ഓസ്‌ട്രേലിയയിലെ ഫെഡറല്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആന്റണി അല്‍ബനീസി പിന്തുണ തേടി സിഡ്‌നി ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍ ഒപി, സിഡ്നി കാത്തലിക് സ്‌കൂള്‍ ഡയറക്ടര്‍ ടോണി ഫാര്‍ലി, നാഷണല്‍ കാത്തലിക് എജ്യുക്കേഷന്‍ കമ്മീഷന്‍ ചീഫ് ജസീന്ത കോളിന്‍സ്, സെന്റ് മേരീസ് കത്തീഡ്രല്‍ കോളജ് പ്രിന്‍സിപ്പല്‍ മൈക്കിള്‍ കെല്ലെഹര്‍, സിഡ്നി ഫെഡറല്‍ അംഗം ടാനിയ പ്ലിബര്‍സെക് എന്നിവരെ സന്ദര്‍ശിച്ചപ്പോള്‍
കാന്‍ബറ: ഓസ്‌ട്രേലിയയില്‍ ഫെഡറല്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന തൊഴില്‍ ഉച്ചകോടിയില്‍ രാജ്യത്തെ ഏറ്റവും വലിയ സര്‍ക്കാരിതര തൊഴില്‍ദാതാവിന് അവഗണന. നിരവധി സ്ഥാപനങ്ങള്‍ നടത്തുന്ന കത്തോലിക്ക സഭയെ അവഗണിച്ചാണ് ആല്‍ബനീസി സര്‍ക്കാര്‍ ഉച്ചകോടി നടത്തുന്നത്.
തൊഴില്‍ രംഗത്തെ സമഗ്ര പരിഷ്‌കരണം ലക്ഷ്യമിട്ടാണ് രാജ്യതലസ്ഥാനമായ കാന്‍ബറയില്‍ സെപ്റ്റംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ദ്വിദിന ഉച്ചകോടി നടക്കുന്നത്. വേതനം ഉയര്‍ത്തല്‍, ഉല്‍പ്പാദനക്ഷമത വര്‍ധിക്കല്‍, തൊഴിലാളി ക്ഷാമം പരിഹരിക്കല്‍ എന്നിവ മുഖ്യ അജണ്ടയാകുന്ന ഉച്ചകോടിയില്‍ തൊഴിലുടമകള്‍, തൊഴിലാളികള്‍ എന്നിവര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും ചര്‍ച്ചയാകും.
മാന്യമായ തൊഴില്‍, സുരക്ഷിതവും ആരോഗ്യകരവുമായ തൊഴില്‍ സാഹചര്യങ്ങള്‍, തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് ഉച്ചകോടി നടത്തുന്നത്.
അതേസമയം, കേന്ദ്രസര്‍ക്കാര്‍ നേരിട്ടു നടത്തുന്ന ഉച്ചകോടിയില്‍ കത്തോലിക്കാ സഭയില്‍ നിന്നോ കത്തോലിക്കാ ഏജന്‍സികളില്‍ നിന്നോ പ്രതിനിധികളെ ക്ഷണിക്കാത്തത് പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
ഉച്ചകോടി നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് ഇതുവരെ അന്തിമമാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും ഓസ്ട്രേലിയന്‍ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സിനോ കാത്തലിക് സോഷ്യല്‍ സര്‍വീസസ് ഓസ്ട്രേലിയ പോലുള്ള പ്രധാന കത്തോലിക്കാ ഏജന്‍സികള്‍ക്കോ ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല.
അതേസമയം വ്യവസായികളായ ശതകോടീശ്വരന്മാരെയും വ്യവസായ-വാണിജ്യ സംഘടനകളുടെ തലവന്മാരെയും ഉള്‍പ്പെടെ പ്രധാനമന്ത്രി ആന്റണി അല്‍ബനീസി ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ബാങ്കിംഗ്, ഖനനം, കൃഷി തുടങ്ങി നിരവധി മേഖകളില്‍നിന്നുള്ള പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്ത് രണ്ടു ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന കത്തോലിക്ക സഭാ സ്ഥാപനങ്ങളിലെ ആര്‍ക്കും ഉച്ചകോടിയിലേക്ക് ക്ഷണമില്ലാത്തത് കടുത്ത അതൃപ്തിക്കു കാരണമായിട്ടുണ്ട്.
ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ കത്തോലിക്ക സഭയുടെ പിന്തുണ തേടിയെത്തിയ ആന്റണി അല്‍ബനീസി ഇപ്പോള്‍ രാജ്യത്തു നടക്കുന്ന പ്രധാനപ്പെട്ട പരിപാടിയില്‍ സഭയെ അവഗണിച്ചത് ശരിയായില്ലെന്ന് അഭിപ്രായപ്പെടുന്നവര്‍ നിരവധിയാണ്.
ഓസ്ട്രേലിയന്‍ കാത്തലിക് കൗണ്‍സില്‍ ഫോര്‍ എംപ്ലോയ്മെന്റ് റിലേഷന്‍സിന്റെ (എ.സി.സി.സി.ഇ.ആര്‍) 2017-ലെ കണക്കനുസരിച്ച്, ആരോഗ്യം, വിദ്യാഭ്യാസം, വയോജന പരിചരണം എന്നിവ ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ 220,000 ഓസ്ട്രേലിയക്കാര്‍ക്ക് സഭാ സ്ഥാപനങ്ങളില്‍ തൊഴില്‍ നല്‍കിയിട്ടുണ്ട്.
ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളിലൊന്നായ വൂള്‍വര്‍ത്ത് ഗ്രൂപ്പിനെക്കാളും തൊഴിലവസരങ്ങള്‍ സഭയുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.
കത്തോലിക്കാ സ്ഥാപനങ്ങളിലെ തൊഴിലാളികളില്‍ 77 ശതമാനവും സ്ത്രീകളാണെന്നതാണ് ശ്രദ്ധേയം. സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളേക്കാള്‍ പ്രതിബദ്ധതയോടെ സഭ പ്രവര്‍ത്തിച്ചിട്ടുള്ളതായി തൊഴില്‍ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
കത്തോലിക്കാ സാമൂഹിക സേവന മേഖലയിലെ പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടത് അനിവാര്യമാണെന്ന് കാത്തലിക് സോഷ്യല്‍ സര്‍വീസസ് ഓസ്ട്രേലിയയുടെ നേതൃത്വത്തിലുള്ള ഫ്രാന്‍സിസ് സള്ളിവനെ ഉദ്ധരിച്ച് കാത്തലിക് വീക്കിലി റിപ്പോര്‍ട്ട് ചെയ്തു.
തൊഴില്‍ ഉച്ചകോടി വന്‍കിട ബിസിനസുകാരിലേക്കും യൂണിയനുകളിലേക്കും മാത്രമായി ചുരുങ്ങുന്നതായി ഫ്രാന്‍സിസ് സള്ളിവന്‍ കുറ്റപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26