ന്യൂഡല്‍ഹി: ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ കരുത്ത് ലോകത്തിന് കാട്ടിക്കൊടുത്തതിന്റെ കീര്‍ത്തി ഇന്ത്യയ്ക്കാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു. മഹാമാരിയില്‍ ലോകം നേരിട്ട സാമ്പത്തിക തകര്‍ച്ചയെ അതിജീവിച്ച് ഒരു പുതിയ ഇന്ത്യ ഉയര്‍ന്നു വന്നു. ലോകത്തെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. സ്വാതന്ത്ര്യ ദിനത്തലേന്ന് രാജ്യത്തോടുള്ള തന്റെ കന്നിപ്രസംഗം നടത്തുകയായിരുന്നു രാഷ്ട്രപതി.
ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ ദാരിദ്ര്യവും നിരക്ഷരതയും കാരണം ഇവിടെ ജനാധിപത്യം വിജയിക്കില്ലെന്ന് ലോക നേതാക്കളും വിദഗ്ദ്ധരും വിധിയെഴുതി. നമ്മള്‍ ആ സംശയാലുക്കളെ തോല്‍പ്പിച്ചു. ഇവിടെ ജനാധിപത്യം വേരോടുക മാത്രമല്ല സമ്പുഷ്ടമാവുകയും ചെയ്തു. പല ജനാധിപത്യ രാജ്യങ്ങളിലും സ്ത്രീകള്‍ക്ക് വോട്ടവകാശത്തിനായി സമരം ചെയ്യേണ്ടി വന്നപ്പോള്‍ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ തുടക്കം മുതല്‍ സാര്‍വ്വത്രിക വോട്ടവകാശം വന്നു. അതിലൂടെ രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയില്‍ എല്ലാ പൗരന്മാര്‍ക്കും പങ്കാളികളാകാനുള്ള അവസരം രാഷ്ട്ര ശില്‍പ്പികള്‍ ഒരുക്കിയതിലൂടെയാണ് ഇന്ത്യ ജനാധിപത്യത്തിന്റെ ശക്തി ലോകത്തിന് കാട്ടിയത്.
ഭൗതികവും ഡിജിറ്റലുമായ അടിസ്ഥാന സൗകര്യ വികസനത്തില്‍ വന്‍ പുരോഗതി നേടി. ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ശൃംഖല ഉയര്‍ന്ന റാങ്കിലാണ്. പ്രധാനമന്ത്രി ഗതി - ശക്തി യോജനയിലൂടെ രാജ്യത്തുടനീളം കണക്റ്റിവിറ്റി വരുന്നു. ഡിജിറ്റല്‍ ഇന്ത്യ വിജ്ഞാന സമ്പദ് വ്യവസ്ഥയ്ക്ക് അടിത്തറ സൃഷ്ടിച്ചു. 2047 ആകുമ്പോഴേക്കും സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടും. ബാബാ സാഹേബ് അംബേദ്ക്കറുടെ നേതൃത്വത്തില്‍ ഭരണഘടന തയ്യാറാക്കിയവരുടെ കാഴ്ച്ചപ്പാടിന് മൂര്‍ത്ത രൂപം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
ദേശീയ വിദ്യാഭ്യാസ നയം ഭാവി തലമുറയെ നമ്മുടെ പൈതൃകവുമായി ബന്ധിപ്പിക്കാനും വ്യവസായ വിപ്ലവത്തിന്റെ അടുത്ത ഘട്ടത്തിനായി സജ്ജരാക്കാനും ലക്ഷ്യമിടുന്നു. എല്ലാവര്‍ക്കും വീടും എല്ലാ വീട്ടിലും വെള്ളവും എന്ന ലക്ഷ്യത്തിന് പ്രധാന്‍ മന്ത്രി ആവാസ് യോജനയും ജല്‍ ജീവന്‍ മിഷനും അതിവേഗം ശക്തി പകരുകയാണ്. നമ്മുടെ ഗോത്രവര്‍ഗ സമര നായകരെ സ്മരിക്കാന്‍ നവം. 15 ജനജാതിയ ഗൗരവ് ദിവസമായി ആചരിക്കുന്നു.
നാഗരികതയുടെ തുടക്കത്തില്‍ സന്യാസിമാരും ദര്‍ശകരും ഒരു സമത്വ ദര്‍ശനം ആവിഷ്‌കരിച്ചു. സ്വാതന്ത്ര്യ സമരവും മഹാത്മജിയെ പോലുള്ള നേതാക്കളും ആധുനിക ഇന്ത്യയ്ക്കായി നമ്മുടെ പൗരാണിക മൂല്യങ്ങളെ വീണ്ടെടുത്തു. 75 ആഴ്ചകളായി ആസാദി കാ അമൃത് മഹോത്സവ് മുന്നോട്ട് പോകുകയാണ്. ആത്മ നിര്‍ഭര്‍ ഭാരത് കെട്ടിപ്പടുക്കാനുള്ള ദൃഡനിശ്ചയമാണ്. ഹര്‍ ഘര്‍ തിരംഗ അഭിയാന്‍ ആവേശത്തോടെ മുന്നോട്ട് പോകുന്നു. വിഭജന ഭീതിയുടെ അനുസ്മരണദിനം ആചരിക്കുന്നത് സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കാനാണ്.
അടിച്ചമര്‍ത്തപ്പെട്ടവരോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുമുള്ള അനുതാപമാണ് ഇന്ന് രാജ്യത്തിന്റെ മൂലമന്ത്രം. ഇന്ത്യയുടെ ആത്മവിശ്വാസം യുവാക്കളും കര്‍ഷകരും സ്ത്രീകളുമാണ്. ഏറ്റവും വലിയ പ്രതീക്ഷ പെണ്‍ മക്കളിലാണെന്നും അവര്‍ പറഞ്ഞു. അവര്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തിന് കീര്‍ത്തി നേടിത്തന്നു. യുദ്ധവിമാന പൈലറ്റ് മുതല്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ വരെയുള്ള ഉയരങ്ങള്‍ പെണ്‍മക്കള്‍ കീഴടക്കുകയാണ്. ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന മനോഭാവത്തോടെ എല്ലാവരും ഒന്നിച്ച് നടക്കണമെന്നും രാഷ്ട്രപതി ഓര്‍മ്മപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.