കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാക്കള്‍ക്ക് ഹരിയാന നല്‍കുന്നത് ഒന്നര കോടി, യുപിയില്‍ ഒരു കോടി; കേരളത്തില്‍ വട്ടപ്പൂജ്യം

കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാക്കള്‍ക്ക് ഹരിയാന നല്‍കുന്നത് ഒന്നര കോടി, യുപിയില്‍ ഒരു കോടി; കേരളത്തില്‍ വട്ടപ്പൂജ്യം

തിരുവനന്തപുരം : കഴിഞ്ഞ വാരം സമാപിച്ച കോമൺവെൽത്ത് ഗെയിംസിൽ മെഡലുകൾ നേടിയ മലയാളി കായിക താരങ്ങൾക്ക് ഇതുവരെയും കേരള സർക്കാർ സമ്മാനത്തുക പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധമുയരുന്നു. മറ്റ് സംസ്ഥാനങ്ങൾ തങ്ങളുടെ മെഡലിസ്റ്റുകൾക്ക് കോടികൾ പ്രഖ്യാപിച്ചിട്ടും കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള ഒരു നീക്കം ഉണ്ടാകാത്തതാണ് പ്രതിഷേധത്തിന് കാരണം.

കഴിഞ്ഞവർഷം ടോക്കിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീം ഗോളി പി.ആർ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ വൈകിയതും വിവാദമായിരുന്നു. ഇതിനെ തുടർന്ന് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ രണ്ടു കോടി രൂപയാണ് ശ്രീജേഷിന് നൽകിയത്.

ഈ കോമൺവെൽത്ത് ഗെയിംസിൽ ആറ് മലയാളികൾ ചേർന്ന് ഏഴ് മെഡലുകളാണ് നേടിയത്. ഇതിൽ ഏറ്റവും പ്രധാനം ട്രിപ്പിൾ ജംപിലെ എൽദോസ് പോളിന്റെ സ്വർണമാണ്. മലയാളി താരങ്ങളായ അബ്ദുള്ള അബൂബേക്കർ ട്രിപ്പിൾ ജംപിലും ശ്രീശങ്കർ ലോങ്ങ് ജംപിലും ഓരോ വെള്ളി വീതം നേടി. വനിതാ ബാഡ്മിന്റൺ താരം ട്രീസ ജോളി 2 മെഡലുകളാണ് നേടിയത്. ടീം ഇവന്റിൽ വെള്ളിയും ഡബിൾസിൽ വെങ്കലവും. വെള്ളി നേടിയ പുരുഷ ഹോക്കി ടീമിൽ ശ്രീജേഷ് അംഗമായിരുന്നു. ദീപിക പള്ളിക്കൽ സ്ക്വാഷ് മിക്സഡ് ഡബിൾസിൽ വെങ്കലം നേടി. എന്നാൽ ചെന്നൈയിൽ താമസിക്കുന്ന ദീപികയ്ക്ക് കഴിഞ്ഞദിവസം തമിഴ്നാട് സർക്കാർ സമ്മാനം നൽകിയിരുന്നു.

മെഡൽ ജേതാക്കൾക്ക് ഹരിയാന കോടികളുടെ സമ്മാനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വർണ്ണത്തിന് 1.5 കോടി , വെള്ളിക്ക് 75 ലക്ഷം, വെങ്കലത്തിന് 50 ലക്ഷം എന്നിങ്ങനെയാണ് ഹരിയാന നൽകുന്നത്. യു.പി യിൽ ഇത് സ്വർണ മെഡൽ ജേതാക്കൾക്ക് ഒരുകോടി, 75 ലക്ഷം വെള്ളിക്ക്, വെങ്കലത്തിന് 50 ലക്ഷം എന്ന ക്രമത്തിലാണ്. പഞ്ചാബ് 75 ലക്ഷം 50 ലക്ഷം 40 ലക്ഷം എന്ന ക്രമത്തിൽ നൽകും . 

സംഭവത്തിൽ പ്രതിഷേധം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്. സ്വർണ്ണ മെഡൽ ജേതാവായ ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന്റെ വീട് സന്ദർശിച്ച ശേഷം യൂത്ത് കോൺഗ്രസ് നേതാവും എംഎൽഎയും ആയ കെ.എസ് ശബരിനാഥൻ ഫേസ്ബുക്കിൽ കുറിച്ചതും വൈറലായി. സ്പോർട്സ് മന്ത്രിക്ക് ഇതുവരെ എൽദോസിനെ നേരിട്ടെത്തി അഭിനന്ദിക്കാൻ സമയം കിട്ടാത്തതിനെ ശക്തമായ ഭാഷയിലാണ് ശബരിനാഥൻ വിമർശിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.