202 പേര്‍ കൊല്ലപ്പെട്ട ബാലി ഭീകരാക്രമണ പ്രതിയെ മോചിപ്പിക്കാന്‍ ഇന്തോനേഷ്യന്‍ നീക്കം; എതിര്‍പ്പുമായി ഓസ്‌ട്രേലിയ

202 പേര്‍ കൊല്ലപ്പെട്ട ബാലി ഭീകരാക്രമണ പ്രതിയെ മോചിപ്പിക്കാന്‍ ഇന്തോനേഷ്യന്‍ നീക്കം; എതിര്‍പ്പുമായി ഓസ്‌ട്രേലിയ

0 ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 88 ഓസ്ട്രേലിയക്കാര്‍
0 മോചിപ്പിക്കുന്നത് ഏഷ്യയിലെ മോസ്റ്റ് വാണ്ടഡ് തീവ്രവാദികളില്‍ ഒരാളെ

കാന്‍ബറ: ഇന്തോനേഷ്യയിലെ വിനോദസഞ്ചാര ദ്വീപായ ബാലിയില്‍ 88 ഓസ്ട്രേലിയക്കാര്‍ ഉള്‍പ്പെടെ 202 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിലെ മുഖ്യപ്രതി ശിക്ഷാ കാലാവധി തീരും മുന്‍പേ ജയില്‍ മോചിതനായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ച ഉമര്‍ പടേക്കാണ് ശിക്ഷയില്‍ 10 വര്‍ഷത്തെ ഇളവു നേടി ജയില്‍ മോചിതനാകുന്നത്.

2002-ല്‍ ലോകത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ 20-ാം വാര്‍ഷികത്തിന് രണ്ടു മാസം ശേഷിക്കെ, തീവ്രവാദ സംഘടനയിലെ അംഗമായിരുന്ന ഉമര്‍ പടേക് ഇന്തോനേഷ്യന്‍ ജയിലില്‍നിന്നു പുറത്തിറങ്ങുന്നതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി രംഗത്തെത്തി.

അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള ഇന്തോനേഷ്യന്‍ ഭീകര സംഘടനയായ ജെമാഹ് ഇസ്ലാമിയയുടെ മുന്‍ അംഗമാണ് 52 വയസുകാരനായ ഉമര്‍ പടേക്. ഏഷ്യയിലെ മോസ്റ്റ് വാണ്ടഡ് തീവ്രവാദികളില്‍ ഒരാളായാണ് ഇയാള്‍ കണക്കാക്കപ്പെട്ടിരുന്നത്.


2012-ല്‍ വെസ്റ്റ് ജക്കാര്‍ത്ത ജില്ലാ കോടതി ഉമര്‍ പടേക്കിനെ 20 വര്‍ഷം തടവിന് ശിക്ഷിച്ചപ്പോള്‍ (ഫയല്‍ ചിത്രം)

ബാലിയില്‍ നടന്ന ഇരട്ട ചാവേര്‍ ബോംബ് സ്ഫോടനത്തിന് ഉപയോഗിച്ച ഉപകരണങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ സഹായിച്ച കുറ്റത്തിനാണ് ഉമര്‍ പടേക് ജയിലിലായത്. 2012-ല്‍ ഇരുപതു വര്‍ഷത്തെ തടവിന് ശിക്ഷിച്ച പ്രതി 10 വര്‍ഷം മാത്രം ശിക്ഷയനുഭവിച്ചാണ് പുറത്തിറങ്ങുന്നത്.

ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 17-ന് രാജ്യത്തെ തടവുകാര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കുന്ന പതിവുണ്ട്. ഇന്തോനേഷ്യന്‍ നിയമമന്ത്രാലയത്തിന്റെയും കിഴക്കന്‍ ജാവയിലെ മനുഷ്യാവകാശ മേഖലാ ഓഫീസിന്റെയും ഇടപെടലിലാണ് മോചനം നേരത്തെ സാധ്യമാക്കിയത്.

ഇരകളുടെ കുടുംബങ്ങളോട് ക്ഷമാപണം നടത്തിയ ശേഷമാണ് അദ്ദേഹം ജീവപര്യന്തം തടവില്‍ ഇളവ് നേടിയതെന്നാണു റിപ്പോര്‍ട്ടുകള്‍. ഈ മാസം അവസാനം ഉമര്‍ ജയിലില്‍നിന്നു പുറത്തിറങ്ങും.

അതേസമയം, ഭീകരര്‍ സാധാരണയായി ശിക്ഷാ ഇളവിന് അര്‍ഹരല്ലെന്നും അദ്ദേഹത്തെ മോചിപ്പിക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും ഇന്തോനേഷ്യന്‍ ഉദ്യോഗസ്ഥര്‍ ഓസ്‌്രേടലിയന്‍ മാധ്യമമായ എ.ബി.സിയോട് പറഞ്ഞു. മോചനത്തിനായുള്ള അപേക്ഷയ്ക്ക് മന്ത്രിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. മന്ത്രി നിരസിച്ചാല്‍, ഉമര്‍ 2029 വരെ ജയിലില്‍ കഴിയേണ്ടി വരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.


2002-ല്‍ ബാലിയിലുണ്ടായ ഭീകരാക്രമണത്തിന്റെ ദൃശ്യം (ഫയല്‍ ചിത്രം)

2000-ലെ ക്രിസ്മസ് രാവില്‍ ജക്കാര്‍ത്തയിലെ പള്ളികളില്‍ 19 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ പങ്കാളിയായതിനും ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ബാലി സ്ഫോടനം. 2002 ഒക്ടോബര്‍ 12-ന്, കുട്ട ബീച്ചില്‍ വിനോദസഞ്ചാരികള്‍ തിങ്ങിനിറഞ്ഞ നിശാ ക്ലബ്ബിനുള്ളില്‍ ഒരു ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നിരവധി ആളുകള്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. മറ്റൊരു ചാവേര്‍ രണ്ട് നിശാ ക്ലബ്ബുകള്‍ക്കു മുന്നിലായി നിര്‍ത്തിയിട്ടിരുന്ന കാറില്‍ പൊട്ടിത്തെറിച്ചു. ഈ ഭീകരാക്രമണങ്ങളില്‍ 202 പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഓസ്‌ട്രേലിയയ്ക്ക് കനത്ത ആഘാതമേകി 88 പൗരന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്.


ബാലിയിലെ നിശാ ക്ലബില്‍ നടന്ന സ്ഫോടനത്തിന്റെ ദൃശ്യം (ഫയല്‍ ചിത്രം)

ഉമറിന്റെ അറസ്റ്റിലേക്കു നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അമേരിക്ക ഒരു മില്യണ്‍ ഡോളര്‍ പാരിതോഷികം അന്ന് വാഗ്ദാനം ചെയ്തിരുന്നു. അല്‍-ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ട പാകിസ്താന്‍ നഗരമായ അബോട്ടാബാദില്‍ ഒളിവില്‍ കഴിയവേയാണ് ഉമര്‍ 2011-ല്‍ പാക് അധികാരികളുടെ പിടിയിലായത്.

ഉമര്‍ പടേക്കിന്റെ ശിക്ഷ ഇളവു ചെയ്യാനുള്ള തീരുമാനത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസി രംഗത്തെത്തി. ഒരുപാടു പേരുടെ മരണത്തിന് കാരണക്കാരനായ പ്രതിയെ മോചിപ്പിക്കുന്നത് ദുരന്തത്തിനിരയായ ഓസ്ട്രേലിയക്കാരുടെ കുടുംബാംഗങ്ങളുടെ വേദന വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നയതന്ത്ര തലത്തില്‍ ഇക്കാര്യം ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇന്തോനേഷ്യന്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്നും അല്‍ബനീസി പറഞ്ഞു.


ബാലി ഭീകരാക്രമണത്തില്‍ മരിച്ച 88 ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ക്കു വേണ്ടി സിഡ്‌നിയിലെ കൂഗിയില്‍ നിര്‍മിച്ചിട്ടുള്ള സ്മാരകം

ഭീകരാക്രമണത്തിന്റെ 20-ാം വാര്‍ഷികത്തില്‍ ഓസ്ട്രേലിയയിലെ സിഡ്‌നിയിലുള്ള ബാലി സ്മാരകത്തില്‍ അനുസ്മരണച്ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.