവാക്കാൻ ഇങ്ങനെ പല കാര്യങ്ങൾക്കായി ദൈവ വചനത്തെ ദുരുപയോഗിക്കുന്നവർ സമൂഹത്തിന്റെ - മാധ്യമങ്ങളുടെ വിമർശന ശരങ്ങൾ ഏറ്റു വാങ്ങുമ്പോൾ അത് വിശ്വാസത്തിന് എതിരായുള്ള വെല്ലുവിളിയായി കാണുക ബുദ്ധിമുട്ടാണ്.
വിവിധ സഭകൾ ഇപ്രകാരം പ്രവർത്തിക്കുന്ന ധ്യാനഗുരുക്കന്മാർക്ക്, അത്ഭുത പ്രവർത്തകർക്ക്, ധ്യാനകേന്ദ്രങ്ങൾക്ക്, മുട്ടിന് മുട്ടിന് മുളച്ചുപൊന്തുന്ന പ്രാർത്ഥനാ ഗ്രൂപ്പുകൾക്ക് നിയന്ത്രണങ്ങളും പെരുമാറ്റച്ചട്ടങ്ങളും ഏർപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇവിടെ വിശ്വാസികൾ കുറച്ചുകൂടി ജാഗ്രത പാലിച്ചാൽ കാര്യങ്ങൾ നല്ല രീതിയിൽ പോകും. ഇടവക വികാരിമാരോ, രൂപതകളോ അംഗീകരിക്കാത്ത ധ്യാനകേന്ദ്രങ്ങളെയും പ്രാർത്ഥനാകൂട്ടായ്മകളെയും വിവേകത്തോടെ ഒഴിവാക്കുന്നതായിരിക്കും നല്ലത്.
ഓൺലൈനിലൂടെ ശക്തിപ്പെട്ട ഒരു പ്രാർത്ഥനാ കൂട്ടായ്മയെ കുറിച്ച് ചില പരാതികൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അതിൽ സ്ഥിരമായി പങ്കെടുക്കുന്ന ഒരു പാവം സുഹൃത്ത് പറഞ്ഞത്, ആ പ്രാർത്ഥനാ ഗ്രൂപ്പിന് മെത്രാന്മാരുടെ അംഗീകാരമുണ്ട്, ഞങ്ങളുടെ കോർഡിനേറ്റർസ് മെത്രാന്മാരുടെ കൂടെ നിൽക്കുന്ന ഫോട്ടോകൾ ഉണ്ടല്ലോ. മെത്രാന്മാരും വൈദികരും വിശ്വാസികളും ഒരേപോലെ ശ്രദ്ധിച്ചാൽ വചന വിത്തുകൾക്കിടയിൽ വളരുന്ന കളകളെ തിരിച്ചറിയാനും പിഴുത് നശിപ്പിക്കാനും വിശ്വാസികൾക്ക് സാധിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.