അത്യാഹിത വിഭാഗത്തില്‍ കിടക്ക ലഭിച്ചില്ല; ഓസ്‌ട്രേലിയയില്‍ രോഗി അംബുലന്‍സില്‍ മരിച്ചു

അത്യാഹിത വിഭാഗത്തില്‍ കിടക്ക ലഭിച്ചില്ല; ഓസ്‌ട്രേലിയയില്‍ രോഗി അംബുലന്‍സില്‍ മരിച്ചു

ടാസ്മാനിയ: ഗുരുതരാവസ്ഥയിലായ രോഗിക്ക് അത്യാഹിത വിഭാഗത്തില്‍ കിടക്ക ലഭിക്കാതിരുന്നതോടെ ഒന്‍പതു മണിക്കൂര്‍ കത്തിരിപ്പിനൊടുവില്‍ ടാസ്മാനിയന്‍ സ്വദേശിയായ 70 കാരി ആംബുലന്‍സില്‍ മരിച്ചു. ഓസ്‌ട്രേലിയയിലെ ലോണ്‍സെസ്റ്റണ്‍ ജനറല്‍ ആശുപത്രിയിലാണ് സംഭവം. രോഗി മരിച്ചതോടെ ഓസ്‌ട്രേലിയയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ പരാധീനതകള്‍ ദേശീയതലത്തില്‍ ചര്‍ച്ചയായി.

വെള്ളിയാഴ്ച്ച അര്‍ദ്ധരാത്രിയാണ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചത്. അത്യാഹിത വിഭാഗത്തില്‍ കിടക്ക ഒഴിവില്ലാത്തതിനാല്‍ കാത്തിരിക്കാന്‍ രോഗിയോടും ബന്ധുക്കളോടും ആവശ്യപ്പെട്ടു. ഒന്‍പത് മണിക്കൂര്‍ കാത്തിരുന്നിട്ടും ഇവര്‍ക്ക് കിടക്ക ലഭിച്ചില്ല. രാവിലെ ഒന്‍പതായതോടെ രോഗി മരിച്ചു.

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഹെല്‍ത്ത് ആന്‍ഡ് കമ്മ്യൂണിറ്റി സര്‍വീസസ് യൂണിയന്‍ ഇന്‍ഡസ്ട്രിയല്‍ മാനേജര്‍ റോബി മൂര്‍ പറഞ്ഞു. അത്യാഹിത വിഭാഗത്തില്‍ കിടക്ക ഒഴിവില്ലെങ്കില്‍ പകരം സൗകര്യം ഒരുക്കാന്‍ ആശുപത്രികള്‍ക്ക് ബാധ്യതയുണ്ട്. രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥ എത്ര ദയനീയമാണെന്ന് വെളിവാക്കുന്നതാണ് ഈ സംഭവമെന്നും അദ്ദേഹം വിമര്‍ശിച്ചു.

ജീവനക്കാരുടെ കുറവിന് പുറമേ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതും ശൈത്യകാല രോഗങ്ങളായി എത്തുന്നവരുടെ എണ്ണം കൂടുന്നതുമൊക്കെ പരിമിതമായ സൗകര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. അപകട കേസുകളുമായി വരുന്ന ആളുകള്‍ക്ക് പ്രത്യേക അത്യാഹിത ക്ലിനിക്ക് ആരംഭിക്കാനായാല്‍ ഇത്തരം പരിമിതികളെ ഒരു പരിധിവരെ മറികടക്കാം.

ജീവനക്കാരുടെ കുറവ് മൂലം ശരിയായ ചികിത്സ ലഭിക്കാതെ ഒരു പ്രാദേശിക ആശുപത്രിയില്‍ ഒരു വയസുള്ള കുട്ടി മരിച്ചത് സര്‍ക്കാര്‍ മേഖലയിലെ ചികിത്സാ ഗുണനിലവാരം സംബന്ധിച്ച് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഓസ്ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ആംബുലന്‍സില്‍ വച്ച് രോഗി മരിക്കുന്ന സംഭവങ്ങള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുന്നതായി പറയുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആംബുലന്‍സിനായി 40 മിനിറ്റിലധികം കാത്തിരുന്ന രോഗി മരണപ്പെട്ട സംഭവും കഴിഞ്ഞ ആഴ്ച്ച ഉണ്ടായി.

രാജ്യത്തെ ആരോഗ്യ പരിപാലന സംവിധാനം കാലഹരണപ്പെട്ടിരിക്കുകയാണെന്നതിന്റെ ഉദാഹരണങ്ങളാണ് ഇത്തരം സംഭവങ്ങള്‍ തുടക്കഥയാകുന്നതെന്ന് ഓസ്ട്രലേഷ്യന്‍ കോളജ് ഫോര്‍ എമര്‍ജന്‍സി മെഡിസിന്‍ പ്രസിഡന്റ് ഡോ ക്ലെയര്‍ സ്‌കിന്നര്‍ പറഞ്ഞു. ആരോഗ്യ സംവിധാനത്തെ ആധുനിക വത്കരിക്കാന്‍ വേണ്ട നടപടികളാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.