ഭൗതീകതയില്‍ ദരിദ്രയും സമ്പൂര്‍ണ ദാരിദ്ര്യത്തില്‍ സമ്പന്നയുമായിരുന്ന അസീസിയിലെ വിശുദ്ധ ക്ലാര

ഭൗതീകതയില്‍ ദരിദ്രയും സമ്പൂര്‍ണ ദാരിദ്ര്യത്തില്‍ സമ്പന്നയുമായിരുന്ന അസീസിയിലെ വിശുദ്ധ ക്ലാര

അനുദിന വിശുദ്ധര്‍ - ഓഗസ്റ്റ് 11

സീസിയിലെ ഒരു ധനിക കുടുംബത്തിലെ മൂന്നു പെണ്‍മക്കളില്‍ ഒരാളായ ക്ലാര 1193 ലാണ് ജനിച്ചത്. ആഗ്നസ്, ബിയാട്രിസ് എന്നിവരായിരുന്നു സഹോദരിമാര്‍. പിതാവ് ഫവേരിനോഷിഫോ ഒരു സൈനികനായിരുന്നു.

ക്ലാരയ്ക്ക് പതിനഞ്ച് വയസായപ്പോള്‍ വിവാഹാലോചനകള്‍ തുടങ്ങി. എന്നാല്‍ യേശുവിന്റെ മണവാട്ടിയാകാന്‍ കൊതിച്ച ക്ലാര വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഉപദേശം രഹസ്യമായി ആരാഞ്ഞുകൊണ്ടിരുന്നു. അങ്ങനെ സന്യാസ ജീവിതം ആരംഭിച്ച ക്ലാരയ്ക്ക് 1212 മാര്‍ച്ച് 18 ന് വിശുദ്ധ ഫ്രാന്‍സിസ് അസീസി സഭാ വസ്ത്രം നല്‍കി. പിന്നീട് സാന്‍ ഡാമിനോയില്‍ ഒരു ചെറിയ കോണ്‍വെന്റിലെ സന്യാസിനീ സമൂഹത്തിന്റെ ആശ്രമാധിപയായി വിശുദ്ധ ഫ്രാന്‍സിസ് അസീസി ക്ലാരയെ നിയമിച്ചു.

അപ്പോള്‍ അവള്‍ക്ക് പതിനെട്ട് വയസായിരുന്നു പ്രായം. തുടര്‍ന്ന് വിശുദ്ധ ഫ്രാന്‍സിസിന്റെ ഉപദേശത്തില്‍ ക്ലാര ഒരു സന്യാസിനീ സമൂഹത്തിനു രൂപം നല്‍കുകയും അവരുടെ സുപ്പീരിയര്‍ ആയി വര്‍ത്തിക്കുകയും ചെയ്തു.

ഇന്നസെന്റ് നാലാമന്‍ പാപ്പായുടെ സമ്മതത്തോടു കൂടി പരിപൂര്‍ണ ദാരിദ്ര്യത്തിന്റെതായ ജീവിതമായിരുന്നു വിശുദ്ധ ക്ലാരയും അവളുടെ സന്യാസിനി സമൂഹവും നയിച്ചു വന്നിരുന്നത്. വിശുദ്ധ ഫ്രാന്‍സിസ് അസീസിയെ പരിപൂര്‍ണമായും പിന്തുടരുകയായിരുന്നു ക്ലാര ചെയ്തിരുന്നത്.

ഏതാണ്ട് 42 വര്‍ഷത്തോളം തന്റെ ദൗത്യം ഭംഗിയായി നിര്‍വഹിച്ച ക്ലാര, ഫ്രാന്‍സിസ്‌കന്‍ പാരമ്പര്യത്തില്‍ സ്ത്രീകള്‍ക്കായി 'പാവപ്പെട്ട സ്ത്രീകളുടെ സഭ' എന്ന സന്യാസിനീ സമൂഹത്തിനു രൂപം നല്‍കി. ക്ലാരയുടെ മരണ ശേഷം അവര്‍ സ്ഥാപിച്ച സന്യാസിനീ സമൂഹം അവരുടെ ബഹുമാനാര്‍ത്ഥം 'വിശുദ്ധ ക്ലാരയുടെ സഭ' എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ടു. ഇപ്പോള്‍ ആ സമൂഹം 'പാവപ്പെട്ട ക്ലാരമാര്‍' (Poor Cleres) എന്ന പേരില്‍ അറിയപ്പെടുന്നു.

ഈ സന്യാസിനീ സമൂഹത്തിന്റെ നിയമാവലിയും വിശുദ്ധ തന്നെയായിരുന്നു തയ്യാറാക്കിയിരുന്നത്. നഗ്‌നപാദരായി നടക്കുക, വെറും നിലത്ത് കിടക്കുക തുടങ്ങി മറ്റുള്ള സന്യാസിനീ സമൂഹങ്ങളില്‍ നിന്നും വളരെ കര്‍ക്കശമായ ജീവിതമായിരുന്നു ഈ സന്യാസിനികള്‍ പാലിച്ചു വന്നിരുന്നത്. ദാരിദ്ര്യമായിരുന്നു അവരുടെ ജീവിതത്തിന്റെ അടിസ്ഥാനം.

ഒരിക്കല്‍ സാരസെന്‍സുകള്‍ ക്ലാരയുടെ കോണ്‍വെന്റിനെ ആക്രമിക്കുവാന്‍ തയ്യാറെടുപ്പുകളുമായി വന്നു. രോഗിണിയായിരുന്ന വിശുദ്ധ തന്റെ കയ്യില്‍ ദിവ്യകാരുണ്യം അടങ്ങിയ പാത്രവും വഹിച്ചു കൊണ്ട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു:

'എന്റെ കര്‍ത്താവേ, നിന്നെ സ്തുതിക്കുന്നവരുടെ ആത്മാക്കളെ ആ മൃഗങ്ങളുടെ കയ്യില്‍ ഏല്‍പ്പിക്കരുതേ. നിന്റെ അമൂല്യമായ രക്തത്താല്‍ നീ ഞങ്ങളെ വീണ്ടെടുത്തുവല്ലോ, അതിനാല്‍ നിന്റെ ഈ ദാസികളെ സംരക്ഷിക്കണമേ'. വിശുദ്ധ ഇപ്രകാരം പ്രാര്‍ത്ഥിച്ചപ്പോള്‍ 'എപ്പോഴും നിങ്ങളെ സംരക്ഷിക്കും'' എന്നൊരു സ്വരം കേട്ടു. തുടര്‍ന്ന് അക്രമികള്‍ ഓടിപോവുകയും ചെയ്തതായി പറയപ്പെടുന്നു.

ഏതാണ്ട് 27 വര്‍ഷങ്ങളോളം രോഗത്താല്‍ പീഡിതയായിരുന്നു വിശുദ്ധ. 1253 ഓഗസ്റ്റ് 11 നാണ് വിശുദ്ധ ക്ലാര മരണപ്പെടുന്നത്. മരണത്തിനു രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ക്ലാരയെ വിശുദ്ധയായി പ്രഖ്യാപിച്ചു. പരിപൂര്‍ണ ദാരിദ്ര്യത്തില്‍ ജീവിച്ചിരുന്ന വിശുദ്ധ ഫ്രാന്‍സിസിന്റെ പൂന്തോട്ടത്തില്‍ വിരിഞ്ഞ പുഷ്പമായിരുന്നു വിശുദ്ധ ക്ലാര.

ലോകത്തിന്റെ ഭൗതീക വസ്തുക്കളില്‍ ദരിദ്രയും എന്നാല്‍ തന്റെ സമ്പൂര്‍ണ ദാരിദ്ര്യത്തില്‍ സമ്പന്നയുമായിരുന്നു വിശുദ്ധ. പുല്‍ത്തൊട്ടി മുതല്‍ കുരിശു വരെ ദരിദ്രനായിരുന്ന യേശുവിന്റെ ഒരു ഉത്തമ മാതൃകയെന്നും വിശുദ്ധയെ വിശേഷിപ്പിക്കാം.

ഇന്നും ലോകത്തിനു മുഴുവന്‍ ദൈവീക പ്രകാശം പരത്തുന്ന വിശുദ്ധ ക്ലാരയുടെ ജീവിതത്തിനും മരണത്തിനും ശേഷം നൂറ്റാണ്ടുകള്‍ പലത് കഴിഞ്ഞിട്ടും ഈ പുണ്യവതിയില്‍ നിന്നും ഏറെ കാര്യങ്ങള്‍ ഈ കാലഘട്ടത്തിലും നമുക്ക് പഠിക്കാനുണ്ട്. ധനിക കുടുംബത്തിന്റെ എല്ലാ ആഢംബരത്തിലും ആഘോഷത്തിലും ഭാഗമായിരുന്നവള്‍ ഒരുവേള എല്ലാം ഉപേക്ഷിച്ച് ദാരിദ്ര്യം വ്രതമായി സ്വീകരിക്കുകയും അതില്‍ സന്തോഷിക്കുകയും ചെയ്തു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഉമ്പ്രിയായിലെ ഡിഗ്‌നാ

2. അയര്‍ലന്‍ഡിലെ അട്രാക്ടാ

3. റോമായിലെ ക്രോമെഷ്യസ്

4. വലേരിയായിലെ എക്വിസിയൂസ്

5. പോന്തൂസിലെ കോമന ബിഷപ്പായിരുന്ന അലക്‌സാണ്ടര്‍.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.