ഫൊക്കാനയുടെ 2026 ലെ കൺവെൻഷൻ ന്യൂജേഴ്‌സിയിൽ വച്ചായിരിക്കണം : മുതിർന്ന നേതാവ് ടി.എസ് ചാക്കോ

ഫൊക്കാനയുടെ 2026 ലെ കൺവെൻഷൻ ന്യൂജേഴ്‌സിയിൽ വച്ചായിരിക്കണം : മുതിർന്ന നേതാവ് ടി.എസ് ചാക്കോ

യുവനേതാക്കന്മാർക്കായി മുതിർന്ന നേതാക്കന്മാർ വഴിമാറി കൊടുക്കട്ടെ

ന്യൂജേഴ്‌സി: 2026 ലെ ഫൊക്കാന കൺവെൻഷൻ ന്യൂജേഴ്‌സിയിൽ വച്ചായിരിക്കണമെന്ന് ഫൊക്കാനയുടെ ന്യൂജേഴ്‌സിയിൽ നിന്നുള്ള ഏറ്റവും തല മുതിർന്ന നേതാവും അഡ്വൈസറി ബോർഡ് ചെയർമാനുമായ ടി.എസ്. ചാക്കോ ആവശ്യപ്പെട്ടു. 2020 ൽ ന്യൂജേഴ്‌സിയിൽ നടക്കേണ്ടിയിരുന്ന കൺവെൻഷൻ കോവിഡ് മഹാമാരി മൂലം റദ്ദ് ചെയ്യേണ്ടി വന്ന സാഹചര്യത്തിൽ 2026 ലെ കൺവെൻഷൻ ന്യൂജേഴ്‌സിയിൽ തന്നെ നടത്തേണ്ടത് തികച്ചും ന്യായമായ ഒരു കാര്യമാണെന്നും ഫൊക്കാനയിലെ തന്നെ ഏറ്റവും പ്രായം കൂടിയ നേതാവു കൂടിയായ ടി. എസ് ചാക്കോ ചൂണ്ടിക്കാട്ടി.

2020 ന്യൂജേഴ്സിക്കു കിട്ടിയ അവസരം നഷ്ടമായത് മറ്റാരുടെയും കുറ്റംകൊണ്ടല്ലെന്നു സമ്മതിക്കുന്നു. ന്യൂജേഴ്‌സിയിൽ വൻകിട ഹോട്ടലുകൾ, വിശാലമായ കൺവെൻഷൻ ഹാളുകൾ, വിമാനത്താവളങ്ങൾ, റെയിൽവേ-ബസ് - പബ്ലിക്ക് ട്രാൻസ്‌പോർട്ടേഷൻ തുടങ്ങിയ ഏറെ സൗകര്യങ്ങളാണുള്ളത്. മാത്രമല്ല ന്യൂയോർക്ക് , പെൻസിൽവാനിയ, കണക്റ്റിക്കറ്റ് തുടങ്ങിയ സ്റ്റേറ്റുകളും ന്യൂജേഴ്സിയോട് ചേർന്നാണുള്ളത്. ട്രൈസ്റ്റേറ്റ് മേഖലയിലെയും ഡി. സി പോലുള്ള മറ്റു അയൽ സ്റ്റേറ്റുകളിലെയും അംഗങ്ങൾക്ക് റോഡു മാർഗവും എളുപ്പം എത്തിചേരാൻ കഴിയും. കാനഡക്കാർക്കും റോഡ് മാർഗം എത്തിച്ചേരാൻ കഴിയും. ഈ സ്റ്റേറ്റുളകളിലെ അംഗസംഘടനകളുടെ എണ്ണം ഫൊക്കാനയുടെ മൊത്തം അംഗസംഘടനകളുടെ പകുതിയിലധികം വരും.
കൺവെൻഷൻ നടത്താൻ കെൽപ്പുള്ള പ്രബലമായ അംഗസംഘടനകളാണ് ന്യൂജേഴ്സിക്കുള്ളതെന്ന് ന്യൂജേഴ്സിയിലെ തന്നെ ഏറ്റുവും ആദ്യത്തെ സാംസ്‌കാരിക സംഘടനയായ കേരള കൾച്ചറൽ ഫോറം (കെ.സി.എഫ്.) എന്ന സംഘടനയുടെ സ്ഥാപകൻ കൂടിയായ ചാക്കോ വ്യക്തമാക്കി. കെ.സി.എഫിന് പുറമെ ഏറെ കരുത്തരായ നേതാക്കന്മാരെ സംഭാവന ചെയ്യാൻ കഴിഞ്ഞ മഞ്ച്, നാമം എന്നീ സംഘടനകളും ഫൊക്കാനയുടെ കരുത്തരായ സംഘടനകളിൽ ഒന്നാണ്. പരസ്പരം സഹകരിച്ചും സാഹോദര്യത്തിലും കഴിയുന്ന ഈ മൂന്നു സംഘടനകളിലെയും നേതാക്കന്മാർ, തന്നെ ഒരു കാരണവരും ഗുരുസ്ഥാനീയനായുട്ടുമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂജേഴ്‌സിയിൽ ഒരു കൺവെൻഷൻ നടന്നു കാണണമെന്ന് തന്റെ വലിയ ആഗ്രഹമാണെന്ന് വാർദ്ധക്യത്തിന്റെ മൂർദ്ധന്യത്തിൽ നിൽക്കുന്ന ചാക്കോ പറഞ്ഞു. വൃക്ക തരാറിലായ അദ്ദേഹം ഇപ്പോൾ ഡയാലിസ് നടത്തിവരികയാണ്. വാർധക്യ സഹജമായ രോഗത്തിനിടയിലും ഏറെ കഷ്ട്ടപ്പെട്ട് ഫ്‌ലോറിഡയിൽ നടന്ന കൺവെൻഷനിൽ പങ്കെടുത്തിരുന്ന അദ്ദേഹം മിക്കവാറുമുള്ള എല്ലാ കൺവെൻഷനുകളിലെയും നിറ സാന്നിധ്യമായിരുന്നു. പ്രായം മുന്നോട്ടുപോകുന്നതിനാൽ തന്റെ ആഗ്രഹം എത്രയൂം വേഗം നടന്നു കാണണമെന്നാണ് ആഗ്രഹമെന്നും ന്യൂജേഴ്സിയിലെ എല്ലാ സംഘടനാ നേതാക്കൻമാരും തന്റെ ആഗ്രഹത്തെയും അഭിപ്രായത്തെയും മാനിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിവും പ്രാഗത്ഭ്യവും തെളിയിച്ച നിരവധി യുവ നേതാക്കന്മാരെ സംഭാവന ചെയ്യാൻ കഴിഞ്ഞ ന്യൂജേഴ്‌സിലെ അംഗസംഘടനകൾ ഫൊക്കാനയുടെ ഏറ്റവും അവിഭാജ്യ ഘടകമായ സംഘടനകളാണെന്നു പറഞ്ഞ ടി. എസ് ചാക്കോ ഇക്കഴിഞ്ഞ കമ്മിറ്റിയിൽ ഫൊക്കാനയുടെ സെക്രെട്ടറിയായിരുന്ന സജിമോൻ ആന്റണിയെപ്പോലുള്ള യുവ നേതാക്കൻമാരുടെ കടന്നു വരവ് ഫൊക്കാനയിൽ സൃഷ്ട്ടിച്ച ചലനങ്ങൾ ഏറെ സംഭവ ബഹുലമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. യുവത്വത്തിന്റെ പ്രസരിപ്പും സംഘടനാ നേതൃ പാടവവും കൊണ്ട് ഫൊക്കാനയെ വ്യത്യസ്ഥമായ തലത്തിലേക്ക് എത്തിക്കാൻ സജിമോൻ ആന്റണിയും മറ്റു യുവ നേതാക്കളും നടത്തിയ പ്രവർത്തനങ്ങൾ നേരിൽകണ്ടനുഭവിച്ചറിഞ്ഞ ഈ വയോധികനായ താൻ അവർക്കു മുൻപിൽ നമിക്കുകയാണെന്നും പറഞ്ഞു. യുവതലമുറയുടെ പ്രതീകമായ അവരിലൂടെ ഫൊക്കാനയെ പഴയ പ്രതാപത്തിൽ എത്തിക്കാൻ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഫൊക്കാനയിൽ യുവത്വത്തിന്റെ പ്രസരിപ്പ് പ്രകടമായി തുടങ്ങിയപ്പോഴാണ് വലിയ മാറ്റങ്ങളുടെ ശംഖൊലി നാദം മുഴങ്ങിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സജിമോൻ അന്റണിയെപ്പോലുള്ള പോലുള്ള യുവ നേതാക്കന്മാർ ഫൊക്കാനയെ നയിക്കേണ്ടത് കാലഘട്ടിന്റെ ആവശ്യമാണ്. ഇക്കഴിഞ്ഞ കൺവെൻഷൻ തൊട്ട് പിന്നോട്ട് യാത്ര ചെയ്താൽ കഴിഞ്ഞ കമ്മിറ്റിയുടെ കാലത്ത് ഫൊക്കാനയിൽ നടന്ന വലിയ ചലനങ്ങളിൽ സജിമോൻ ആന്റണി എന്ന യുവ നേതാവിന്റെ കരങ്ങൾ നടത്തിയ ചടുലമായ പ്രവർത്തനങ്ങൾ നേരിട്ടു മനസിലാകാൻ കഴിഞ്ഞ ഒരു മുതിർന്ന നേതാവെന്ന നിലയിൽ പറയട്ടെ, 2024 ൽ ഫൊക്കാനയുടെ പ്രസിഡണ്ട് ആയി സജിമോൻ വരുന്നത് ഫൊക്കാനയുടെ മുന്നോട്ടുള്ള പ്രയാണത്തിനു ഏറെ അനിവാര്യമാണെന്നും ഫൊക്കാനയെ ലോകത്തെ ഏറ്റുവും വലിയ സംഘടനകളുടെ സംഘടനയാക്കുവാനും ഉഗ്ര പ്രതാപത്തിൽ എത്തിക്കാനും കഴിയുമെന്നും ടി.എസ് ചാക്കോ വ്യക്തമാക്കി.
വാർധക്യത്തിലേക്ക് കടക്കും മുൻപ് തന്നെ നേതൃസ്ഥാനങ്ങൾ വേണ്ടെന്നു വച്ച ആളാണ്‌ താൻ. ഫൊക്കാനയെ വരും കാലങ്ങളിൽ നയിക്കാൻ നല്ല കഴിവും ചുറുചുറുക്കുമുള്ള യുവ നേതാക്കന്മാർ എത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യമാണെന്നും സീനിയർ നേതാക്കന്മാർ വഴിയൊരുക്കി കൊടുക്കണം. 40 വയസു തികയുന്ന ഫൊക്കാനയ്ക്കു കാതങ്ങൾ തികയ്ക്കാൻ ഇനിയുമുണ്ട് ഏറെ ബാല്യങ്ങൾ. അത് സാധൂകരിക്കണമെങ്കിൽ യുവ നേതാക്കന്മാരെ പ്രോത്സാഹിപ്പിക്കണം. അവർ നേതൃത്വത്തിലേക്ക് വരുന്നത് ഇന്നിന്റേയും നാളെയുടെയും ആവശ്യമാണ്. ഫൊക്കാനയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന മുതിർന്ന നേതാക്കൾ യുവ നേതാക്കന്മാർ നേതൃസ്ഥാനത്തേക്ക് കടന്നു വരാൻ അവർക്കായി വഴി മാറിക്കൊടുക്കണം. കാലഘട്ടത്തിന്റെ ആവശ്യങ്ങൾ എന്തെന്ന് നമ്മളെക്കാൾ കൂടുതൽ അറിയുന്നവർ യുവരക്തങ്ങളാണ്.

ഫൊക്കാന ഒരു വലിയ കുടുംബമാണ്. മക്കൾ വളരുമ്പോൾ കുടുംബത്തിന്റെ ഉത്തരവാദിത്വം അവർ ഏറ്റെടുക്കുന്നതുപോലെ ഫൊക്കാന എന്ന കുടുംബത്തിന്റെ ഉത്തരവാദിത്വവും അവർ ഏറ്റെടുക്കട്ടെ. കുടുംബത്തിലെ കാരണവന്മാരായ, മുതിർന്ന നേതാക്കന്മാരായ നമ്മൾക്ക് അവർ അർഹിക്കുന്ന അംഗീകാരം നൽകുക തന്നെ ചെയ്യുമെന്നാണ് അനുഭവങ്ങൾ തന്നെ പഠിപ്പിച്ചതെന്നും അദ്ദേഹം വ്യകത്മാക്കി. ഒരു മുതിർന്ന നേതാവെന്ന നിലയിൽ തന്റെ സ്വന്തം സംഘടനയായ കെ.സി.എഫിലെന്ന പോലെ മറ്റു സഹോദര സംഘടനകളിലെയും ഫൊക്കാനയിലെയും യുവ നേതാക്കന്മാർ എപ്പോഴും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യറുണ്ട്. കാരണവന്മാർ വീടിന്റെ വിളക്കാണെന്നാണല്ലോ പഴമൊഴി. അതുകൊണ്ടു തന്നെ അവർക്ക് വെളിച്ചം നൽകുന്ന വിളക്കായി, അവരുടെ വഴികാട്ടിയായി നമുക്ക് നിലകൊള്ളാം.
കഴിഞ്ഞ 40 വർഷമായി സാമൂഹിക- സാംസ്ക്കാരിക- സംഘടനാ രംഗത്ത് തിളങ്ങി നിൽക്കുന്ന ടി.എസ് ചാക്കോ ഫൊക്കാനയിലെ തന്നെ ഏറ്റവും തലമുതിർന്ന നേതാക്കന്മാരിൽ ഒരാളാണ്. തുടർച്ചയായി കിഡ്‌നി ഡയാലിസിസിനു വിധായനാകേണ്ടി വരുന്ന അദ്ദേഹം അനാരോഗ്യം പോലും കണക്കിലെടുക്കാതെ കഴിഞ്ഞ ഫൊക്കാന കൺവെൻഷ നിൽ പങ്കെടുത്തിരുന്നു. ഒരുപാട് നേതാക്കന്മാരുടെ ഗുരുസ്ഥാനീയനും പിതൃതുല്യനുമായ ടി.എസ് ചാക്കോയെ വേദിയിൽ വച്ച് പൊന്നാടയണിയിച്ചുകൊണ്ടാണ് ഫൊക്കാന നേതൃത്വം അദ്ദേഹത്തിന് ആദരവ് നൽകിയത്. തന്റെ മരണം വരെ ഫൊക്കാനയിൽ ഒരു അംഗമായി തുടരുമെന്ന പ്രതിജ്ഞയോടെയാണ് അന്ന് അദ്ദേഹം ഫൊക്കാന വേദിയെ അനശ്വരമാക്കിയത്. അമേരിക്കയിലെ മഹത്തായ മലയാളി സമൂഹത്തിനായി ഈ മഹത്തായ സംഘടനകളുടെ സംഘടനയിൽ അണിചേരാൻ എല്ലാ മലയാളികളോടും അഭ്യർത്ഥിക്കുകയാണെന്നും ടി.എസ്. ചാക്കോ ആഹ്വാനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.