'ലൈംഗിക ദുരുപയോഗം തടയാന്‍ സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ ബോധവല്‍ക്കരണം ഉള്‍പ്പെടുത്തണം': ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്

'ലൈംഗിക ദുരുപയോഗം തടയാന്‍ സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ ബോധവല്‍ക്കരണം ഉള്‍പ്പെടുത്തണം': ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്

കൊച്ചി: ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവല്‍ക്കരണം സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. ഇത് സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇയ്ക്കും ജസ്റ്റിസ് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് നിര്‍ദ്ദേശം നല്‍കി.

വിദ്യാര്‍ത്ഥികളുടെ പ്രായത്തിനനുസരിച്ചുള്ള പദ്ധതി തയ്യാറാക്കണം എന്നാണ് കോടതിയുടെ നിര്‍ദ്ദേശം. രണ്ട് മാസത്തിനുള്ളില്‍ പാഠ്യക്രമം തയ്യാറാക്കണം. ഇതിന് വിദഗ്ധ സമിതിയെ രൂപീകരിക്കണമെന്നും അമേരിക്കയിലെ എറിന്‍സ് ലോയെ മാതൃകയാക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു.

പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം വിഷയമായി ഉള്‍പ്പെടുത്തുമ്പോള്‍ ഇത് മാര്‍ഗരേഖയായി സ്വീകരിക്കാമെന്നും ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി.

അതിനിടെ വിദ്യാലയങ്ങളില്‍ ലിംഗസമത്വം അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തടുത്ത് ഇരിക്കാന്‍ പാടില്ല എന്നൊരു പ്രസ്താവന നടത്തിയപ്പോള്‍ കുട്ടികള്‍ ഒരുമിച്ചിരുന്നാല്‍ എന്താണ് പ്രശ്‌നം എന്ന് പ്രതികരിച്ചിരുന്നു.

എന്നാല്‍ കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൂളുകളില്‍ സഹപഠനം തുടങ്ങുന്നതില്‍ നിലപാട് എടുത്തിട്ടുണ്ട്. അതില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ല. സ്‌കൂളുകള്‍ മിക്‌സഡ് ആക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് പിടിഎകളും തദ്ദേശ സ്ഥാപനങ്ങളുമാണെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

ജെന്‍ഡര്‍ ന്യൂട്രാലിറ്റി പാഠ്യപദ്ധതി സമീപന രേഖയുടെ കരടില്‍ നിന്ന് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഇടകലര്‍ത്തി ഇരുത്തണമെന്ന നിര്‍ദ്ദേശം ഇന്നലെയാണ് ഒഴിവാക്കിയത്. ലിംഗ സമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന തലക്കെട്ട് ഒഴിവാക്കി ലിംഗ നീതിയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന നിലയിലേക്ക് മാറ്റിയിട്ടുണ്ട്. പാഠ്യപദ്ധതിയുടെ സമീപനരേഖ തയാറാക്കുന്നതിന് മുന്നോടിയായി പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ചയ്ക്കായി വച്ച കരട് രേഖയിലാണ് മാറ്റം വരുത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.