'കെട്ടിട പെര്‍മിറ്റ് രണ്ടാക്കണം; ആദ്യ അനുമതി അടിത്തറയ്ക്ക് മാത്രം': അനധികൃത നിര്‍മ്മാണം തടയാന്‍ വിജിലന്‍സിന്റെ ശുപാര്‍ശ

'കെട്ടിട പെര്‍മിറ്റ് രണ്ടാക്കണം; ആദ്യ അനുമതി അടിത്തറയ്ക്ക് മാത്രം': അനധികൃത നിര്‍മ്മാണം തടയാന്‍ വിജിലന്‍സിന്റെ ശുപാര്‍ശ

തിരുവനന്തപുരം: കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് രണ്ട് ഘട്ടമായി നല്‍കാനും പെര്‍മിറ്റിനുള്ള പരിശോധന കര്‍ശനമാക്കാനും വിജിലന്‍സിന്റെ ശുപാര്‍ശ. അനധികൃത കെട്ടിട നിര്‍മ്മാണങ്ങളും കൈക്കൂലി വാങ്ങി അതിന് ഒത്താശ നല്‍കുന്ന തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ അഴിമതിയും തടയാനാണ് പുതിയ നീക്കം.

ആദ്യം അടിത്തറ പൂര്‍ത്തിയാക്കാനുള്ള അനുമതിയും പിന്നീട് തുടര്‍ നിര്‍മ്മാണത്തിനുള്ള അനുമതിയും നല്‍കണം. രണ്ടും കര്‍ശന പരിശോധനയ്ക്ക് ശേഷമായിരിക്കണം. വീടുകള്‍ക്കും വാണിജ്യ കെട്ടിടങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. ക്രമക്കേടുകള്‍ കണ്ടെത്താന്‍ രണ്ട് വര്‍ഷത്തിനിടെ നമ്പര്‍ നല്‍കിയ എല്ലാ കെട്ടിടങ്ങളുടെയും വിവരം ശേഖരിച്ച് പരിശോധിക്കണമെന്നും ശുപാര്‍ശയുണ്ട്.

നിലവില്‍ ബില്‍ഡിങ് പെര്‍മിറ്റിന് അപേക്ഷ ലഭിക്കുമ്പോഴും നിര്‍മ്മാണം പൂര്‍ത്തിയാക്കി ഒക്കുപ്പെന്‍സിക്ക് അപേക്ഷിക്കുമ്പോഴും മാത്രമാണ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുന്നത്. ആദ്യം സമര്‍പ്പിക്കുന്ന പ്ലാനിന് വിരുദ്ധമായാണ് ഭൂരിഭാഗം നിര്‍മ്മാണവും നടക്കുന്നതെന്നാണ് ആക്ഷേപം. നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം പൊളിക്കല്‍ പ്രായോഗികമല്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി കണ്ണടയ്ക്കും. ഇതാണ് അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് വളം വയ്ക്കുന്നത്.

ഓപ്പറേഷന്‍ ട്രൂ ഹൗസ്

ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അനധികൃത കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റും ഒക്കുപ്പെന്‍സിയും നല്‍കുന്നതിനെ പറ്റി പരാതികള്‍ വ്യാപകമായതോടെയാണ് വിജിലന്‍സ് രംഗത്തിറങ്ങിയത്. ആറ് കോര്‍പ്പറേഷനുകിലും 53 മുനിസിപ്പാലിറ്റികളിലും 'ഓപ്പറേഷന്‍ ട്രൂ ഹൗസ്' എന്ന പേരിലായിരുന്നു പരിശോധന. വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയ ശുപാര്‍ശ ഉടന്‍ തദ്ദേശ വകുപ്പിന് നല്‍കും.

ക്രമക്കേട് തടയാന്‍

പെര്‍മിറ്റിന് അപേക്ഷ ലഭിച്ചാല്‍ പരിശോധനയ്ക്ക് ശേഷം അനുവദിക്കുന്ന പെര്‍മിറ്റ് അടിസ്ഥാനം നിര്‍മ്മിക്കാന്‍ മാത്രമായിരിക്കണം.

അടിസ്ഥാനം പൂര്‍ത്തിയായാല്‍ എന്‍ജിനീയറിങ് വിഭാഗം പരിശോധിച്ച് പ്ലാന്‍ അനുസരിച്ചാണോ നിര്‍മ്മാണമെന്ന് ഉറപ്പാക്കി തുടര്‍ നിര്‍മ്മാണത്തിന് അടുത്ത പെര്‍മിറ്റ് നല്‍കണം.

നിര്‍മ്മാണം പൂര്‍ത്തിയായാല്‍ പരിശോധനയ്ക്ക് ശേഷം ഒക്കുപ്പെന്‍സി അനുവദിക്കണം.

മറ്റ് ശുപാര്‍ശകള്‍

ഓണ്‍ലൈനായി നികുതി അടയ്ക്കാന്‍ സൗകര്യം ഇല്ലാത്ത നഗരസഭകള്‍ അടിയന്തരമായി നടപ്പിലാക്കണം.

കെട്ടിടങ്ങളുടെ നികുതി പുനര്‍നിര്‍ണയിക്കുമ്പോള്‍ അനുവാദം വാങ്ങാതെ നടത്തിയ എക്സ്റ്റെന്‍ഷന്‍ വര്‍ക്കുകള്‍ പ്രത്യേകം പരിശോധിക്കണം. സെക്രട്ടറിമാര്‍ ഇത് ഉറപ്പാക്കണം.

300ചതുരശ്ര മീറ്ററിന് മുകളിലുള്ള കെട്ടിടങ്ങളുടെ പെര്‍മിറ്റ് മുതല്‍ ഒക്കുപ്പെന്‍സി വരെയുള്ള അപേക്ഷകള്‍ സര്‍ക്കാരിന്റെ ഇന്റലിജന്റ് ബില്‍ഡിങ് പ്ലാന്‍ മാനേജ്‌മെന്റ് സിസ്റ്റം (ഐ.ബി.പി.എം.എസ് ) സോഫ്റ്റ്വെയറിലൂടെയാകണം.

ഐ.ബി.പി.എം.എസിന്റെ കരാര്‍ ജീവനക്കാര്‍ സ്ഥിരം ജീവനക്കാരുടെ പാസ്വേര്‍ഡ് ഉപയോഗിക്കുന്നത് വിലക്കണം. കരാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക പാസ്വേര്‍ഡ് നല്‍കണം.

പെര്‍മിറ്റിന് സമാനമായി ഒക്കുപ്പെന്‍സി അപേക്ഷകരുടെ വിവരങ്ങളും രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.