പത്തനംതിട്ട: ശിൽപി കോയിൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പത്തനംതിട്ടയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. നീരണിയൽ ചടങ്ങിൽ ആന്‍റോ ആന്‍റണി എം.പി, ചലച്ചിത്ര സംവിധായകൻ ബ്ലസി, നടൻ ലാലു അലക്സ് തുടങ്ങിയവർ പങ്കെടുത്തു.
അഞ്ച് അമരക്കാരും ഏഴ് താളക്കാരും രണ്ട് ഇടിക്കാരും 85 തുഴക്കാരുമുള്ള നിരണം ചുണ്ടന്റെ പണി, 168 ദിവസം കൊണ്ടാണ് പൂർത്തിയായത്. 128 അടി നീളമുള്ള ചുണ്ടനെ നിരണം ബോട്ട് ക്ലബാണ് നെഹ്റു ട്രോഫിയ്ക്ക് എത്തിക്കുന്നത്.
സെപ്റ്റംബർ നാലിന് നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക. ആറിന് നടക്കുന്ന മാന്നാർ ജലോത്സവത്തിലും മത്സരിക്കും. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ചിങ്ങം ഒന്നായ ഇന്ന് രാവിലെ 9.30നും 10.15നും മധ്യേ ശിൽപി കോയിൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ ഇരതോട് കടവിൽ നടന്നു.
ജറൂസലം മാർത്തോമ ദേവാലയത്തിൽ നിന്നു കുമിളകളും നിരണം സെന്‍റ് മേരീസ് വലിയ പള്ളിയിൽ നിന്നു ഇടിയനും നിരണം ബിലീവേഴ്സ് ദേവാലയത്തിൽ നിന്നു നിരണം ചുണ്ടന്‍റെ പേര് ആലേഖനം ചെയ്ത ചെമ്പ് പാളിയും മാലിക് ദിനാർ മസ്ജിദിൽ നിന്ന് വള്ളത്തിന്‍റെ കൂമ്പും നിരണം തൃക്കപാലീശ്വരം ക്ഷേത്ര സന്നിധിയിൽ നിന്നു അമരച്ചാർത്തും വെള്ളത്തിനായി ഏറ്റുവാങ്ങിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.