കൈനടി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് പരിസമാപ്തി
കൈനടി: കേരളത്തിലെ വിദ്യാഭ്യാസ, സാമുദായിക, സാംസ്കാരിക രംഗത്ത് ക്രൈസ്തവ സഭ നൽകി വരുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്താ മാർ ജോസഫ് പെരുന്തോട്ടം. കൈനടി എ ജെ ജോൺ മെമ്മോറിയൽ സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചുകൊണ്ടുള്ള പൊതുയോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടർച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ കുട്ടനാടൻ ജനത ഭീതിയിലാണെന്നും, തൻമൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ തടയാൻ സർക്കാരിന്റെ ഭാഗത്തുനിന്നും ക്രിയാത്മകമായ ഇടപെടൽ സത്വരമായി ഉണ്ടാകണമെന്നും മാർ ജോസഫ് പെരുന്തോട്ടം ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ, കാലാകാലങ്ങളായി ഈ പ്രദേശത്തു നിലനിൽക്കുന്ന കുടിവെള്ള ക്ഷാമത്തിനും ത്വരിതഗതിയിൽ പരിഹാരം കണ്ടെത്താനുള്ള നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടനാട്ടിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 219 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മറുപടിയായി അറിയിച്ചു. 90 ശതമാനം ഭവനങ്ങളിലും കുടിവെള്ളം വിലയ്ക്ക് വാങ്ങുന്ന ഈ പ്രദേശത്തെ എല്ലാ വീടുകളിലും പൈപ്പിലൂടെ ശുദ്ധ ജലം എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആറു മാസത്തിനകം ആരംഭിക്കുന്ന പദ്ധതി ഒന്നര വർഷത്തിനകം പൂർത്തിയാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇതിനു പുറമേ, അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം തടയാൻ, വേമ്പനാട്, അഷ്ടമുടിക്കായലുകളിൽ അടിഞ്ഞു കൂടിയ എക്കലും മറ്റു മാലിന്യങ്ങളും ഡ്രഡ്ജ് ചെയ്തു നീക്കി ആഴം വർധിപ്പിക്കാനും, അങ്ങനെ നീരൊഴുക്ക് സുഗമമാക്കാനുമായി മറ്റൊരു 20 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ശതാബ്ദി സമാപന സമ്മേളനത്തിൽ മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോർജ്ജ് കപ്പാംമൂട്ടിൽ സ്വാഗതവും, ജനറൽ കൺവീനർ ടോജോ പഴയകളം കൃതജ്ഞതയും അർപ്പിച്ചു. എം ൽ എ മാരായ തോമസ് കെ തോമസ്, ജോബ് മൈക്കിൾ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കോർപ്പറേറ്റ് മാനേജർ ഫാ. മനോജ് കറുകയിൽ, പഞ്ചായത്തു പ്രസിഡന്റ് ടി കെ തങ്കച്ചൻ, വാർഡ് മെമ്പർ സുനിത ജോസ്, അലമ്നൈ പ്രസിഡന്റ് അമൽ ദേവരാജ്, എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് മിനിമോൾ ചെറിയാൻ, വിദ്യാർത്ഥി പ്രതിനിധി ഐഡൽ മരിയ, പി ടി എ പ്രസിഡന്റ് ജോയി ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.