സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര മഴ; കൊച്ചിയിലെ കനത്ത മഴയ്ക്ക് കാരണം മേഘ വിസ്ഫോടനം

സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര മഴ; കൊച്ചിയിലെ കനത്ത മഴയ്ക്ക് കാരണം മേഘ വിസ്ഫോടനം

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര മഴയ്ക്ക് സാധ്യതയെന്ന് ഐ.എം ഡി മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ആര്‍.കെ ജനമണി. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് മഴക്ക് സാധ്യത. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. 100 മില്ലിമീറ്റര്‍ മുതല്‍ 200 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

ഒന്നോ രണ്ടോ ജില്ലകളില്‍ അതിതീവ്ര മഴക്കും സാധ്യതയുണ്ട്. 200 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ എവിടെയും കിട്ടിയിട്ടില്ല. ചില ഇടങ്ങളില്‍ പെട്ടെന്ന് വലിയ വെള്ളക്കെട്ട് ഉണ്ടാകുന്നുണ്ട്. അതിനു വേറെയും കാരണങ്ങള്‍ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. മഴ നിശ്ചിത അളവില്‍ തന്നെ ആണ് പെയ്യുന്നത്. ഐ.എം.ഡി കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ടെന്നും ജനമണി പറഞ്ഞു.

അതേസമയം കൊച്ചി നഗരത്തില്‍ ശക്തമായ മഴയ്ക്ക് കാരണം ലഘു മേഘ വിസ്ഫോടനമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് മഴ. ഒന്നര മണിക്കൂറിനുള്ളില്‍ ഏഴു സെന്റീമീറ്റര്‍ വരെ മഴയാണ് കൊച്ചിയില്‍ പെയ്തതെന്ന് കുസാറ്റ് കാലാവസ്ഥ വിഭാഗം മേധാവി ഡോ. അഭിലാഷ് പറഞ്ഞു.
ഇത്തരം മഴ പ്രവചിക്കുന്നതിന് പരിമിതികളുണ്ട്. മൂന്നു ദിവസത്തേക്ക് കൂടി മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ആഗോള മഴപ്പാത്തി അറബിക്കടലിലേക്കും ബംഗാള്‍ ഉള്‍ക്കടലിലേക്കും പ്രവേശിക്കുന്ന സ്ഥിതിയാണ്. കൂടാതെ ബംഗാള്‍ ഉള്‍ക്കടല്‍ മുതല്‍ അറബിക്കടല്‍ വരെ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്.

ചക്രവാതച്ചുഴിയിലേക്ക് നീരാവി കലര്‍ന്ന വായു സംവഹിച്ച് കൂമ്പാര മേഘങ്ങള്‍ ഉണ്ടാകുന്നു. ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ പെയ്തത്. തുലാവര്‍ഷ സമയത്ത് കൂമ്പാര മേഘങ്ങളില്‍ നിന്നും കിട്ടുന്ന ഇടിയോടു കൂടിയ മഴയ്ക്ക് സാദൃശ്യമുള്ള മഴയാണ് ഇപ്പോള്‍ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നഗരത്തില്‍ പുലര്‍ച്ചെ പെയ്ത മഴയില്‍ വന്‍ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. നഗരത്തില്‍ റോഡുകള്‍ വെള്ളത്തില്‍ മുങ്ങിതോടെ ഗതാഗതം താറുമാറായി. നിരവദി വീടുകളിലും കടകളിലും വെള്ളം കയറി. സിഗ്‌നല്‍ തകരാറിലായതോടെ ട്രെയിന്‍ ഗതാഗതവും സ്തംഭിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.