ഇ-സിഗരറ്റ് അഥവാ വേപ്പിംഗ് ഉപയോഗം ഓസ്‌ട്രേലിയയിലെ സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ വര്‍ധിക്കുന്നു; പഠന റിപ്പോര്‍ട്ട്

ഇ-സിഗരറ്റ് അഥവാ വേപ്പിംഗ് ഉപയോഗം ഓസ്‌ട്രേലിയയിലെ സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ വര്‍ധിക്കുന്നു; പഠന റിപ്പോര്‍ട്ട്

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ വിദ്യാര്‍ഥികള്‍ക്കിടെ ഇ-സിഗരറ്റ് അഥവാ വേപ്പിംഗ് ഉപയോഗം കൂടിവരുന്നതായി പഠന റിപ്പോര്‍ട്ട്. ഓസ്ട്രേലിയന്‍ ന്യൂസിലന്‍ഡ് ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരം. വിവിധ സ്‌കൂളിലെ 200 അധ്യാപകരിലാണ് സര്‍വേ നടത്തിയത്.

വിദ്യാര്‍ഥികളില്‍ ഇ-സിഗരറ്റിന്റെ ഉപയോഗം കൂടിവരുന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന് 80 ശതമാനം അധ്യാപകരും സാക്ഷ്യപ്പെടുത്തി. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ഇ-സിഗരറ്റ് ഉപയോഗം 27 ശതമാനം വര്‍ധിച്ചതായ കണ്ടെത്തലാണ് ഏറ്റവും ഗുരുതരം. വിദ്യാര്‍ഥികളുടെ മാനസിക ക്ഷേമം, സാമൂഹിക ഇടപെടലുകള്‍, കായിക പ്രകടനം എന്നിവയില്‍ 'തകര്‍ച്ച' ഉണ്ടായിട്ടുണ്ടെന്ന് പകുതിയിലധികം അധ്യാപകരും പറഞ്ഞു. ഇത് വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിച്ചിട്ടുണ്ട്. കുട്ടികളില്‍ അസ്വസ്ഥത, ക്ഷോഭം, ശ്രദ്ധയില്ലായ്മ എന്നിവ വര്‍ധിച്ചതായും അധ്യാപകര്‍ സാക്ഷ്യപ്പെടുത്തി.

എളുപ്പത്തില്‍ ലഭിക്കുമെന്നതിനാല്‍ കൗതുകത്തിന്റെ പേരിലാണ് 50 ശതമാനം കുട്ടികളും ഇ-സിഗരറ്റ് ഉപയോഗിക്കുന്നത്. ഇതില്‍ 46 ശതമാനം കുട്ടികളും ധരിച്ചുവച്ചിരിക്കുന്നത് സാധാരണ സിഗരറ്റിനേക്കാള്‍ ഇ-സിഗരറ്റ് ദോഷകരമല്ല എന്നാണ്. മറ്റുള്ളവരുടെ നിര്‍ബന്ധത്തിനും പ്രേരണയ്ക്കും വഴങ്ങി സിഗരറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 42 ശതമാനമാണ്.



ബോധവത്കരണം നടത്തിയും പുകവലിയുടെ ദോഷഫലങ്ങള്‍ ക്ലാസ് മുറികളിലും നോട്ടീസ് ബോര്‍ഡുകളിലും പ്രദര്‍ശിപ്പിച്ചും ഈ വിപത്തില്‍ നിന്ന് കുട്ടികളെ രക്ഷിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയും അധ്യാപകര്‍ മുന്നോട്ട് വയ്ക്കുന്നു. എന്നാല്‍ കുട്ടികള്‍ക്കിടയിലെ അപകടകരമായ ഈ പ്രവണതയ്‌ക്കെതിരെ മൂന്നിലൊന്ന് അധ്യാപകര്‍ മാത്രമേ പ്രതികരിക്കുകയോ ബോധവത്കരണം നടത്തുകയോ ചെയ്യുന്നുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്ലാസുകളുടെ ഇടവേളകളോ ഉച്ചഭക്ഷണ സമയമോ സ്‌കൂള്‍ വിടുന്ന സമയമോ ആണ് പുകവലിക്കായി കുട്ടികള്‍ തെരഞ്ഞെടുക്കുന്നത്. മിക്കവാറും ആളൊഴിഞ്ഞ സ്ഥലങ്ങളും മൈതാനങ്ങളും അടച്ചിട്ട മുറികളും കുളിമുറികളിലുമൊക്കെയാണ് ഇതിനായി ഇവര്‍ കണ്ടെത്തുന്നത്. കുളിമുറികളില്‍ നിന്ന് പുക ചുരുളുകള്‍ ഉയരുന്നത് അധ്യാപകര്‍ കാണുന്നുണ്ടെങ്കിലും വേണ്ട നടപടികള്‍ കൈക്കൊള്ളുന്നില്ല എന്നതാണ് ആക്ഷേപം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.