ലണ്ടന്‍: ദശാബ്ദങ്ങളിലെ ഏറ്റവും മോശം ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്ന ഇംഗ്ലണ്ടില്‍ ഗ്യാസ്, വൈദ്യുതി ഉള്‍പ്പടെയുള്ള ഊര്‍ജ്ജ വിഭവങ്ങളുടെ വിലവര്‍ധനവ് പിന്‍വലിക്കണമെന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഒക്ടോബര്‍ മുതല്‍ ആറു മാസത്തേക്ക് ഊര്‍ജ വിലവര്‍ധനവ് നിയന്ത്രിക്കുമെന്നും വാതക കമ്പനികളുടെ ടാക്‌സ് നീട്ടി നല്‍കുമെന്നും ലേബര്‍ നേതാവ് കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.
ശരത്കാലത്ത് ഊര്‍ജ്ജ വിലവര്‍ധനവിനെ പിടിച്ചു നിര്‍ത്തും. ഊര്‍ജ്ജ ബില്ലുകളിലെ വര്‍ധനവ് പരിഹരിക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഇളവ് നല്‍കും. വിലവര്‍ധനവിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി ഉറവിടത്തില്‍ വച്ചുതന്നെ അതിന് പരിഹാരമാര്‍ഗം കാണുമെന്നും സ്റ്റാര്‍മര്‍ പറഞ്ഞു.
ബോറിസ് ജോണ്‍സണ് പകരാക്കാരായി പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നുള്ള വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, മുന്‍ ധനമന്ത്രി റിഷി സുനക് എന്നിവരില്‍ സമ്മര്‍ദ്ദം ചെലുത്തുകയെന്നതാണ് പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടിയുടെ ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം.
അതേസമയം ലേബര്‍ പാര്‍ട്ടിക്കിടയിലും അഭിപ്രായ ഭിന്നത ഉണ്ട്. ഓയില്‍, ഗ്യാസ് കമ്പനികളുടെ നികുതി നീട്ടി നല്‍കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ ഏകാഭിപ്രായമാണെങ്കിലും ഊര്‍ജ്ജ നിരക്ക് കുറയ്ക്കാന്‍ വിസമ്മതിക്കുന്ന കമ്പനികളെ താല്‍കാലികമായി ദേശസാല്‍ക്കരിക്കുന്നതിനോടാണ് വിരുധാഭിപ്രായങ്ങള്‍ ഉള്ളത്. ലേബര്‍ പാര്‍ട്ടിയുടെ മുന്‍ പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൗണ്‍ മുന്നോട്ട് വച്ച ഈ ആശയം കെയര്‍ സ്റ്റാര്‍മര്‍ അംഗീകരിച്ചിട്ടില്ല.
ഉക്രെയ്‌നിലെ അധിനിവേശത്തെത്തുടര്‍ന്ന് പശ്ചാത്യ രാജ്യങ്ങളിലേക്കുള്ള ഗ്യാസ് കയറ്റുമതി വെട്ടിക്കുറയ്ക്കാനുള്ള റഷ്യയുടെ നീക്കമാണ് യൂറോപ്പിലുടനീളം ഊര്‍ജ്ജ പ്രതിസന്ധിക്ക് കാരണമായത്. യുകെ യ്ക്ക് പുറമേ ഇറ്റലിയിലും ഫ്രാന്‍സിലും വൈദ്യുതി നിരക്കും ഗ്യാസ് നിരക്കും ഉയര്‍ന്നു. ഫ്രാന്‍സില്‍ നാല് ശതമാനത്തിലേറെ നിരക്ക് വര്‍ധനവാണുണ്ടായത്.
ഗ്യാസിനും വൈദ്യുതിക്കുമുള്ള ശരാശരി ബ്രിട്ടീഷ് വാര്‍ഷിക ബില്ലുകള്‍ ഒക്ടോബറില്‍ 3,582 പൗണ്ടിലേക്കും ജനുവരിയില്‍ 4,266 പൗണ്ടിലേക്കും ഉയരുമെന്നാണ് കോണ്‍വാള്‍ ഇന്‍സൈറ്റ് പ്രവചിക്കുന്നത്. ഈ വര്‍ഷം ആദ്യം വില പരിധി 1,277 പൗണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.